ലോസ് ആഞ്ചലസ്: ചലച്ചിത്രലോകത്തെ തീരാനഷ്ടങ്ങളായ താരങ്ങള്‍ക്ക് ഓസ്‌കാര്‍വേദിയില്‍ എന്നും സ്ഥാനമുണ്ട്. ഇത്തരത്തില്‍ തിരശ്ശീലയ്ക്ക് പിന്നിലേക്കുപോകുന്ന താരങ്ങളെ വേദിയില്‍ ആദരിക്കുന്നത് പതിവാണ്.
ഇത്തവണത്തെ ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്ത് നിന്ന് ഈയടുത്ത് വിടപറഞ്ഞ താരം ശ്രീദേവിയെ ആദരിച്ചു. കഴിഞ്ഞയാഴ്ച ദുബൈയില്‍ വച്ചാണ് താരം മരിച്ചത്. 300 ലധികം ചിത്രങ്ങളിലഭിനയിച്ച നടിക്ക് ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ണീരോടെയാണ് വിടനല്‍കിയത്.
ഇതിനുപിന്നാലെയാണ് ഹോളിവുഡും ശ്രീദേവിയെ ആദരിച്ചത്. ശ്രീദേവിയെക്കൂടാതെ നടനും നിര്‍മ്മാതാവുമായ ശശി കപൂറിനെയും ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ ആദരിച്ചു. കഴിഞ്ഞ മെയ്മാസത്തിലാണ് 89 കാരനായ ശശി കപൂര്‍ ഓര്‍മ്മയായത്.
അതേസമയം ഹോളിവുഡ് ത്രില്ലറായ സൈലന്‍സ് ഓഫ് ലാമ്പ് അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജൊനാഥന്‍ ഡമ്മേയും ഓസ്‌കാര്‍വേദിയില്‍ ആദരിച്ചിരുന്നു.
1968 മുതല്‍ ഹോളിവുഡില്‍ സോംബി ചിത്രങ്ങളുടെ പരീക്ഷണങ്ങളിലൂടെ പ്രശസ്തനായ ജോര്‍ജ്ജ് റൊമേറയേയും ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്‌കാരവേദിയില്‍ ആദരിച്ചു. അമേരിക്കന്‍ സിനിമയില്‍ സോംബി ചിത്രങ്ങള്‍ക്ക് പ്രചോദനമാവുന്ന മറ്റൊരു സംവിധായകന്‍ ഉണ്ടാവില്ല. കൂടാതെ സഹനടനായി അറിയപ്പെട്ട ഹാരി ഡീ സ്റ്റാന്റ്റനേയും വേദിയില്‍ ഓര്‍മ്മിച്ചു.