|

ജിയോ ബേബിയുടെ ശ്രീധന്യ കാറ്ററിങ് സര്‍വീസ്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശ്രീധന്യ കേറ്ററിങ്‌സ് റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ മാസം 26ന് തിയേറ്ററുകളില്‍ എത്തും. സംവിധായകന്‍ ജിയോ ബേബി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ജിയോ ബേബിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഈ ചിത്രത്തിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.

ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്, ബേസില്‍ സി.ജെ, സംഗീത സംവിധാനം മാത്യൂസ് പുളിക്കല്‍, കലാ സംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദ രൂപകല്പന ടോണി ബാബു, എം.പി.എസ്.ഇ, ഗാനരചന സുഹൈല്‍ കോയ, അലീ, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി. തലനാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അലക്‌സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ. റോയ്.

Content Highlight: Sreedhanya Catering Service movie by Jio Baby, Release date announced