| Monday, 24th June 2019, 7:17 pm

'എസ്.എഫ്.ഐയെ ആക്രമിക്കുന്നതിനായി ബോധപൂര്‍വ്വം ഉപയോഗിച്ചത്'; സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് കോളെജ് യൂണിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജില്‍ നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ്. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ കോളെജിലെ എസ്.എഫ്.ഐ യൂണിറ്റിനോ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും ഇത് എസ്.എഫ്.ഐയെ ആക്രമിക്കുന്നതിനായി ബോധപൂര്‍വ്വം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതായിരുന്നു ബോര്‍ഡ്. കോളെജില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂര്‍ വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബി.ജെ.പി പരാതി നല്‍കിയിരുന്നു. ബി.ജെ.പി തൃശൂര്‍ ജില്ലാ സെക്രട്ടറി അഡ്വകേറ്റ് കെ.കെ അനീഷ് കുമാറാണ് പരാതി നല്‍കിയത്.

പരാതിയില്‍ ബോര്‍ഡ് എസ്.എഫ്.ഐ സംഘടനയിലെ വിദ്യാര്‍ത്ഥികളാണ് സ്ഥാപിച്ചതെന്നും ആരോപിക്കുന്നുണ്ട്.

ബോര്‍ഡില്‍ കാലുകള്‍ക്കിടയില്‍ നിന്നും ചുവപ്പ് നിറത്തിലുള്ള ചോര ഒലിച്ചുവരുന്നതായും അതില്‍ ഹിന്ദുക്കള്‍ ആരാധിച്ച് വരുന്ന അയ്യപ്പ സ്വാമിയുടെ ചിത്രം വരച്ചിട്ടുള്ളതായും വ്യക്തമാകുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് ഹിന്ദു മത വിശ്വാസികളായ വിദ്യാര്‍ത്ഥികളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുമെന്നും പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്നും എന്നാല്‍ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അത് എടുത്ത് മാറ്റിയെന്നും എസ്.എഫ്.ഐ യൂണിറ്റ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more