മോനിഷ ഈ ചിത്രത്തിൽ ചിരിച്ചിട്ടില്ല, അവൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിലും ഇതിലും മികച്ച ചിത്രം കിട്ടില്ലായിരുന്നു: ശ്രീദേവി ഉണ്ണി
Entertainment
മോനിഷ ഈ ചിത്രത്തിൽ ചിരിച്ചിട്ടില്ല, അവൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിലും ഇതിലും മികച്ച ചിത്രം കിട്ടില്ലായിരുന്നു: ശ്രീദേവി ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th May 2023, 10:46 pm

കമലദളം എന്ന ചിത്രത്തിന്റെ പേരുകേട്ടാൽ പ്രേക്ഷകർ ആദ്യം ഓർക്കുന്നത് മോനിഷ എന്ന നടിയെ ആണ്. കമലദളം എന്ന സിനിമയുടെയും തന്റെ മകളുടെയും ഓർമ്മകൾ പങ്കുവെക്കുകയാണ് അമ്മ ശ്രീദേവി.

കമലദളം എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ മോനിഷ ചിരിക്കുന്ന ഒരു സീൻ പോലും ഉണ്ടായിരുന്നില്ലെന്ന് ശ്രീദേവി ഉണ്ണി പറഞ്ഞു. ആ സിനിമക്ക് ശേഷം അത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ മോനിഷക്ക് സമയം ഉണ്ടായിരുന്നില്ലെന്നും മോനിഷക്ക് ഈ കമലദളത്തിൽ അഭിനയിച്ചതിൽ വളരെ സംതൃപ്തി ഉണ്ടായിരുന്നെന്നും ശ്രീദേവി പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീദേവി.

‘കമലദളത്തിൽ അഭിനയിക്കുമ്പോൾ മോനിഷക്ക് വളരെ സംതൃപ്തി ഉണ്ടായിരുന്നു. സിബി മലയിൽ ക്ലാസിക്കൽ ഡാൻസിനെ ആധാരമാക്കിയുള്ള ചിത്രം എങ്ങനെ എടുക്കുമെന്ന് ഒരു സംശയം ഉണ്ടായിരുന്നു. പിന്നീട്, ഷൂട്ടിങ് പുരോഗമിക്കുംതോറും വളരെ ആകാംഷയായിരുന്നു. ആ ചിത്രത്തിലെ കോസ്റ്റ്യുമുകൾ വളരെ മനോഹരമായിരുന്നു. അതിൽ വളരെ തൃപ്തിയുണ്ടായിരുന്നു മോനിഷക്ക്. പിന്നീട് അത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ അവൾക്ക് സമയവും കിട്ടിയില്ല,’ ശ്രീദേവി പറഞ്ഞു.

താൻ കമലദളത്തിൽ വളരെ തൃപ്തിയോടെയാണ് അഭിനയിച്ചതെന്ന് ഷൂട്ടിങ് കഴിഞ്ഞ്‌ സിബി മലയിലിനോട് മോനിഷ പറഞ്ഞെന്നും ചിത്രത്തിൽ മോനിഷ ചിരിക്കുന്ന രംഗങ്ങൾ കുറവാണെന്നും ശ്രീദേവി കൂട്ടിച്ചേർത്തു.

‘ഷൂട്ടിങ് കഴിഞ്ഞ്‌ മോൾ സിബി സാറിനോട് (സിബി മലയിൽ) പറഞ്ഞു അവൾക്ക് ചെയ്തതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ കഥാപാത്രമാണ് കമലദളത്തിലേതെന്ന്. അതിന് ഒരു കാരണവും ഉണ്ട്. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ്‌ മോനിഷയോട് വരാൻ പറഞ്ഞു, ഞാനും വരണമെന്ന് പറഞ്ഞു. ഈ ചിത്രത്തിലുടനീളം മോനിഷ ചിരിച്ചിട്ടില്ല, ഈ കഥാപാത്രത്തിന് ചിരി ഇല്ല. കൂടാതെ എന്റെ മുഖത്തും ആ ചിരി കണ്ടില്ലെന്നും അവർ പറഞ്ഞു. അമ്മയും മോളും ചിരിച്ചുകൊണ്ട് ക്യാമറ ഓഫ് ചെയ്യാമെന്ന് സിബി പറഞ്ഞു. ഇത് സിബിക്ക് ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല. മോൾ ചെന്ന് ലോഹിതദാസിനോടും പറഞ്ഞു ഈ കഥാപാത്രം വളരെ നല്ലതാണെന്ന്. മോനിഷ ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ടായിരുന്നെങ്കിൽ കൂടിയും ഇത്രയും മനോഹരമായ കഥാപാത്രം ലഭിച്ചിട്ടുണ്ടാകില്ല എന്ന് എനിക്ക് തോന്നുന്നു,’ശ്രീദേവി പറഞ്ഞു.

Content Highlights: Sreedevi Unni  on Monisha