ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്‌കാരം നാളെ
National
ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്‌കാരം നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2018, 10:49 pm

മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം ബോണി കപൂറിന്റെയും ശ്രീദേവിയുടെയും വസതിയില്‍ എത്തിക്കുന്നതിനായി കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് മുംബൈ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

ബോണി കപൂര്‍, സഞ്ജയ് കപൂര്‍, അര്‍ജുന്‍ കപൂര്‍, റീന മര്‍വ, സന്ദീപ് മര്‍വ എന്നിവരടക്കം പത്തു പേരാണ് മൃതദേഹത്തെ അനുഗമിച്ച് ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തിയത്. മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ബോണി കപൂറിന്റെ സഹോദരനും നടനുമായ അനില്‍ കപൂറും മുംബൈ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

നാളെയാണ് മുംബൈയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ക്യാമറകളും മറ്റും പുറത്ത് വച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. കര്‍മ്മങ്ങള്‍ നടക്കുന്ന വേദികളിലൊരിടത്തും ക്യാമറ അനുവദിച്ചിട്ടില്ല.

അതേസമയം ശ്രീദേവിയുടെ മരണത്തിന് കാരണം ശ്വാസ കോശത്തില്‍ വെള്ളം കയറിയത് തന്നെയാണെന്ന് ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ നീങ്ങിയതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനും ഇന്നുതന്നെ ഇന്ത്യയിലെത്തിക്കാനും തീരുമാനമായത്.

ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ശ്രീദേവിയുടെ ബന്ധുക്കള്‍ക്കും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും അധികൃതര്‍ കൈമാറിയിട്ടുണ്ട്. മരണം മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം ദിവസം മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.