ജാതി യാഥാര്‍ത്ഥ്യമെന്ന ഗാന്ധിയുടെ ബോധ്യത്തെ പോലും ശ്രീനാരായണ ഗുരു തിരുത്തി: എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ക്കല: ജാതി യാഥാര്‍ത്ഥ്യമെന്ന മഹാത്മാ ഗാന്ധിയുടെ ബോധ്യത്തെ പോലും ശ്രീനാരായണ ഗുരു തിരുത്തിയെന്ന് എ.എ. റഹീം എം.പി. ചാതുര്‍വര്‍ണ്യവും ജാതിയും യാഥാര്‍ത്ഥ്യമെന്ന് പറഞ്ഞ ഗാന്ധിയുടെ വാദത്തെ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ച് അദ്ദേഹത്തെ ഗുരു തിരുത്തുകയായിരുന്നുവെന്നും എ.എ. റഹീം പറഞ്ഞു.

92ാംമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചാതുര്‍വര്‍ണ്യം യാഥാര്‍ത്ഥ്യമാണ്, ജാതി യാഥാര്‍ത്ഥ്യമാണ്. ഈ മാവില നോക്കൂ, ചെറുതും വലുതുമായ ഇലകള്‍. വലുതും ചെറുതുമെല്ലാം യാഥാര്‍ത്ഥ്യമാണ്. എന്ന ഗാന്ധിയുടെ വാദത്തെ പുഞ്ചിരിച്ചുകൊണ്ട് ഗുരു സ്വീകരിച്ചു.

പിന്നീട് എഴുന്നേറ്റ് ആ മാവില്‍ നിന്ന് വലുതും ചെറുതുമായ രണ്ട് ഇലകള്‍ എടുത്തു, രണ്ടിലകളും പിഴിഞ്ഞു. എന്നിട്ട് ഗാന്ധിക്ക് കാണിച്ചുകൊടുത്തു, കാഴ്ച്ചയില്‍ വലുപ്പച്ചെറുപ്പം ഉണ്ടെങ്കിലും രണ്ടിന്റെയും നീരിന് ഒരു നിറമല്ലേ എന്ന് അദ്ദേഹം ചോദിച്ചു,’ എന്ന് എ.എ. റഹീം പറഞ്ഞു.

ഗാന്ധിയുടെ ബോധ്യത്തെ മാറ്റിമറിച്ച ആ മാവ് ഇപ്പോഴും ശിവഗിരിയിലുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. ശിവഗിരിയില്‍ ഇരുവരുടെയും ചരിത്രപരമായ ഈ സംവാദം നടന്നിട്ട് നൂറ് വര്‍ഷങ്ങള്‍ തികയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചാതുര്‍വര്‍ണ്യത്തിലും ജാതിയിലും അധിഷ്ഠിതമായ എല്ലാ പുനരുദ്ധാരണങ്ങള്‍ക്കെതിരെയും ഒഴുകിപറന്ന മഹാസാഗരത്തിന്റെ പേരാണ് ശ്രീനാരായണ ഗുരുവെന്നും എ.എ. റഹീം പറഞ്ഞു. ആ ഗുരുവിനെ വേറെ എവിടെയും കൊണ്ട് കെട്ടാനാകില്ലെന്നും റഹീം ചൂണ്ടിക്കാട്ടി.

മുമ്പ് കോട്ടയത്ത് നടന്ന പൗര സമ്മേളത്തില്‍ മധന്‍ മോഹന്‍ മാളവ്യ നടത്തിയ പ്രസംഗത്തിനെതിരെ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റ് നിന്ന്, താന്‍ ഉള്‍പ്പെടെയുള്ളവര്‍ നിങ്ങള്‍ പറയുന്ന ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമല്ലെന്ന് പറയുകയുണ്ടായി. ശുദ്ര മുനിയെ വെട്ടിക്കൊന്ന രാമനേക്കാള്‍ തങ്ങള്‍ക്കിഷ്ടം രാവണനെയാണെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു.

അതോടെ മാളവ്യ പ്രസംഗം നിര്‍ത്തി പോയെന്നും ആ ചെറുപ്പക്കാരന്‍ സഹോദരന്‍ അയ്യപ്പന്‍ ആയിരുന്നുവെന്നും എ.എ. റഹീം ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള ഒഴുക്കിനെതിരായ നീക്കങ്ങളാണ് ഉണ്ടാകേണ്ടതെന്നും എം.പി പറഞ്ഞു.

ഈ ഒറ്റമൂലി ഉണ്ടായിരുന്നെങ്കില്‍ മണിപ്പൂരില്‍ കലാപമുണ്ടാകുമായിരുന്നോ, ലോകത്ത് എവിടെയെങ്കിലും അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുമായിരുന്നോ എന്നും എം.പി ചോദിച്ചു.

റോമിലേക്ക് പോയി പരിപാടി സംഘടിപ്പിച്ച ശിവഗിരി മഠത്തിലെ ഗുരുക്കന്മാരെ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും എ.എ. റഹീം പറഞ്ഞു.

Content Highlight: Sree Narayana Guru even corrected Gandhi’s conviction that caste was a reality: A.A. Rahim