'മെമ്പര്‍ഷിപ്പില്ലാത്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കല്‍ പ്രായോഗികമല്ല'; ശ്രീദേവ് സോമനുമായി കെ.എസ്.യുവിന് ബന്ധമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന നേതൃത്വം
K.S.U
'മെമ്പര്‍ഷിപ്പില്ലാത്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കല്‍ പ്രായോഗികമല്ല'; ശ്രീദേവ് സോമനുമായി കെ.എസ്.യുവിന് ബന്ധമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th January 2018, 7:36 pm

കോഴിക്കോട്: കെ.എസ്.യുവിന്റെ വക്താവെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകളിടുന്ന ശ്രീദേവ് സോമനെ തള്ളിപ്പറഞ്ഞ് കെ.എസ്.യു സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ശ്രീദേവ് സോമന്റെ അഭിപ്രായപ്രകടനങ്ങള്‍ കെ.എസ്.യുവിന്റെ അഭിപ്രായമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ.എസ്.യുവിന്റെ സംഘടനാരൂപത്തില്‍ ഒരുതലത്തിലും പ്രവര്‍ത്തിക്കുന്ന ആളല്ല ശ്രീദേവ് സോമന്‍. അതുകൊണ്ടു തന്നെ ഇദ്ദേഹം നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ കെ.എസ്.യുവിനു യാതൊരു ബന്ധവുമില്ലെന്നും അഭിജിത്ത് വ്യക്തമാക്കി.


Also Read: വിദേശയാത്രകളില്‍ മോദിയുടെ കൂടെ പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണര്‍


ഇദ്ദേഹത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. സംഘടനയില്‍ ഒരു ഭാരവാഹിത്വമോ, മെംബര്‍ഷിപ്പോ ഇല്ലാത്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കല്‍ പ്രായോഗികമല്ലെന്ന് സൂചിപ്പിക്കുന്നുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീദേവ് സോമനുള്‍പ്പെടെയുള്ളവരാണ് മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനെതിരെ ഫേസ്ബുക്കില്‍ അപവാദപ്രചരണം നടത്തിയത്. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലുള്‍പ്പെടെ കെ.എസ്.യുവിന്റെ പ്രതിരോധകനെന്ന നിലയില്‍ പോസ്റ്റുകളിടുന്ന ശ്രീദേവ് സോമനെ സ്വയം പരിഹാസ്യനാകുന്നയാളായാണ് ഭൂരിഭാഗം പേരും കാണുന്നത്.


Don”t Miss: മാര്‍ത്താണ്ഡവര്‍മ്മയാകാനുള്ള യാത്ര തുടങ്ങി ‘ബാഹുബലി വില്ലന്‍’; റാണ ദഗുബതി തിരുവനന്തപുരത്തെത്തി (Watch Video)


മുന്‍പ് “ശ്രീദേവിനെ വിളിക്കൂ കെ.എസ്.യുവിനെ രക്ഷിക്കൂ” എന്ന സചിത്ര പോസ്റ്റര്‍ പ്രചരിപ്പിക്കാനായി ശ്രീദേവ് തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സന്ദേശങ്ങള്‍ അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നിരുന്നു. “#WeSupportSreedev” എന്ന ഹാഷ്ഗാഗോടു കൂടിയാണ് ശ്രീദേവ് പോസ്റ്റ് അയച്ചത്. ഇത് പോസ്റ്റ് ചെയ്യണമെന്നും താന്‍ പറഞ്ഞിട്ടാണ് ചെയ്യുന്നത് എന്ന് ആരോടും പറയരുതെന്നും ശ്രീദേവ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് അയച്ച മെസേജില്‍ ആവശ്യപ്പെട്ടിരുന്നു.

കെ.എസ്.യു പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

“ശ്രീദേവ് സോമന്‍” എന്ന വ്യക്തി ചില അഭിപ്രായപ്രകടനങ്ങള്‍ നവമാധ്യമങ്ങളില്‍ നടത്തുന്നത് ശ്രദ്ധയില്‍വരാറുണ്ട്.. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അവ KSU വിന്റെ അഭിപ്രായമാണെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്.. ഇത്തരം മാധ്യമങ്ങളുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
KSUവിന്റെ സംഘടനാരൂപത്തില്‍ ഒരുതലത്തിലും പ്രവര്‍ത്തിക്കുന്ന ആളല്ല “ശ്രീദേവ് സോമന്‍”. അതുകൊണ്ട്തന്നെ ഇദ്ദേഹം നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ KSUവിനു യാതൊരു ബന്ധവുമില്ല.
ഇദ്ദേഹത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്, സംഘടനയില്‍ ഒരു ഭാരവാഹിത്വമോ, മെംബര്‍ഷിപ്പോ ഇല്ലാത്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കല്‍ പ്രായോഗികമല്ലെന്ന് സൂചിപ്പിക്കുന്നു.