| Friday, 27th March 2020, 9:39 am

ശ്രീചിത്രയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും കൊവിഡ് ബാധയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 12 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 176 പേര്‍ക്കും കൊവിഡ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതോടെ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു. ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ വിമാനത്തിലെ സഹയാത്രികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുമായി അടുത്തിടപഴകിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജില്ലയില്‍ 7854 പേര്‍ വീടുകളിലും, 114 പേര്‍ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.ആകെ പരിശോധനയ്ക്ക് അയച്ച 1174 സാമ്പിളുകളില്‍ 888 പരിശോധനാഫലം നെഗറ്റീവാണ്.

240 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 5 കൊവിഡ് കെയര്‍ ഹോമുകളിലായി 181 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 30 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാനായി കൂടുതല്‍ കെയര്‍ ഹോമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒപി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതാത് ക്ലിനിക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more