‘മണിച്ചിത്രത്താഴി’ലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കന്നഡ താരമാണ് ശ്രീധര്‍. ‘നാഗവല്ലി’യുടെ കാമുകനായ ‘രാമനാഥനാ’യാണ് അദ്ദേഹം മണിച്ചിത്രത്താഴിലെത്തിയത്. അതിനു ശേഷം അദ്ദേഹത്തെ അധികം മലയാളസിനിമയില്‍ കണ്ടിട്ടില്ലെങ്കിലും മലയാളികള്‍ ശ്രീധറിനെ ഓര്‍ത്തിരിക്കുകയും കാണുമ്പോള്‍ തിരിച്ചറിയുകയും ചെയ്യാറുണ്ട്. കന്നഡ താരമായ ശ്രീധര്‍ 65 സിനിമകളില്‍ നായകനായിട്ടുണ്ട്.
മണിച്ചിത്രത്താഴ് തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ പറ്റി പറയുകയാണ് ശ്രീധര്‍. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മലായാളികളില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും എന്റെ പേര് അറിയില്ല. അവരെന്നെ രാമനാഥന്‍ എന്നാണ് വളിക്കുന്നത്. യൂറോപ്പിലെ ഏതോ മാര്‍ക്കറ്റിലൂടെ പോകുമ്പോള്‍ അപ്പുറത്ത് നിന്നും ആരോ രാമാനാഥന്‍ എന്ന് വിളിച്ചു.
എനിക്ക് അത്ഭുതമായി. ഞാന്‍ നോക്കിയപ്പോള്‍ ഒരു കുടുംബം അവിടെ നില്‍ക്കുന്നുണ്ട്. അവരെന്നെ കൈ വീശി കാണിച്ചു. അപ്പോഴാണ് അവര്‍ എന്നെയാണ് വിളിക്കുന്നത് എന്ന് മനസിലായത്. ഞാന്‍ അവരുടെ അടുത്ത് പോയി സംസാരിച്ചു,’ അദ്ദേഹം പറഞ്ഞു.
‘മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 25 വര്‍ഷമായി. ഇപ്പോഴും സിനിമ കണ്ടിട്ട് ആളുകള്‍ എന്നെ വിളിക്കാറുണ്ട്. ഇത് സിനിമാ മേഖലയില്‍ അപൂര്‍വമാണ്. സാധാരണ ഒരു സിനിമയുടെ ആയുസ് പരമാവധി അഞ്ച് വര്‍ഷമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും മണിച്ചിത്രത്താഴ് പുതിയ ചിത്രത്തെ പോലെ മൂല്യവത്തായിരിക്കുന്നുണ്ടെങ്കില്‍ അത് അത്ഭുതമാണ്. ആദ്യമായി ഒരു സിനിമ കാണുന്നത്‌പോലെയാണ് മണിച്ചിത്രത്താഴ് എപ്പോള്‍ കണ്ടാലും. 25 വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ ആണെന്ന് തോന്നില്ല,’ ശ്രീധര്‍ പറഞ്ഞു.
‘ഞാന്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. കഥ, അവതരണശൈലി, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അസാധാരണമായ പ്രകടനം ഇതുകൊണ്ടെല്ലാം മലയാളം സിനിമകള്‍ മികച്ചുനില്‍ക്കുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭരത് ഗോപി എന്നിവരുടെ സിനിമകള്‍ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, അമരം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. അതുപോലെ മോഹന്‍ലാലിന്റെ ചിത്രം, കിരീടം, ഭരതം ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: sreedhar about manichithrathazu movie