ജനീവ: ശ്രീലങ്കയുടെ തമിഴ് വംശജരോടുള്ള നടപടിക്കെതിരായി ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കയുടെ പ്രമേയത്തിന് അംഗീകാരം.13 നെതിരെ 25 വോട്ടുകള്‍ക്കാണ് പ്രമേയം മനുഷ്യാവകാശ കൗണ്‍സിലില്‍ പാസായത്.[]
ഏഷ്യയില്‍ നിന്നും ഇന്ത്യയും, ദക്ഷിണകൊറിയയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. എന്നാല്‍ പാക്കിസ്ഥാന്‍ , ചൈന, തായ്‌ലന്റ് തുടങ്ങി പതിമൂന്ന് രാജ്യങ്ങള്‍ പ്രമേയത്തിനെ എതിര്‍ത്തു.
ജപ്പാന്‍ ഉള്‍പ്പെടെയുളള എട്ട് രാജ്യങ്ങള്‍ നിക്ഷ്പക്ഷമായി നിന്നു. യു.എന്‍ പ്രമേയത്തെ ഭേദഗതികളോടെ അംഗീകരിക്കണമെന്നാണ് ഡി.എം.കെ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് പ്രസംഗത്തില്‍ പറഞ്ഞതല്ലാതെ മറ്റു ഭേദഗതികളൊന്നും ഇന്ത്യ മുന്നോട്ട് വെച്ചിട്ടില്ല. വംശഹത്യ എന്ന വാക്ക് പ്രമേയത്തില്‍ ഉപയോഗിക്കണമെന്നായിരുന്നു തമിഴ് ജനതയുടെ ആവശ്യം.
ഇതെല്ലാം പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും ഐക്യരാഷ്ട്ര സഭയില്‍ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആവശ്യപ്പെടാതിരുന്നത് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കും.
അമേരിക്കന്‍ പ്രമേയം അനുകൂലിച്ചെങ്കിലും പൊതുവെ ഇത്തരം മനുഷ്യവകാശ പ്രമേയങ്ങള്‍ക്ക് അനുകൂലമായി ഇന്ത്യ നിലപാടെടുക്കാറില്ല. ആഭ്യന്തര രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദമാണ് പ്രമേയത്തെ അനുകൂലിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
അതേസമയം ശ്രീലങ്ക ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നിയമപരമായി യു.എന്നിന് നിലപാടെടുക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.
ഈ പ്രമേയം അംഗീകരിക്കുന്നില്ലെന്നും, രാജ്യത്ത് വിവാദങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ നടന്നു വരികയാണെന്നും പ്രമേയം ഇതിനെ ബാധിക്കുമെന്നും ശ്രീലങ്കന്‍ അധികൃതര്‍ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ചു.