കാലടി: ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നുകാട്ടി വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകന്റെ അശ്ലീല ചാറ്റിങ്ങിനെതിരെയാണ് സര്‍വ്വകലാശാലയിലെ എം.ഫില്‍ വിദ്യാര്‍ഥിയായ ശ്രീധന്യ രംഗത്തെത്തിയിരിക്കുന്നത്.
“പകല്‍ മാന്യനായ ഒരു അധ്യാപകന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ചാറ്റ് ചെയ്യാന്‍ വന്നതിങ്ങനെ” എന്നു പറഞ്ഞുകൊണ്ടാണ് ശ്രീധന്യയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. “ഇപ്പോള്‍ എന്ത് ചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോള്‍ തണുക്കാറുണ്ടോ? ഒരു സെല്‍ഫി തരുമോ” എന്നിങ്ങനെയായിരുന്നു ചാറ്റില്‍ അധ്യാപകന്‍ സംസാരം തുടങ്ങിയതെന്നും അവര്‍ പറയുന്നു.
പഠിപ്പിച്ചിരുന്നപ്പോള്‍ അപരിചിതനെ പോലെ പെരുമാറിയിരുന്ന ഒരു അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം സംസാരം തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും അവര്‍ പറയുന്നു.
നിങ്ങളെന്റെ അധ്യാപകനായിരുന്നല്ലോ എന്നദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചപ്പോള്‍ “കോഴ്‌സ് കഴിഞ്ഞല്ലോ. ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണ്” എന്ന രീതിയിലായിരുന്നു പ്രതികരണമെന്നും അവര്‍ പറയുന്നു.
സെന്‍സിറ്റീവായ മനുഷ്യനായതുകൊണ്ടാണ് തുറന്നു പറയുന്നത് എന്നു പറഞ്ഞാണ് അധ്യാപകന്‍ ഈ പെരുമാറ്റത്തെ ന്യായീകരിച്ചതെന്നു പറഞ്ഞ ശ്രീധന്യ ഇതേ സെന്‍സിറ്റിവിറ്റി ന്യായം തന്നെയായിരിക്കും മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛനും, അനുവാദം കൂടാതെ പെണ്ണിനെ അശ്ലീലത്തോടെ നോക്കുന്ന ഓരോരുത്തനും പറയാനുണ്ടാവുകയെന്നും പറയുന്നു.
പോസ്റ്റിലൂടെ തന്റെ ചില സംശയങ്ങളും അവര്‍ ഉയര്‍ത്തുന്നുണ്ട്. “സര്‍വ്വകലാശാലാ അധ്യാപകര്‍ പോലും പെണ്‍കുട്ടികളോട് ഇങ്ങനെ ചോദിക്കുന്നതിന്റെ കാര്യമെന്താണ്? രാത്രി ഓണ്‍ലൈനിലുള്ള പെണ്‍കുട്ടികളെ “ട്രൈ” ചെയ്താല്‍ കിട്ടുന്നവരാണെന്ന മോറല്‍ പോലീംസിംഗിന്റെ ഭാഗമായുള്ള ചോദ്യമിറക്കലാണോ ഇതൊക്കെ? പഠിപ്പിക്കുമ്പോള്‍ ഇതേ കണ്ണോടെയാവില്ലേ ഈ മഹാന്‍ പെണ്‍കുട്ടികളെ കാണുക? ” അവര്‍ ചോദിക്കുന്നു.
ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
“ആള്‍ക്കൂട്ടത്തില്‍ മാന്യനും ഒറ്റയ്ക്ക് പറ്റെ തോന്ന്യാസിയും ആവുന്നവന്‍മാര്‍ ചൂഷണ സാഹചര്യം നിലനിര്‍ത്തുന്ന സ്ഥലങ്ങളില്‍ മിണ്ടാതിരിക്കാന്‍ അല്ല ഞാന്‍ ഇത്രയും കാലം കൊണ്ട് പഠിച്ചതും പഠിപ്പിച്ചതും. ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ഇതേ ചോദ്യങ്ങള്‍ തന്നെ അയാളില്‍ നിന്ന് വരും കാലത്തും വിദ്യാര്‍ത്ഥിനികള്‍ കേള്‍ക്കേണ്ടി വരും അത് തടയാന്‍ എന്നാല്‍ ആവുന്നത് ഞാന്‍ ചെയ്യും.” അവര്‍ പറയുന്നു.
ശ്രീധന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പകല്‍ മാന്യനായ ഒരു അധ്യാപകന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ചാറ്റ് ചെയ്യാന്‍ വന്നതിങ്ങനെ… ഇപ്പോള്‍ എന്ത് ചെയ്യുന്നു, ഒറ്റയ്ക്കാണോ താമസം, മഴ പെയ്യുമ്പോള്‍ തണുക്കാറുണ്ടോ? ഒരു സെല്‍ഫി തരുമോ ന്നൊക്കെ. പഠിപ്പിച്ചിരുന്നപ്പോള്‍ അത്രയ്ക്ക് അപരിചിതനെ പോലെ പെരുമാറി കൊണ്ടിരുന്ന ഒരു മനുഷ്യന് ഇത്രയ്ക്ക് മാറ്റം വരുമോ എന്ന് ചിന്തിച്ച് അന്തംവിട്ടു പോയി.
അല്ല നിങ്ങളെന്റെ അധ്യാപകനായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പണ്ട് കോഴ്‌സില്‍ ആയിരുന്നപ്പോള്‍, കോഴ്‌സ് കഴിഞ്ഞ് ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണെന്ന് തിരിച്ച് കേള്‍ക്കുമ്പോള്‍ അയാളുടെ ക്ലാസുകളില്‍ വന്നു പോയ് കൊണ്ടിരുന്ന സ്ത്രീ, ദളിത് വിമോചന സങ്കല്‍പ്പങ്ങളിലെ സ്വാതന്ത്ര ഗീര്‍വാണങ്ങള്‍ ഓര്‍മ്മ വന്നു.
വൃത്തിഹീനമായ റെയില്‍വേ, ബസ്സ്റ്റാന്റ് ക്ലോസറ്റുകളില്‍ കരിക്കട്ട കൊണ്ട് സെക്‌സിന് ഇരക്കുന്ന നമ്പറുകളിലൊന്ന് ഇവന്റെതും ഉണ്ടാകുമായിരിക്കും, അത്രയ്ക്ക് അറപ്പ് തോന്നി കാര്‍ക്കിച്ചു തുപ്പി.
ഇനി എന്റെ കുറച്ച് സംശയങ്ങള്‍ ആണ്…. സര്‍വ്വകലാശാലാ അധ്യാപകര്‍ പോലും പെണ്‍കുട്ടികളോട് ഇങ്ങനെ ചോദിക്കുന്നതിന്റെ കാര്യമെന്താണ്? രാത്രി ഓണ്‍ലൈനിലുള്ള പെണ്‍കുട്ടികളെ “ട്രൈ” ചെയ്താല്‍ കിട്ടുന്നവരാണെന്ന മോറല്‍ പോലീംസിംഗിന്റെ ഭാഗമായുള്ള ചോദ്യമിറക്കലാണോ ഇതൊക്കെ? പഠിപ്പിക്കുമ്പോള്‍ ഇതേ കണ്ണോടെയാവില്ലേ ഈ മഹാന്‍ പെണ്‍കുട്ടികളെ കാണുക? സെന്‍സിറ്റീവ് ആയ മനുഷ്യനായത് കൊണ്ട് തുറന്ന് പറയുന്നതാണ് പോലും.
ഇതേ സെന്‍സിറ്റിവിറ്റി ന്യായം തന്നെയായിരിക്കും മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛനും, അനുവാദം കൂടാതെ പെണ്ണിനെ അശ്ലീലത്തോടെ നോക്കുന്ന ഓരോരുത്തനും പറയാനുണ്ടാവുക. ആള്‍ക്കൂട്ടത്തില്‍ മാന്യനും ഒറ്റയ്ക്ക് ഒറ്റയ്ക്ക് പറ്റെ തോന്ന്യാസിയും ആവുന്നവന്‍മാര്‍ ചൂഷണ സാഹചര്യം നിലനിര്‍ത്തുന്ന സ്ഥലങ്ങളില്‍ മിണ്ടാതിരിക്കാന്‍ അല്ല ഞാന്‍ ഇത്രയും കാലം കൊണ്ട് പഠിച്ചതും പഠിപ്പിച്ചതും. ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ഇതേ ചോദ്യങ്ങള്‍ തന്നെ അയാളില്‍ നിന്ന് വരും കാലത്തും വിദ്യാര്‍ത്ഥിനികള്‍ കേള്‍ക്കേണ്ടി വരും അത് തടയാന്‍ എന്നാല്‍ ആവുന്നത് ഞാന്‍ ചെയ്യും.
പഠന കാലത്ത് മാതൃക കാണിച്ച് ശേഷം പെണ്‍കുട്ടികളോട് മോശം ലക്ഷ്യം വച്ച് പെരുമാറുന്നത് ഒരധ്യാപകനും ചേര്‍ന്ന പണി അല്ല. കോളേജിന് പുറത്ത് പെണ്ണുങ്ങളോട് മാത്രം ഇറക്കുന്ന ഇത്തരം വേലകളും ചോദ്യം ചെയ്യപ്പെടണം. മുന്‍കാലത്തെ ബഹുമാനം കാരണം എന്ത് ചോദിച്ചാലും ക്ഷമിച്ച് കളയും എന്ന് ധരിച്ച് കാണുമോ ഇവനൊക്കെ. പറഞ്ഞ് നാറ്റിക്കണം. ഇത്തരം സൂക്കേടുള്ള ആരും ഈ വഴി വരണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നു.
പെണ്ണിന്റെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന മികച്ച സൗഹൃദങ്ങള്‍ തന്നെയാണ് കാലടി യൂണിവേഴ്‌സിറ്റിയും എനിക്ക് തന്നത്. ആ കണ്ടീഷനിംഗിന്റെ ധൈര്യം മതി എനിക്കീ കപടബിംബങ്ങളെ പൊളിച്ച് കളയാന്‍..