ക്ഷേത്ര നടയില്‍ വച്ച് ഖുര്‍ആനില്‍ നിന്നുള്ള വരികള്‍ രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ച് ക്ഷേത്ര ഭാരവാഹികള്‍. ഫോര്‍ട്ട് കൊച്ചിയിലെ എസ്.എന്‍.ഡി.പി ശ്രീ കാര്‍ത്തികേയ ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്.
ക്ഷേത്രത്തിലെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും പിച്ചള പൊതിയാനായി കരാറെടുത്തത് മാന്നാറിലെ എന്‍.എം.എസ് ഹാന്‍ഡിക്രാഫ്റ്റസ് ആയിരുന്നു. ഷമീര്‍ മാന്നാര്‍, ഹസ്സന്‍ മാന്നാര്‍ എന്നിവരാണ് കമ്പനി ഉടമസ്ഥര്‍.
കമ്പനിയുടെ കീഴില്‍ എസ്. ഗണേശന്‍ ആചാരി, പ്രശാന്ത് ആചാരി, രഘു ആചാരി, രാഹുല്‍ ആചാരി, മോഹനന്‍ ആചാരി എന്നിവരാണ് പിച്ചള പാകിയത്. ഇന്നാണ് ജോലികള്‍ തീര്‍ത്ത് നാടിന് സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ ഉണ്ടായത്.
ജോലികള്‍ ചെയ്തവരെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയവരെയും ചടങ്ങില്‍ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. കരാറെടുത്ത കമ്പനിക്കുള്ള ഉപഹാരം വാങ്ങാനെത്തിയപ്പോഴാണ് ഷമീറിന് ‘ആയത്തുല്‍ ഖുര്‍സി’ എഴുതിയ ഫലകം നല്‍കിയത്. ക്ഷേത്ര നടയില്‍ വച്ച് ക്ഷേത്രകമ്മറ്റി അദ്ധ്യക്ഷന്‍ കെ.ടി സജീവ് ഉപഹാരം നല്‍കിയത്.
‘ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ പേരും വിലാസവുമൊക്കെ കമ്മറ്റി ഭാരവാഹികള്‍ വാങ്ങിയിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് ഒരു മെമന്റോ മാത്രമാണ്. ഉപഹാരം വാങ്ങാന്‍ ചെന്നപ്പോഴാണ് ഇങ്ങനൊരു ഫലകം കണ്ടത്.
മുസ്‌ലിം സംബന്ധമായ ഒന്ന് തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് വാങ്ങിക്കുന്ന സമയത്ത് ഞെട്ടിപ്പോയി. നമ്മുടെ നാട്ടിലെ നിലവിലെ സാഹചര്യം വച്ച് ഒരമ്പലത്തില്‍ വെച്ച് ഇത്തരമൊരു ഉപഹാരം വാങ്ങുമ്പോള്‍ ഞെട്ടിപ്പോയി. മുമ്പ് നേരത്തെ പല ഉപഹാരങ്ങളും പൊന്നാടകളും ഒക്കെ ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു അനുഭവം ആദ്യമായാണ്’- ഷമീര്‍ മാന്നാര്‍
സമാനമായ അനുഭവം തന്നെയായിരുന്നു പ്രളയ കാലത്ത് മലപ്പുറത്തും ഉണ്ടായത്.
കനത്ത് പെയ്ത മഴയിലും മലവെള്ളത്തിലും കണ്ണൂരിലെ ശ്രീകണ്ഠപുരം പുഴയില്‍ നിന്നുള്ള പ്രളയജലം തീരത്തുള്ള പഴയങ്ങാടി അമ്മകോട്ടം ദേവീ ക്ഷേത്രത്തെ പൂര്‍ണമായും മുക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തില്‍ ആദ്യമായാണ് വെള്ളം കയറുന്നത്. ശ്രീകോവിലിലടക്കം വെള്ളം കയറിയിരുന്നു.
രണ്ട് ദിവസത്തെ പ്രളയമിറങ്ങിയപ്പോള്‍ ബാക്കിയായത് മാലിന്യകൂമ്പാരമായിരുന്നു. പ്ലാസ്റ്റിക്കും മരത്തടികളും ചപ്പുചവറുകളും കന്നുകാലികളുടെ ജഡവും തുടങ്ങി ശ്രീകോവിലടക്കം മാലിന്യവും ചെളിയും കൊണ്ട് മൂടി.
നിത്യപൂജകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇതെല്ലാം വൃത്തിയാക്കുന്നത് വലിയ വെല്ലുവിളിയായപ്പോഴാണ് പഴയങ്ങാടി പ്രദേശത്തെ മുസ്ലിം ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് ടീം രംഗത്തെത്തിയത്. ക്ഷേത്രം വൃത്തിയാക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അതിനെന്താ പൂര്‍ണ സന്തോഷമെന്ന് പൂജാരിയുടെ മറുപടിയും ലഭിച്ചു. അതോടെ ഇരുപത്തിയഞ്ചോളം വരുന്ന വൈറ്റ് ഗാര്‍ഡ് ടീം പൂര്‍ണ സജ്ജരായി ശുചീകരണത്തിനിറങ്ങി. മണിക്കൂറുകള്‍ക്കകം ശ്രീകോവിലും ക്ഷേത്രപരിസരവും വൃത്തിയാകുകയും ചെയ്തു.
പണിക്കിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ക്ക് ചായയും പലഹാരവും വെള്ളവുമായി പൂജാരിയും സംഘവും കൂടെ തന്നെ ഉണ്ടായിരുന്നു. പണിയും കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളുടെ മനസ്സ് നിറഞ്ഞ സനേഹവും അഭിനന്ദനവും വാങ്ങിയാണ് വൈറ്റ് ഗാര്‍ഡ് സംഘം ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.
നടന്‍ ആസിഫ് അലി ഉള്‍പ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘ഇത് കേരളം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ക്ഷേത്രം വൃത്തിയാക്കുന്ന പ്രവര്‍ത്തകരുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഏത് മതത്തിനായാലും ആരാധിക്കുന്ന ദൈവത്തിന് ഒരു രൂപമാണ് ഉള്ളതെന്നും മതം മനുഷ്യസ്നേഹത്തെ അടയാളപ്പെടുത്താനുള്ളതാണെന്നും അതുകൊണ്ട് ഏത് മതത്തിലുള്ളവര്‍ ക്ഷേത്രം വൃത്തിയാക്കാന്‍ വന്നാലും അത് തങ്ങള്‍ക്ക് സന്തോഷമാണെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്.
” ഏത് മതക്കാരായാലും അവര്‍ ആരാധിക്കുന്ന ദൈവത്തിന് ഒരു രൂപമാണുള്ളത്, മതം മനുഷ്യസ്നേഹത്തെയാണ് അടയാളപ്പെടുത്തേണ്ടത് അതുകൊണ്ട് ക്ഷേത്രം ശുചീകരിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ വന്നാലും ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ വന്നാലും അത് ഞങ്ങള്‍ക്ക് സന്തോഷം മാത്രമാണെന്ന് ”ക്ഷേത്രം ഭാരവാഹിയായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞത്.
മുസ്‌ലീം ഭൂരിപക്ഷ മേഖലയാണെങ്കിലും നിത്യവും അമ്മകോട്ടം ദേവിക്ഷേത്രത്തിലെ കീര്‍ത്തനങ്ങള്‍ കേട്ടാണ് ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതും വീട്ടിലെത്തുന്നതുമെല്ലാം. അതുകൊണ്ട് തന്നെ അമ്പലം വൃത്തിയാക്കാന്‍ ഇറങ്ങിയത് ഞങ്ങള്‍ക്ക് പൂര്‍ണമായും സന്തോഷവും അഭിമാനവുമാണെന്നാണ് വൈറ്റ് ഗാര്‍ഡ് സംഘത്തെ നയിച്ചവരും പറയുന്നത്.
ബലി പെരുന്നാളായ ഇന്ന് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിന് മുന്‍പ് നാട്ടിലെ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ തിരി തെളിയട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ഇവര്‍ പറയുന്നു.