തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന തരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ജാതകം താന്‍ നോക്കിയിട്ടില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രതികരണം.
‘സ്വര്‍ണക്കടത്തുകേസില്‍ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞതില്‍ അദ്ദേഹത്തോട് ചോദിക്കണം. താന്‍ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല. അന്വേഷണം നടത്തുന്ന ഏജന്‍സികളാണ് അതേക്കുറിച്ച് പറയേണ്ടത്. എനിക്ക് അറിയില്ല. മറ്റാരെങ്കിലും പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം. പാചകവാതക വിലയിലെ സബ്സിഡി പണം വീട്ടുകാരുടെ അക്കൗണ്ടിലേക്ക് വരും.
അതുകൊണ്ട് വില വര്‍ധന അവരെ ബാധിക്കില്ല. അതേസമയം ഇന്ധന വില നിര്‍ണയം കേന്ദ്രസര്‍ക്കാരിനല്ല. വിലവര്‍ധനവിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ അത് ഒരു കൂട്ടര്‍ക്കു മാത്രമാവില്ലല്ലോ. സംസ്ഥാന സര്‍ക്കാരിനും അതില്‍ പങ്കുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാവില്ല’, വി. മുരളീധരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ താനൊന്നും പറയുന്നില്ല എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തുവന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
മന്ത്രിമാരും സ്പീക്കറും സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളതെന്നായിരുന്നു സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കേസിലെ ഉന്നതന്‍ ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലതെന്നും ഭഗവാന്റെ പേരുമായി ബന്ധമുള്ള ആളാണ് കേസിലെ ഉന്നതന്‍ എന്ന സൂചനയും സുരേന്ദ്രന്‍ നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sree Ramakrishna’s role on gold smuggling v muraleedharan comment