| Monday, 14th February 2022, 10:17 pm

ആ മോഹന്‍ലാല്‍ ചിത്രം ആള്‍ക്കൂട്ട മനശാസ്ത്രം കാണിച്ചുതന്നു, ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ നല്‍കുന്നത് മലയാളം: ശ്രീധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിച്ചിത്രത്താഴില്‍ നാഗവല്ലിയുടെ പ്രേമഭാജനമായി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ശ്രീധര്‍. കന്നട താരമായ ഇദ്ദേഹം 65ഓളം ചിത്രങ്ങളില്‍ നായകനായിട്ടുണ്ടെന്നും പലര്‍ക്കും അറിയില്ല. മണിച്ചിത്രത്താഴിന് ശേഷം അദ്ദേഹത്തെ അധികം മലയാളസിനിമയില്‍ കണ്ടിട്ടില്ലെങ്കിലും മലയാളികള്‍ ശ്രീധറിനെ ഓര്‍ത്തിരിക്കുകയും കാണുമ്പോള്‍ തിരിച്ചറിയുകയും ചെയ്യാറുണ്ട്.

മലയാള ചിത്രങ്ങളുടെ ഒരു വലിയ ആരാധകനാണ് ശ്രീധര്‍. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നാണെന്ന് പറഞ്ഞ ശ്രീധര്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടെയും പല സിനിമകളേയും പറ്റിയുള്ള തന്റെ നിരീക്ഷണങ്ങളും പങ്കുവെച്ചു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആള്‍ക്കൂട്ട മനശാസ്ത്രം കാണിച്ചുതന്ന ഏറ്റവും മികച്ച സിനിമയാണ് കിരീടം. ഒരു സാഹചര്യത്തോട് ആളുകള്‍ പ്രതികരിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതം എങ്ങനെ തകര്‍ക്കപ്പെടുന്നു എന്ന് കിരീടം കാണിച്ചു തരുന്നു. കിരീടം അസാധാരണമായ ഒരു സിനിമ ആണ്.

അതുപോലെ ഭരതത്തിലും മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ സാര്‍ കാഴ്ചവെച്ചത്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ സിനിമകള്‍ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്,’ ശ്രീധര്‍ പറഞ്ഞു.

‘ഞാന്‍ ഒരുപാട് മലയാളം സിനിമകള്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തില്‍ നിന്നുമാണ്. കഥ, അവതരണശൈലി, യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, അസാധാരണമായ പ്രകടനം ഇതുകൊണ്ടെല്ലാം മലയാളം സിനിമകള്‍ മികച്ചുനില്‍ക്കുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ഭരത് ഗോപി എന്നിവരുടെ സിനിമകള്‍ മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍, അമരം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ്. അതുപോലെ മോഹന്‍ലാലിന്റെ ചിത്രം, കിരീടം, ഭരതം ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlight: sreedhar about kireedam movie

We use cookies to give you the best possible experience. Learn more