| Thursday, 15th November 2018, 5:58 pm

പുനപരിശോധനാ ഹരജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന ശ്രീധരന്‍പിള്ളയുടെ വാദം തെറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുനപരിശോധനാ ഹരജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാദം തെറ്റെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍.

“പുനപരിശോധനാ ഹരജിയില്‍ കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആ നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ അവര്‍ക്ക് വിധി നടപ്പാക്കാതെ ജനുവരി 22ാം തിയ്യതി വരെ യുവതീ പ്രവേശനം നിര്‍ത്തിവച്ചു കാത്തിരിക്കാം. അത് ചെയ്യാത്തത് ദുരുദ്ദേശത്തോടെയാണെന്നും ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കാനും തകര്‍ക്കാനുമാണ് ശ്രമം” എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. ഈ വാദത്തെ തള്ളിയാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.


പുനപരിശോധനാ ഹരജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നു.  “സുപ്രീം കോടതി പുനപരിശോധനാ ഹരജികളിലോ റിട്ട് ഹരജികളിലോ ഇതുവരെയും നോട്ടീസ് അയച്ചിട്ടില്ല. പുനപരിശോധനാ ഹരജികള്‍ സ്വീകരിക്കണോ എന്നതില്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് തീരുമാനിച്ചത്.

തുറന്ന കോടതിയില്‍ വാദത്തിനുള്ള അപേക്ഷ മാത്രമേ ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ളൂ. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടില്ല. അങ്ങനെ ഒരു വരിപോലും ഉത്തരവില്‍ ഇല്ല. സുപ്രീം കോടതിയിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശിനേയും ദേവസ്വം ബോര്‍ഡ് അഭിഭാഷകനെയും ബന്ധപ്പെട്ടപ്പോള്‍ അവരും പറയുന്നത് നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ്.

ഉത്തരവില്‍ ഇല്ലാത്ത നോട്ടീസ് എങ്ങനെ കിട്ടുമെന്നാണ്. അഭിഭാഷകര്‍ ഇന്ന് ഈ പ്രസ്താവനയ്ക്ക് ശേഷം സുപ്രീം കോടതി രജിസ്ട്രിയില്‍ പോയി അന്വേഷിച്ചപ്പോള്‍ രജിസ്ട്രിയും ഇക്കാര്യമാണ് സ്ഥിരീകരിക്കുന്നത്. റിട്ട് ഹര്‍ജികളിലും നോട്ടീസ് ഇല്ല. സെപ്റ്റംബര്‍ 28ലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേയും ഇല്ല”- സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നു.


അതേസമയം, സി.പി.ഐ.എമ്മിന്റെ ഭരണഘടനയല്ല, ഇന്ത്യന്‍ ഭരണഘടനയാണ് വലുതെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. സര്‍വകക്ഷി യോഗം പരാജയപ്പെട്ടതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. നിയമവാഴ്ച കുഴിച്ചുമൂടി നിരീശ്വരവാദം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികള്‍ ശബരിമലയുടെ കാര്യത്തില്‍ എന്ത് തീരുമാനിക്കുന്നുവോ ബി.ജെ.പി അതിനൊപ്പമുണ്ടാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. പരിഹാസ്യമായിരുന്നു സര്‍വകക്ഷി യോഗം. സര്‍വകക്ഷി യോഗത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് എ.കെ.ജി സെന്ററില്‍ നിന്നാണ്. അതിനനുസരിച്ച് അവര്‍ ആടുകയാണ് ചെയ്തത്. അഹങ്കാരത്തിന്റെ ഭാഷയിലാണ് സര്‍ക്കാര്‍ സംസാരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more