തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ എതിര്‍ത്ത് രാജകുടുംബം. ബി നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നു പറഞ്ഞാണ് രാജകുടുംബം ഇതിനെതിരെ വന്നിരിക്കുന്നത്.
രാജ കുടുംബത്തിന്റെ സമ്മതത്തോടെ ബി നിലവറ തുറക്കാനാകില്ലെന്നു പറഞ്ഞ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തന്ത്രി സമൂഹം ഇതിന് എതിരാണെന്നു വ്യക്തമാക്കി.
മുമ്പ് ഏഴുതവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന മുന്‍ സി.എ.ജി വിനോദ് റായിയുടെ കണ്ടെത്തലിനെ രാജകുടുംബം തള്ളി. ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നും നിലവറയുടെ പൂമുഖമാണ് ചെറിയ അറ മാത്രമാണ് തുറന്നിട്ടുള്ളതെന്നുമാണ് രാജകുടുംബം പറയുന്നത്.
രാജകുടുംബത്തിന്റെ അഭിപ്രായം മാനിക്കാതെ നിലവറ തുറന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദികളായിരിക്കില്ലെന്നും ഗൗരിലക്ഷ്മി ഭായ് പറഞ്ഞു.
ബി നിലവറയില്‍ ഉണ്ടെന്നു കരുതുന്ന അമൂല്യ വെള്ളി ശേഖരത്തില്‍ നിന്നെടുത്താണ് ക്ഷേത്രത്തിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചു.
ബി നിലവറ തുറക്കണമെന്നും നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീം കോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ ആവശ്യമുയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അഭിപ്രായം ആരായാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവറ തുറക്കരുതെന്ന നിലപാടാണ് സുപ്രീം കോടതിയെ അറിയിക്കുകയെന്നാണ് രാജകുടുംബം പറയുന്നത്.