കൊല്ലം: ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയ ശ്രീദേവ് സോമന്‍ യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി. കഴിഞ്ഞ ദിവസം ശ്രീദേവ് തന്നെയാണ് താന്‍ കൊല്ലം ജില്ല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ശ്രീദേവ് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
പ്രസഡിന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കുറഞ്ഞ വോട്ടുകള്‍ ലഭിക്കുന്നവര്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമാകുന്നതാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ രീതി. ഈ രീതിയില്‍ തന്നെയാണ് ശ്രീദേവ് സോമനും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായി ഇടപെടാറുള്ള ശ്രീദേവ് സോമന്റെ നിലപാടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ഇത്തരം നിലപാടുകളുടെ പേരില്‍ നേതാക്കള്‍ അദ്ദേഹത്തെ തള്ളിപ്പറയാറുമുണ്ട്.
നേരത്തെ കെ.എസ്.യുവിലുണ്ടായിരുന്ന സമയത്ത് അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എം. അഭിജിതും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് പിടിയിലായ സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയ ശ്രീദേവ് സോമന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ശ്രീദേവ് സോമന്റെ നേട്ടത്തില്‍ അദ്ദേഹം അംഗമായിരിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിള്‍ ചര്‍ച്ചകള്‍ സജീവം. ഈ ഗ്രൂപ്പുകളില്‍ എല്ലായിപ്പോഴും പോസ്റ്റുകളുമായെത്തുന്ന വ്യക്തിയാണ് ശ്രീദേവ് സോമന്‍. ഈ ഗ്രൂപ്പുകളില്‍ തന്നെ തെരഞ്ഞെടുത്തവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ശ്രീദേവ് പോസ്റ്റുകളിട്ടിരുന്നു.
വിവിധ വിഷയങ്ങളില്‍ കൈകൊണ്ടിട്ടുള്ള നിലപാടുകള്‍ കൊണ്ടും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ശ്രീദേവ് സോമന്‍. കെ.എസ്.യുവില്‍ ഉണ്ടായിരുന്ന സമയത്തും അദ്ദേത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും നിലപാടുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു കെ.എം. അഭിജിതിന് പോലും അദ്ദേഹത്തെ തള്ളിപ്പറയേണ്ടിയും വന്നിരുന്നു.
ഫേസ്ബുക്കില്‍ എല്ലാവരും തനിക്ക് റിക്വസ്റ്റ് അയക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശ്രീദേവ് സോമന്റേ പോസ്റ്റ് വലിയ രീതിയില്‍ പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു. ഇടക്ക് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ റീച്ച് കുറഞ്ഞെന്നും എല്ലാവരും തന്നെ പോക്ക് ചെയ്യണമെന്നും പറഞ്ഞുകൊണ്ടുള്ള ശ്രീദേവിന്റെ പോസ്റ്റുകളും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്.
വിവിധ പരിപാടികളില്‍ പങ്കെടുത്ത് കൊണ്ട് നേതാക്കള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും അത് ഫേസ്ബുക്കില്‍ പങ്കുവെക്കുകയുമാണ് ശ്രീദേവിന്റെ സ്ഥിരം ശൈലി. എന്നാല്‍ ചില വിവാദ വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാടെടുത്ത് ശ്രീദേവ് ചര്‍ച്ചകളില്‍ നിറയുമ്പോള്‍ അത്തരം ഫോട്ടോകള്‍ പിന്‍വലിക്കാന്‍ പല നേതാക്കളും ആവശ്യപ്പെടാറുണ്ട്.
ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്ന മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ കടുത്ത നിലപാടുകളെടുത്ത വ്യക്തി കൂടിയാണ് ശ്രീദേവ് സോമന്‍. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം മറുനാടന്‍ മലയാളിയെ പിന്തുണച്ചപ്പോള്‍ ശ്രീദേവ് സോമന്റെ നിലപാട് വ്യത്യസ്തമായിരുന്നു. ഏറ്റവുമൊടുവില്‍ കളമശ്ശേരി സ്‌ഫോടനത്തില്‍ മുസ്‌ലിം വിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ച ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യണമെന്നും ശ്രീദേവ് ആവശ്യപ്പെട്ടിരുന്നു.
മുസ്‌ലിം വിഷയങ്ങളില്‍ കൃത്യമായി നിലപാടെടുക്കുന്ന ശ്രീദേവ് സോമന്‍ കടുത്ത സംഘപരിവാര്‍ വിരോധിയുമാണ്. അബ്ദുന്നാസര്‍ മഅ്ദനിയെ പിന്തുണക്കുന്ന വ്യക്തി കൂടിയാണ് ശ്രീദേവ് സോമന്‍. മഅ്ദനി തിരിച്ച് നാട്ടിലെത്തുന്ന സമയത്ത് ശ്രീദേവ് സോമന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നിറയെ മഅ്ദനിയെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റുകളുണ്ടായിരുന്നു.
content highlights: Sreedev Soman Youth Congress district general secretary welcomed Savad