Entertainment
ഭിക്ഷാടന മാഫിയക്ക് അറിയില്ലായിരുന്നു മമ്മൂക്കയാണെന്ന്, ഒരാള്‍ രക്ഷിക്കാന്‍ വരുന്നുണ്ടെന്നേ അറിയുകയുള്ളു; ആറാം വയസിലെ അനുഭവവുമായി ശ്രീദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 21, 04:47 am
Monday, 21st November 2022, 10:17 am

ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട് ആലുവ ജനസേവ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് മമ്മൂട്ടി കാരണം ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട കഥ ശ്രീദേവി പറഞ്ഞത്.

‘മമ്മൂക്കയെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഭിക്ഷയെടുക്കാന്‍ വേണ്ടി പോയതാണ്. വിശപ്പ് കൊണ്ട് ലൊക്കേഷനകത്തേക്ക് കയറി പോയി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കുന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു. മമ്മൂക്ക കുറേനേരം എന്റെ മുഖത്തേക്ക് നോക്കി. എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. പൊതുപ്രവര്‍ത്തകരെ വെച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയ ആണ് ഭിക്ഷക്ക് വിടുന്നതെന്നും അദ്ദേഹം അറിഞ്ഞു.

എന്തുണ്ടെങ്കിലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം, ഞാന്‍ പറയുന്ന സ്ഥലത്ത് കൊണ്ടാക്കണമെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ പോകില്ല, ഇവിടെ എവിടെയെങ്കിലും നിന്നുതന്നെ നിന്ന് പഠിച്ചോളാം, അതിനുള്ള സംവിധാനം ചെയ്തു തരാന്‍ പറ്റുമോ എന്ന് മമ്മൂക്കയോട് ചോദിച്ചു. പി.എ ആയ അഷ്‌റഫിക്കയെ വിളിച്ച് വേണ്ടത് ചെയ്യണം, ഇവിടെ നിന്നിട്ട് ശരിയായില്ലെങ്കില്‍ വേറെ സ്ഥലം നോക്കാമെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ എന്നെ ഒരു സ്കൂളില്‍ ചേര്‍ത്തു. സ്കൂളില്‍ പോകുന്ന സമയത്തും ഭിക്ഷാടന മാഫിയ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

സ്‌കൂളില്‍ ചേര്‍ത്തെങ്കിലും എനിക്ക് മലയാളം അറിയില്ലായിരുന്നു, തമിഴാണ് സംസാരിക്കുന്നത്. എനിക്ക് വേറെ എന്തെങ്കിലും സൗകര്യം ഒരുക്കുന്നതായിരിക്കും നല്ലതെന്ന് ടീച്ചര്‍ അഷറഫിക്കയോട് പറഞ്ഞു. മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

അദ്ദേഹത്തിന്റെ കെയര്‍ ഓഫില്‍ തന്നെ കാര്യങ്ങള്‍ ഏറ്റെടുത്തു, ഞാന്‍ അവിടെ എത്തുന്നത് വരെ എന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ എനിക്ക് സന്തോഷമായി. ഒരുപാട് കുട്ടികളെയും അമ്മമാരേയും കണ്ടു.

ജനസേവയുടെ ചെയര്‍മാന്‍ ജോസ് മാവേലി എന്നെ വന്നു കണ്ടു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞയച്ച കുട്ടിയാണെന്ന് അറിഞ്ഞു. ഭിക്ഷാടന മാഫിയക്ക് അറിയില്ലായിരുന്നു മമ്മൂക്കയാണ് ഇതിന്റെ പിന്നിലെന്ന്. ഒരാള്‍ രക്ഷിക്കാന്‍ വരുന്നുണ്ടെന്നേ അറിയുകയുള്ളായിരുന്നു. അഷ്‌റഫിക്ക ഇടക്ക് ജനസേവ കേന്ദ്രത്തില്‍ വന്ന് അന്വേഷിക്കും. മമ്മൂക്കയെ പോലുള്ള ആളുകള്‍ സമൂഹത്തില്‍ വേണം,’ ശ്രീദേവി പറഞ്ഞു.

ആലുവ ജനസേവ ശിശു ഭവനിലെ ജീവനക്കാരി ഇന്ദിര ശബരിനാഥും ശ്രീദേവിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. 2003ലാണ് ശ്രീദേവി ആലുവ ജനസേവ ശിശുഭവനില്‍ എത്തുന്നത്. മലപ്പുറം മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരാണ് കൊണ്ടുവരുന്നത്. ആറേഴുവയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. 18 വയസുവരെ ശ്രീദേവിയെ ജനസേവ കേന്ദ്രത്തില്‍ താമസിപ്പിച്ചു. 18 വയസായപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം വിവാഹം കഴിപ്പിച്ചുകൊടുത്തു, ഇന്ദിര പറഞ്ഞു.

Content Highlight: Sreedevi talks about the story of mammootty rescued her from a mafia