പിന്നീട് ചെമ്പഴന്തിയിലെ വീട്ടില്‍ കെട്ടിയുണ്ടാക്കിയ പള്ളിക്കൂടത്തില്‍ അധ്യാപകനായിരുന്ന നാലു വര്‍ഷവും അയിത്തം മൂലം സ്‌കൂളില്‍ വരാനാകാത്ത പുലയക്കുട്ടികളെയും പറയക്കുട്ടികളെയും ഗുരു വീട്ടില്‍പ്പോയി പഠിപ്പിക്കുകയുണ്ടായി.
സ്വാമി വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ വിവേകമുള്ള മനുഷ്യരുടെ ആലയമാക്കി മാറ്റിയതില്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമാണ് പ്രഥമസ്ഥാനം. ആത്മീയാചാര്യന്‍ തത്ത്വചിന്തകന്‍, കവി, സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്നുടമയാണ് ഗുരു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ വിദ്യാഭ്യാസത്തിന് നല്‍കപ്പെട്ടിട്ടുള്ള പ്രാധാന്യം ആര്‍ക്കും നിഷേധിക്കാവുന്നതല്ല.
ശുചിത്വം, അച്ചടക്കം, മനസ്സിന്റെ ഏകാഗ്രത, ജീവിതാവബോധം ആര്‍ജിക്കല്‍ എന്നിവയെല്ലാം വിദ്യ നേടുന്ന ഒരാള്‍ക്ക് ഉണ്ടാകേണ്ടതായ ഗുണങ്ങളാണ്. അല്ലെങ്കില്‍ വിദ്യയിലൂടെ ലഭ്യമാവുന്ന നേട്ടങ്ങളാണ്. ഗുരുവടങ്ങുന്ന നവോത്ഥാനനായകര്‍ ക്ഷേത്രനിര്‍മ്മാണം, ജീവിതപരിഷ്‌കരണം എന്നിവയിലൂടെ സാധ്യമാകുമെന്ന് കരുതിയതിലേറെയും വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കാവുന്നതാണ്.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ബ്രാഹ്മണ പൗരോഹിത്യത്തെ നിര്‍വീര്യമാക്കിയ ഗുരു പലക്ഷേത്രങ്ങളുടെയും നിര്‍മ്മാണത്തിന് കാരണഭൂതനാവുകയും പ്രതിഷ്ഠകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 1888 മുതല്‍ 1927 വരെ നടത്തപ്പെട്ട ആ നാല്പത്തിനാല് പ്രതിഷ്ഠകളില്‍ ഒരിടത്ത് നിലവിളക്കും രണ്ടിടത്ത് കണ്ണാടിയും മറ്റൊരിടത്ത് സത്യം, ധര്‍മ്മം, ദയ, ശാന്തി എന്നതുമാണ് പ്രതിഷ്ഠയെന്നതും ഓര്‍ക്കണം.
ഇരുപത്തൊന്നാം വയസ്സില്‍ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ കീഴില്‍ ഉപരിപഠനത്തിന് ചേര്‍ന്ന ശ്രീനാരായണഗുരു ഈഴവനെങ്കിലും നേതൃപാടവം കൊണ്ട് ചട്ടമ്പി (ലീഡര്‍) സ്ഥാനത്തിന് അര്‍ഹനായി. ജാതീയമായ വേര്‍തിരിവുകള്‍ അന്നത്തെക്കാലത്തെ മറ്റ് പള്ളിക്കൂടങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലും വിവേചനങ്ങള്‍ ആ പാഠശാലയിലുമുണ്ടായിരുന്നു. രണ്ടുവര്‍ഷം അവിടെ പഠിച്ച ഗുരുവിന് വയറുകടി രോഗം മൂലം പഠനം അവസാനിപ്പിക്കേണ്ടിവന്നു.
അവര്‍ണനായതുകൊണ്ട് വേദാന്തവും വ്യാകരണവും പഠിക്കാനുമായില്ല. പിന്നീട് ചെമ്പഴന്തിയിലെ വീട്ടില്‍ കെട്ടിയുണ്ടാക്കിയ പള്ളിക്കൂടത്തില്‍ അധ്യാപകനായിരുന്ന നാലു വര്‍ഷവും അയിത്തം മൂലം സ്‌കൂളില്‍ വരാനാകാത്ത പുലയക്കുട്ടികളെയും പറയക്കുട്ടികളെയും ഗുരു വീട്ടില്‍പ്പോയി പഠിപ്പിക്കുകയുണ്ടായി.
അതിന്‌ശേഷമാണ് തന്റെ മഹിതമായ ജീവിതകര്‍മ്മങ്ങളിലൂടെ അദ്ദേഹം ലോകത്തിന്റെ ഗുരുവായത്. ക്ഷേത്രങ്ങളോട് ചേര്‍ന്ന് വിദ്യാലയങ്ങളും തോട്ടങ്ങളുമുണ്ടാകണമെന്ന് മൂര്‍ക്കോത്ത് കുമാരനെ ഗുരു ഉദ്‌ബോധിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് പലതരം വ്യവസായങ്ങള്‍ പരിശീലിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്ന് പറയാനും മറന്നില്ല. ശങ്കരവേദാന്തത്തില്‍ നിന്ന് വ്യത്യസ്തമായി പുതു സമൂഹസൃഷ്ടിക്കാവശ്യമായ ഊര്‍ജ്ജപ്രവാഹമായിരുന്നല്ലോ ശ്രീനാരായണഗുരുവിന്റെ ദര്‍ശനം.
വാദിക്കാനും ജയിക്കാനുമായിരുന്നില്ല അറിയാനും അറിയിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ആ വാഗ്‌വിലാസം. മാതൃഭാഷയില്‍ എഴുതപ്പെട്ട ഗുരുവിന്റെ വിഖ്യാതരചനകളായ ദൈവദശകം, അനുകസാദശകം, ആത്മോപദേശ ശതകം തുടങ്ങിയവയിലൂടെയും സംസ്‌കൃത രചനയായ ദര്‍ശനമാലയിലൂടെയും ഏകലോകം, ജ്ഞാനം, അനുകമ്പ എന്നിവയുടെ ആശയങ്ങള്‍ മലയാള മണ്ണിലെങ്ങും ഒഴുകിപ്പരന്നു. അപരന്റെ സുഖത്തെക്കുറിച്ച് അത്രമേല്‍ ഉത്കണ്ഠാകുലനായ മറ്റൊരാചാര്യനില്ല.
വേര്‍തിരിവുകളെ നിര്‍വീര്യമാക്കിക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും മലയാളികള്‍ക്ക് നല്‍കിയ പരമപരിത്യാഗിയാണ് ഗുരു. സര്‍വമതങ്ങളുടെയും സാരം ഒന്നാണെന്നും അന്തംകമ്മികളായ പാമരന്മാരാണ് പലയുക്തികളും പറഞ്ഞ് അതില്‍ കലക്കമുണ്ടാക്കുന്നതെന്നും അവിടുന്ന് പറഞ്ഞു. അറിവിന്റെ വിമോചന സ്വഭാവത്തെക്കുറിച്ച് ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മനുഷ്യരുടെ കാലിക ധാര്‍മിതയ്ക്കും നീതിബോധത്തിനും ചേരാത്ത എല്ലാ സങ്കല്പങ്ങളെയും ചോദ്യം ചെയ്യാന്‍ തയ്യാറായ ഗുരുവിന്റേത് ശാന്തമായ വാക്കും ധീരമായ പ്രവൃത്തിയുമായിരുന്നെന്ന് സര്‍വ്വവും സമ്മതിക്കും.
ഗുരുദേവന്‍ ഒരു തുറന്ന പാഠശാലയിരുന്നു. ഭിന്ന വീക്ഷണങ്ങളുള്ളവരും വ്യത്യസ്ത ജാതി, മതങ്ങളില്‍പ്പെട്ടവരും ആ പാഠശാലയില്‍ നിന്ന് ആവോളം ജ്ഞാനാമൃതം നുകര്‍ന്നു. അല്ലെങ്കില്‍ ഗുരുവാണിയിലൂടെ സപ്രജ്ഞയെ തിളക്കമുറ്റതാക്കി. കുമാരനാശാന്‍, ഡോ.പല്‍പ്പു, സി.വി.കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍, തുടങ്ങി മഹാത്മാഗാന്ധിവരെ അതില്‍പ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നുയര്‍ന്ന വിശ്വദര്‍ശനത്തിന്റെ വൈജന്തിയാണ് ശ്രീനാരായണഗുരുവിന്റെ ദര്‍ശനം. ജാതി, മതം, കുലം എന്നിവയെക്കുറിച്ചുള്ള അഹംബോധം വെടിയാനും സ്വയം നന്നാവാനുമുള്ള പ്രേരണയാണ് അതിന്റെ പൊരുള്‍.
ശ്രീനാരായണഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമാകുന്നത് എല്ലാ അര്‍ത്ഥത്തിലും ഉചിതമാണ്. വിദൂരവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല വിദൂരത്തിലിരുന്ന് പഠിക്കാനുള്ള സാങ്കേതികവിദ്യാസംവിധാനം കൂടി പ്രോത്സാഹിപ്പിക്കുന്നതാകണം ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. തുറന്ന അക്കാദമിക നയം പിന്തുടരുക മാത്രമല്ല കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നതിലും നടപ്പാക്കുന്നതിലും തുറന്ന സമീപനമാണ് ബഹുജനം ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബിരുദ, ബിരുദാനന്തരതലത്തിലുള്ള കോഴ്‌സുകള്‍ക്കൊപ്പം തൊഴില്‍ സാധ്യതയുള്ളതും അന്തര്‍വൈഷയികവുമായ നവീന കോഴ്‌സുകള്‍ കൂടി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടാകേണ്ടതുണ്ട്.
ഗുരുദേവന്റെ പേരില്‍ ഒരു ഓപ്പണ്‍യൂണിവേഴ്‌സിറ്റി തുടങ്ങിയതുകൊണ്ടു മാത്രമായില്ല. ഗാന്ധിയന്‍ സ്റ്റഡീസിന്റെ മാതൃകയില്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിലും അതിനുമപ്പുറം ലോകമെങ്ങുമുള്ള പ്രസക്തി ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു കോഴ്‌സ് കൂടി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കേണ്ടതുണ്ട്. ബിരുദതലത്തില്‍ നടപ്പിലാക്കാന്‍ പ്രായോഗികവൈഷമ്യമുണ്ടെങ്കില്‍ ബിരുദാനന്തരതലത്തിലെങ്കിലും അത്തരം കോഴ്‌സ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ഓപ്പണ്‍യൂണിവേഴ്‌സിറ്റി മാറണമെങ്കില്‍ ശ്രീനാരായണ സ്റ്റഡീസില്‍ ഒരു കോഴ്‌സ് തീര്‍ച്ചയായും ആരംഭിക്കണം.
ജാതിഭ്രാന്തില്‍ നിന്ന് കേരളത്തെ വിമോചിപ്പിച്ച ഗുരുവിനോടുള്ള വര്‍ത്തമാനകാല കേരളത്തിന്റെ ആദരവായിരിക്കും അത്തരമൊരു കോഴ്‌സ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും കൃതികളും, ഗുരുവിന്റെ ദര്‍ശനം, അത് കേരളീയ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ഗുരുവിന്റെ നവോത്ഥാന സങ്കല്പം, വിദ്യാഭ്യാസ സങ്കല്‍പ്പം തുടങ്ങിയവ ഈ കോഴ്‌സിന്റെ കരിക്കുലത്തിന്റെ ഭാഗമാകണം. ഗുരുവിനെ അറിയുക മാത്രമല്ല, ഗുരുഭാവന ചെയ്ത സമൂഹത്തിന്റെ സൃഷ്ടികൂടി അതിലൂടെ ഉണ്ടാകണം.
ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് വര്‍ത്തമാനകാല സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കാനാവും എന്നതിനാല്‍ ശ്രീനാരായണ സ്റ്റഡീസ് ഈ സര്‍വ്വകലാശാലയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമായിത്തീരേണ്ടതുണ്ട്. അത് കേവലമൊരു ചെയറില്‍ ഒതുങ്ങിപ്പോകരുത്. ശ്രീനാരായണ ഗുരു ഓപ്പണ്‍യൂണിവേഴ്‌സിറ്റിയുടെ അധികാരികളും കേരള സര്‍ക്കാരും ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് കരുതാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക