മലയാള സിനിമയുടെ എക്കാലത്തെയും തീരാ നഷ്ടമാണ് നടി മോനിഷ. തന്റെ അഭിനയ ജീവിതത്തിലെ സുവർണ കാലഘട്ടത്തിലാണ് താരം നമ്മെവിട്ട് പിരിഞ്ഞത്. മകളെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളും ഓർമകളും പങ്കുവെക്കുകയാണ് അമ്മ ശ്രീദേവി ഉണ്ണി.
മോനിഷയെ എല്ലാ കലകളും അഭ്യസിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് ശ്രീദേവി പറഞ്ഞു. തനിക്ക് വലിയൊരു കലാകാരി ആകണമെന്നായിരുന്നു ആഗ്രഹമെന്നും മോനിഷയെ ഒരു മകൾ എന്നതിലുപരി ഒരു കലാകാരി ആയിട്ടാണ് കണ്ടിരുന്നതെന്നും ശ്രീദേവി പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീദേവി.
‘മോനിഷക്ക് മോഹിനിയാട്ടം അത്ര അറിവുണ്ടായിരുന്നില്ല, ഭരതനാട്യം, കഥക് എന്നിവയായിരുന്നു മോനിഷക്ക് ഇഷ്ടം. എല്ലാ കലകളും മോനിഷ ചെയ്ത് കാണണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഒഡിസ്സി, കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നീ വേഷങ്ങൾ അവളെക്കൊണ്ട് ചെയ്യിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ മകൾ മാത്രമായിട്ടല്ല ഞാൻ മോനിഷയെ കണ്ടിരുന്നത്, ഒരു കലാകാരി ആയിട്ടായിരുന്നു. മോനിഷയെ ഒരു വലിയ കലാകാരി ആയിട്ട് കാണാൻ ഒരമ്മ എന്ന നിലയിൽ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, കാരണം എനിക്കൊരു കലാകാരി ആകാൻ ആഗ്രഹമുണ്ടായിരുന്നു,’ ശ്രീദേവി പറഞ്ഞു.
മോനിഷക്ക് കമലദളം എന്ന ചിത്രം വളരെ പ്രിയപ്പെട്ടതായിരുന്നെന്നും ക്ലാസിക്കൽ ഡാൻസ് മുതൽ നാടോടി നൃത്തം വരെ ആ ചിത്രത്തിൽ മോനിഷ ചെയ്തിട്ടുണ്ടെന്നും ശ്രീദേവി പറഞ്ഞു.
‘കമലദളം എന്ന ചിത്രം മോനിഷക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം, ക്ലാസിക്കൽ ഡാൻസായ ഭരതനാട്യം മുതൽ നാടോടി നൃത്തം വരെ ആ ഒറ്റ സിനിമയിൽ അവൾ ചെയ്തിട്ടുണ്ട്. അത് മോനിഷയാണോ, ഞാൻ ആണോ കൂടുതൽ ആസ്വദിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല. അത്രക്ക് സന്തോഷം ആയിരുന്നു. സിനിമ മേഖലയിൽ എന്റെ മോൾക്ക് ഏറ്റവും കൂടുതൽ സാറ്റിസ്ഫാക്ഷൻ ഉണ്ടായ ചിത്രം കൂടിയാണ് കമലദളം. അത് എല്ലാവർക്കും അറിയാം,’ ശ്രീദേവി പറഞ്ഞു.
Content Highlights: Sreedevi Unni on Monisha