കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിനിയുടെ പിതാവ് സതീഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. വിദ്യാര്‍ത്ഥിനിക്ക് തുടര്‍ച്ചയായി മനോവിഷമം ഉണ്ടാക്കിയവരാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധയുടെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തേണ്ടതുണ്ടെന്നും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ക്ക് പീഡനമുറികളായിക്കൂടാ എന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു. സഹപാഠിയായിരുന്ന ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കോളേജിലെ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ചത്.
സംഘടനകളുടെ പിന്തുണയില്ലാതെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് സമരം നടത്തുന്നത്. സ്ഥാപനത്തിലെ എച്ച്.ഒ.ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിക്കുന്നത്.
ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിച്ച വിവരം സ്‌കൂള്‍ അധികാരികള്‍ ആശുപത്രിയില്‍ മറച്ചുവെച്ചെന്നും അതുകൊണ്ട് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവള്‍ തങ്ങളുടെ കൂടെ ഒരുപക്ഷേ ഉണ്ടാകുമായിരുന്നെന്നും സഹപാഠികള്‍ പറയുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിനിയുടെ പിതാവ് സതീഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പഠിക്കാന്‍ മിടുമിടുക്കിയായ ശ്രദ്ധയുടെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തേണ്ടതുണ്ട്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ക്ക് പീഡനമുറികളായിക്കൂടാ എന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. വിദ്യാര്‍ഥിനിക്ക് തുടര്‍ച്ചയായി മനോവിഷമമുണ്ടാക്കിയവരാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപമടക്കം ഏറ്റവും ഗൗരവത്തിലെടുത്ത് കൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.