| Sunday, 25th December 2022, 12:10 pm

എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകര്‍ത്തു. ചേര്‍ത്തല വരാനാട് എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകര്‍ത്തത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഗുരുമന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വരാനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരില്‍ ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവര്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകരാണ് എന്നാണ് വിവരം.

ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമായതെന്നും സംഭവസമയത്ത് പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് നാല് യുവാക്കളും ചേര്‍ന്ന് ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇതിന് ശേഷം സമീപത്തുള്ള ഗുരുമന്ദിരത്തിലേക്ക് എത്തിയ യുവാക്കള്‍ തേങ്ങയേറ് ചടങ്ങില്‍ പങ്കെടുക്കുകയും ഇതിനിടെ എസ്.എന്‍.ഡി.പി ഭാരവാഹികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള തര്‍ക്കം വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

പിന്നാലെ സംഭവസ്ഥലത്ത് നിന്നും പോയ യുവാക്കള്‍ അല്‍പസമയത്തിന് ശേഷം തിരിച്ചെത്തി ഗുരുമന്ദിരം അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും മറ്റു തരത്തിലുള്ള രാഷ്ട്രീയ സ്വഭാവമുള്ള അക്രമമല്ല നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight: Sree Narayana Guru Mandiram damaged by SNDP Workers at Cherthala

We use cookies to give you the best possible experience. Learn more