സംഘപരിവാര്‍ ദാസനായ വെള്ളാപ്പള്ളി നടത്തുന്നത് ഇ.ഡി, സി.ബി.ഐ പ്രീണനം; മുസ്‌ലീം പ്രീണനമെന്ന പ്രസ്താവനയ്ക്ക് പ്രാധാന്യമില്ല; ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്
Kerala News
സംഘപരിവാര്‍ ദാസനായ വെള്ളാപ്പള്ളി നടത്തുന്നത് ഇ.ഡി, സി.ബി.ഐ പ്രീണനം; മുസ്‌ലീം പ്രീണനമെന്ന പ്രസ്താവനയ്ക്ക് പ്രാധാന്യമില്ല; ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 9:52 am

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ്. മതത്തിന്റെ പേരിലുള്ള മത്സരത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിന് പകരം ഗുരുവചനത്തെ പൂര്‍ണമായി തിരസ്‌കരിച്ച് കൊണ്ട് മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നതെന്ന് ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് പറഞ്ഞു.

ഇതിനെ ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് അപലപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

‘രക്തകലുഷിതമായ ഒരു നൂറ്റാണ്ടിനെ മുന്നില്‍ കണ്ടുകൊണ്ട് ശ്രീനാരായണ ഗുരു അതീവ ആശങ്കയോടെ 1925ല്‍ ചോദിച്ചു. ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള മത്സരത്തില്‍ നിന്നുള്ള മോചനം എന്നാണ് ആ ചോദ്യത്തിന് ഗുരു സ്വയം മറുപടി നല്‍കിയത്. എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്നത് അതല്ല,’ മാനവധര്‍മം ട്രസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഗുരുവിന്റെ നാമത്തിലൂടെ മാത്രം സാമൂഹിക അംഗീകാരം കിട്ടിയ വെള്ളാപ്പള്ളി നടേശന്‍ ഭീഷണിപ്പെടുത്തുന്നതും ഹിംസാത്മകവും സംഘര്‍ഷഭരിതവുമായ ഭാഷ ഉപയോഗിച്ച് എസ്.എന്‍.ഡി.പി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും ഗുരുവചനത്തെ തിരസ്‌കരിക്കുകയാണെന്നും ട്രസ്റ്റ് ആരോപിച്ചു.

കേരളത്തില്‍ അതിരുവിട്ട മുസ്‌ലിം പ്രീണനവും ഹിന്ദുക്കള്‍ക്കെതിരെ അന്യായം നടക്കുന്നുവെന്ന വെള്ളാപ്പള്ളിയുടെ വാദം തെറ്റാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അത് സംഘപരിവാറിന്റെ വ്യാജമായ വാദം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ അതിരുവിട്ട മുസ്‌ലിം പ്രീണനവും ഹിന്ദുക്കള്‍ക്കെതിരെ അന്യായം നടക്കുന്നുവെന്ന വെള്ളാപ്പള്ളിയുടെ വാദം സംഘപരിവാറിന്റെ വ്യാജമായ വാദം മാത്രമാണത്. അനുസരണയുള്ള ദാസനെപ്പോലെ ഈ സംഘപരിവാര്‍ വാദത്തെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്,’ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇ.ഡി, സി.ബി.ഐ,ഐ.ടി തുടങ്ങിയ ഏജന്‍സികളെ ഭയപ്പെട്ട് ജീവിക്കുന്ന വെള്ളാപ്പള്ളി യഥാര്‍ത്ഥത്തില്‍ നടത്തുന്നത് ‘ഇ.ഡി, സി.ബി.ഐ പ്രീണനം മാത്രമാണെന്നും ട്രസ്റ്റ് ആരോപിച്ചു. നടേശന്റെ പ്രസ്താവനക്ക് അതിനപ്പുറം യാതൊരു പ്രാധാന്യവും കൊടുക്കേണ്ട ആവശ്യമില്ലെന്നും മാനവധര്‍മം ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയിലെയും ലോക്‌സഭയിലെയും മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കുറവിനെ കുറിച്ചും ട്രസ്റ്റ് വിമര്‍ശിച്ചു. ‘കേരളത്തില്‍ നിന്നുള്ള ഒന്‍പത് രാജ്യസഭാ അംഗങ്ങളില്‍, ആനുപാതികമായി രണ്ട് ഈഴവരും മൂന്ന് പേര്‍ ഒ.ബി.സി, ദളിത്, സവര്‍ണ വിഭാഗക്കാരില്‍ നിന്നും രണ്ട് മുസ്‌ലിങ്ങളും രണ്ട് ക്രിസ്ത്യാനികളുമാണ് ഉണ്ടാകേണ്ടത്.

എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍, 20 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഒരൊറ്റ മുസ്‌ലിം അംഗം പോലുമില്ല. ആനുപാതികമായി, കുറഞ്ഞത് 80 മുസ്‌ലിം എം.പി.മാര്‍ ഉണ്ടാകേണ്ട ലോക്‌സഭയില്‍ വെറും 24 മുസ്‌ലിം എം.പി.മാര്‍ മാത്രമാണുള്ളത്. ആനുപാതികമായി, കുറഞ്ഞത് 37 മുസ്‌ലിം എം.പി.മാര്‍ ഉണ്ടാകേണ്ട രാജ്യസഭയില്‍ നിലവില്‍ 13 എം.പി.മാര്‍ മാത്രമേ ഉള്ളൂ,’ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഒരു വിഭാഗം ജനതയുടെ പ്രാതിനിധ്യത്തിന്റെ വലിയ തോതിലുള്ള അഭാവമാണ് സംഘപരിവാര്‍ ഉണ്ടാക്കിയതെന്നും മാനവധര്‍മം ട്രസ്റ്റ് ആരോപിച്ചു.

ഇത് രാജ്യത്ത് അപകടകരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുകയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സംഭാവന മാത്രമാണ് മുസ്‌ലിങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ ഒരല്‍പ്പമെങ്കിലും ശക്തിപ്പെടാന്‍ സഹായിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. അതൊരിക്കലും പ്രീണനമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഹിന്ദു പ്രാതിനിധ്യം സവര്‍ണ പ്രാതിനിധ്യം മാത്രമാണെന്നും പത്രക്കുറിപ്പില്‍ മാനവധര്‍മം ട്രസ്റ്റ് ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നവത്ക്കരിക്കേണ്ടത് സവര്‍ണാധിപത്യത്തെ സംരക്ഷിക്കുന്ന തന്ത്രത്തെയാണെന്നും മാനവധര്‍മം ട്ര്സ്റ്റ് വ്യക്തമാക്കി.

Content Highlight: Sree Narayana Manava Dharmam Trust decries Vellapally Natesan