| Thursday, 25th October 2018, 9:20 am

ആരാണ് ക്ഷേത്രധ്വംസകര്‍, ആരാണ് വിശ്വാസി, രാഹുല്‍ ഈശ്വരിന്റെ ഈ വാക്കുകള്‍ തെളിവാണ്

ശ്രീചിത്രന്‍ എം.ജെ

രാഹുല്‍ ഈശ്വറിന്റെ പ്ലാന്‍ ബി ഞെട്ടലോടെയാണ് കേട്ടത്. ഇത്തരമെന്തും ചെയ്യാന്‍ ഇവര്‍ക്ക് മടിയുണ്ടാകുമെന്ന് മുന്‍പും തോന്നാത്തതു കൊണ്ട് അത്ഭുതമൊന്നുമില്ല. എന്നാല്‍ അതു അഭിമാനകരമായൊരു കാര്യമെന്ന മട്ടില്‍ പൊതുജന സമക്ഷം അവതരിപ്പിക്കുന്ന ആ ഉളുപ്പില്ലായ്മയിലാണ് ഞെട്ടല്‍.

സന്നിധാനത്തില്‍ രക്തം വീണാല്‍ അശുദ്ധമാകുമെന്ന തന്ത്രവിധിപ്രകാരം അശുദ്ധിയുണ്ടാക്കി ശബരിമലയിലെ സ്ത്രീ പ്രവേശം തടയാന്‍ അവിടെ ആള്‍ക്കാര്‍ നില്‍പ്പുണ്ടായിരുന്നു എന്ന പ്ലാന്‍ ബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനം ആഗമശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്ന പ്രകാരശുദ്ധി, ബിംബശുദ്ധി എന്നിങ്ങനെയുള്ള സങ്കല്‍പ്പനങ്ങളാണ്. അമ്പലത്തിന് ചുറ്റുമുള്ള പൂര്‍വ്വ നിശ്ചിതമായ ഒരു സ്ഥലപരിധിയാണ് ക്ഷേത്രപ്രാകാരം. ശബരിമലയുടെ ക്ഷേത്രപ്രാകാരം പതിനെട്ട് മലകളാണ്. ഈ പതിനെട്ട് മലകളുടെയും പ്രാകാരശുദ്ധി നിലനിര്‍ത്തുക എന്നാല്‍തന്നെ അസംബന്ധമാണ്. ബിംബശുദ്ധി എന്നത് പ്രാണപ്രതിഷ്ഠ നടന്നിട്ടുള്ള സ്ഥലമാണ്. അവിടെ സവിശേഷമായ “ശുദ്ധി” കാത്തു സൂക്ഷിക്കണമെന്നാണ് വിധി.

അവിടെ സംഭവിക്കുന്ന എത് ശുദ്ധിഭംഗവും വിഗ്രഹത്തിലെ ചെതന്യത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഓവില്‍ ഓന്തു ചത്തു കിടന്നാല്‍ , ക്ഷേത്ര സോപാനത്തില്‍ അറിയാതെയൊന്ന് ശാന്തിക്കാരന്റെ കാല്‍വിരല്‍ വെച്ചുകുത്തി മുറിഞ്ഞ് ഒരു തുള്ളി രക്തം വീണാല്‍, ബിംബസമീപത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും വിസര്‍ജ്യത്തിന്റെ അംശം കണ്ടെത്തിയാല്‍ – ക്ഷേത്രം അശുദ്ധമായി. അങ്ങനെ അശുദ്ധമാക്കപ്പെട്ടാല്‍ ഉടനേ നടയടച്ചിട്ട് കലശമാടി ആവശ്യമെങ്കില്‍ അഷ്ടബന്ധകലശം നടത്തി ദിവസങ്ങള്‍ നീളുന്ന ശുദ്ധിക്രിയകള്‍ക്ക് ശേഷമേ നട തുറക്കാവൂ എന്നാണ് വിധി.

രണ്ട് തരത്തില്‍ ശുദ്ധി ഭഞ്ജിക്കപ്പെടാം എന്ന് നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്ന് ക്ഷേത്ര ശുദ്ധി ഭഞ്ജിക്കണം എന്ന മനപ്പൂര്‍വ്വമായ ഉദ്ദേശത്തോടു കൂടിയല്ലാത്ത ശുദ്ധിഭഞ്ജനങ്ങള്‍. ഓവറയില്‍ ചത്തു കിടക്കുന്ന ഓന്തും അറിയാതെ കാലിടറി രക്തം പൊടിഞ്ഞ ശാന്തിക്കാരനും അറിയാതെ സംഭവിച്ച ഉണ്ണിമൂത്രവും എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവ ശുദ്ധി ക്രിയകള്‍ വേണ്ടാത്തതാണ് എന്നല്ല. നിര്‍ബന്ധമായും വേണ്ടതാണ്. എന്നാല്‍ പുണ്യാഹക്രിയ പോലുള്ള പരിമിതമായ ശുദ്ധിക്രിയകള്‍ കൊണ്ട് അവയില്‍ മിക്കതും പരിഹരിക്കപ്പെടുന്നതാണ്.

ശബരിമലയില്‍ ഇത്തരം ശുദ്ധിഭഞ്ജനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അനുദിനം അതു നടക്കുന്നുണ്ട് എന്നു പറയേണ്ടി വരും. കോളിഫോം ബാക്ടീരിയ ഇല്ലാത്ത ഒരു തുള്ളി വെള്ളം സന്നിധാനത്ത് കിട്ടാനില്ല. ഭക്തസഹസ്രങ്ങള്‍ തിക്കിത്തിരക്കി മല കയറുമ്പോള്‍ എത്ര പേരുടെ കാലിടറി ഒരു തുള്ളി രക്തം പൊടിഞ്ഞു കാണും എന്ന് പറയാനാവില്ല. ഇങ്ങനെ പലതുകൊണ്ടും അനുദിനം, അനുനിമിഷം ബിംബശുദ്ധിയില്‍ ഭഞ്ജനം സംഭവിക്കുന്നു എന്ന് പറയാം. എന്നാല്‍ അവയൊന്നും ഇന്ന് അത്ര സാരമാക്കി എടുക്കാറില്ല . ആചാരം സൗകര്യപൂര്‍വ്വം മാറ്റാനുള്ളതാണല്ലോ.

രണ്ടാമത്തെ വകുപ്പ് അങ്ങനെയല്ല. അത് മനപ്പൂര്‍വ്വം ക്ഷേത്രത്തിന്റെ ശുദ്ധികല്‍പ്പനകള്‍ക്ക് വിരുദ്ധമായി, അവിടെ അശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ശുദ്ധിഭഞ്ജനമാണ്. അങ്ങനെ ചെയ്യുന്നവരെ ദസ്യുക്കള്‍ ( അസുരന്മാര്‍), ക്ഷേത്രധ്വംസകര്‍ എന്നെല്ലാമാണ് ആഗമശാസ്ത്രം വിളിക്കുക.

പുരാണേതിഹാസങ്ങളില്‍ കാണുന്ന മഹര്‍ഷിമാരുടെ യജ്ഞവാടങ്ങള്‍ തകര്‍ക്കുകയും ഹവിസ്സിലേക്ക് രക്തവും മാംസവും നിക്ഷേപിക്കുകയും ചെയ്യുന്ന യാഗനിന്ദകരുടെ പാരമ്പര്യത്തിലാണ് അവര്‍ പെടുന്നത്. അവരില്‍ നിന്ന് പൗരോഹിത്യത്തെ സംരക്ഷിക്കുകയാണ് ക്ഷത്രിയരുടെ പ്രധാനദൗത്യങ്ങളിലൊന്ന്. “യാഗരക്ഷ” ചെയ്ത് ഭൂദേവപരിപാലനം ചെയ്യുന്നവനാണ് ക്ഷത്രിയന്‍.

ഒരുതരം കാരണങ്ങളും മനപ്പൂര്‍വ്വമായ ശുദ്ധി ഭഞ്ജനത്തിന് ന്യായമാകുന്നില്ല. മറ്റൊരാചാരത്തിന്റെ സംരക്ഷണത്തിനോ, ഇനി വിഗ്രഹം ആരെങ്കിലും കടത്തിക്കൊണ്ട് പോകുന്നെങ്കില്‍ തന്നെയോ, രക്തം വീഴ്ത്തുന്ന ശുദ്ധിഭഞ്ജനം കടുത്ത ക്ഷേത്രാചാര വിരുദ്ധതയാണ്. അതിനെ ചെറുക്കാന്‍ ക്ഷത്രിയര്‍ ബാദ്ധ്യസ്ഥരുമാണ്.

ഇതെല്ലാമാണ് ക്ഷേത്രത്തിന്റെ ശുദ്ധാശുദ്ധ സങ്കല്‍പ്പം. ഇവയൊന്നും ആധുനിക സമൂഹത്തില്‍ തരിമ്പും ശരിയാണെന്നല്ല. വര്‍ണ്ണാശ്രമ കല്‍പ്പനയുടെ, ബ്രാന്മണിക്കല്‍ ഓഡര്‍ നിലനിര്‍ത്തപ്പെടുന്നതിന്റെ നിശിതമായ രാഷ്ട്രീയ ആയുധമായിരുന്നു ശുദ്ധിവാദം. അതവിടെ നില്‍ക്കട്ടെ.

മേല്‍ക്കാണിച്ച കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഏതു വിശ്വാസിക്കും ലളിതമായി മനസ്സിലാവും രാഹുല്‍ ഈശ്വറിന്റെയും സഹപ്രവര്‍ത്തകരുടെയും ലക്ഷ്യം. ക്ഷേത്രശുദ്ധിയോ ആചാരമോ അവരുടെ വിഷയമല്ല. അവര്‍ക്ക് ക്ഷേത്രധ്വംസകരാകാന്‍ മടിയുമില്ല. എന്നാലും ഒരു തന്ത്രശാസ്ത്രത്തിന്റെയും അടിസ്ഥാനമില്ലാത്തതും ഭരണഘടന ഉറപ്പുതരുന്ന തുല്യനീതിയിലതിഷ്ഠിതവുമായ സ്ത്രീപ്രവേശം ശബരിമലയില്‍ നടന്നു കൂടാ.

അതായത് ക്ഷേത്രധ്വംസനം ചെയ്താലും ഞങ്ങള്‍ സ്ത്രീകളെ കയറ്റില്ല എന്നാണ് വാശി. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന് സംഭവിക്കുന്ന ബ്രഹ്മചര്യാലോപത്തിലേ തങ്ങള്‍ക്ക് ഉല്‍കണ്ഠയുള്ളൂ, ചോര വീഴ്ത്തിയാല്‍ നഷ്ടപ്പെടുന്ന ബിംബശുദ്ധിയിലോ ക്ഷേത്ര ചൈതന്യ ലോപത്തിലോ തങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല.

അതായത്, രാഹുല്‍ നാഴികക്ക് നാല്‍പ്പത് വട്ടം നിരീശ്വരവാദികളുടെ സര്‍ക്കാര്‍ എന്നു പറയും, ഇടക്കിടെ കോഴി കൂകുന്ന പോലെ ശരണം വിളിക്കും – എന്നാല്‍ ഏത് നിരീശ്വരവാദിയിലും കടുത്ത അവിശ്വാസിയും ക്ഷേത്ര ധ്വംസകനാകാന്‍ മടിയില്ലാത്തവനും ആണയാള്‍. ഒരു ശതമാനം രാഹുലിന്റെ ശരണം വിളി ആത്മാര്‍ത്ഥമല്ല. അത് രണ്ട് ആടുകള്‍ തമ്മിലിടിക്കുമ്പോള്‍ ഇടയില്‍ നിന്നു കിട്ടുന്ന ചോര കാത്തിരിക്കുന്ന പഴയ പഞ്ചതന്ത്ര കഥയിലെ കുറുക്കന്റെ ഓരിയിടലാണ്. എന്നാല്‍ മേഷയുദ്ധത്തിനിടയില്‍ പെട്ട ജംബൂകത്തിന് അവസാനമെന്തു സംഭവിച്ചു എന്നറിയാന്‍ പഞ്ചതന്ത്ര കഥകളെങ്കിലും ഒന്നു വായിക്കുന്നത് നല്ലതാണ്.

ശ്രീചിത്രന്‍ എം.ജെ

Latest Stories

We use cookies to give you the best possible experience. Learn more