| Tuesday, 4th April 2023, 10:43 am

അന്ന് അധികമാര്‍ക്കും അറിയാത്ത 30കാരനായ മമ്മൂട്ടിക്കൊപ്പം അമ്മ, ഇന്ന് 39കാരനായ ദുല്‍ഖറിനൊപ്പം മകന്‍; വൈറലായി ചിത്രങ്ങളും കുറിപ്പും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിജിമെന്റോര്‍സ് സ്ഥാപകനും സി.ഇ.ഒയുമായ ശ്രീ ശ്രീനിവാസന്റെ ട്വീറ്റ് ശ്രദ്ധ നേടുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിക്കൊപ്പം തന്റെ അമ്മ എടുത്ത ചിത്രവും കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാനൊപ്പം താനെടുത്ത ചിത്രവുമാണ് ശ്രീ ശ്രീനിവാസന്‍ ട്വീറ്റ് ചെയ്തത്.

ഒരു മലയാള ചിത്രത്തിന്റെ ഷൂട്ടിന് വന്നപ്പോഴാണ് അമ്മ മമ്മൂട്ടിക്കൊപ്പം ചിത്രമെടുത്തിരുന്നതെന്നും അന്ന് അദ്ദേഹം അറിയപ്പെടുന്ന നടനായിരുന്നില്ലെന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീനിവാസന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചിലാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം പകര്‍ത്തിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘1981ലാണ് അമേരിക്കയില്‍ ‘അമേരിക്ക അമേരിക്ക’ എന്ന, സിനിമ ഷൂട്ട് ചെയ്യുന്നത്. ഞങ്ങളുടെ മാന്‍ഹട്ടനിലെ വീടായിരുന്നു ലൊക്കേഷനുകളിലൊന്ന്.

മമ്മൂട്ടി അന്ന് അത്ര അറിയപ്പെടുന്ന നടനായിട്ടില്ല. എല്ലാവരും പ്രതാപ് പോത്തനെ ചുറ്റിയപ്പോള്‍ മമ്മൂട്ടി സോഫയില്‍ ഇരിക്കുകയായിരുന്നു. എന്റെ അമ്മ ലേഖ മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോയെടുത്തു. അന്ന് മമ്മൂട്ടിക്ക് 30 വയസാണ് പ്രായം. കഴിഞ്ഞ 40 വര്‍ഷങ്ങളായി സൗത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമായി അദ്ദേഹം നിലനില്‍ക്കുന്നു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചില്‍ വെച്ച് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനൊപ്പം ഞാനെടുത്ത ചിത്രമാണിത്. 39 വയസുകാരനായ ദുല്‍ഖര്‍ ഇപ്പോള്‍ ഒരു താരവും ഫാഷന്‍ ഐക്കണുമാണ്.

മമ്മൂട്ടി എന്റെ അമ്മക്കൊപ്പം നില്‍ക്കുന്ന ചിത്രം ഞാന്‍ ദുല്‍ഖറിനെ കാണിച്ചു. പഴയ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. കഴിഞ്ഞ ജനുവരി ഒമ്പതിന് മരിച്ച എന്റെ അമ്മ ഈ കഥ കേള്‍ക്കുകയായിരുന്നെങ്കില്‍ സന്തോഷിച്ചേനേ,’ ശ്രീനിവാസന്‍ കുറിച്ചു.

Content Highlight: sree sreenivasn’s tweet about mammootty and dulquer salmaan

Latest Stories

We use cookies to give you the best possible experience. Learn more