ഒരു ബിരിയാണിക്കഥയിലൂടെ കേരളത്തിലെ പുരുഷബോധങ്ങളെ മുഴുവന്‍ തുറന്നുകാട്ടുകയാണ് ശ്രീധന്യ കാറ്ററിങ്ങ് സര്‍വീസിലൂടെ ജിയോ ബേബി. വലിയ പ്രസംഗങ്ങളൊന്നുമില്ലാതെ ആണാഘോഷങ്ങളിലെ ഈഗോയും ആധിപത്യബോധവുമെല്ലാം ശ്രീധന്യ കാണിച്ചുതരും. സിറ്റുവേഷണല്‍ കോമഡികളും ഏറ്റവും നുറുങ്ങ് ഡയലോഗുകളിലൂടെ കടന്നുവരുന്ന നര്‍മ്മവുമായാണ് ജിയോ ബേബി ഇപ്രാവശ്യം എത്തിയിരിക്കുന്നത്.
മകളുടെ ഒന്നാം ബര്‍ത്ത്‌ഡേ ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി വെക്കാന്‍ തീരുമാനിക്കുന്ന ഷിനോയിയും അതിനുവേണ്ടി അയാള്‍ക്കൊപ്പം കൂടുന്ന സുഹൃത്തുക്കളും. അവര്‍ ഒരു രാത്രി വെള്ളമടിയും ബിരിയാണിവെപ്പുമായി നീങ്ങുന്നു. ഇതിനിടയില്‍ ഇവര്‍ ഓരോരുത്തരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും കടന്നുവരുന്നു. ഇതാണ് ശ്രീധന്യയുടെ പശ്ചാത്തലം.
ജിയോ ബേബിയുടെ എഴുത്തും സംവിധാനവും തന്നെയാണ് ശ്രീധന്യയുടെ നെടുംതൂണ്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ പുരുഷലോകത്തെ ഏറ്റവും അടുത്ത് നിന്ന് വീക്ഷിക്കാനും, ആ നിരീക്ഷണങ്ങളെ കൊട്ടിഘോഷിക്കാതെ എന്നാല്‍ ഏറ്റവും ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുമുള്ള തന്റെ കഴിവ് അദ്ദേഹം തെളിയിച്ചതാണ്. ശ്രീധന്യയിലും ഇത് കാണാം.
Content Highlight: Sreedhanya Catering Service Review