Advertisement
Kerala News
10 മിനുട്ടില്‍ ഫലം, നൂറു ശതമാനം കൃത്യത; കൊവിഡ് പരിശോധനയ്ക്ക് പുതിയ ഉപകരണം കണ്ടെത്തി ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 17, 02:21 am
Friday, 17th April 2020, 7:51 am

തിരുവനന്തപുരം: കൊവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ രോഗനിര്‍ണയത്തിന് പുതിയ കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍. കൊവിഡിന്റെ എന്‍ ജീന്‍ കണ്ടെത്തുന്നതിനായി ആര്‍ടി ലാംപ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ലോകത്തുതന്നെ ആദ്യമായാണ് കൊറോണ വൈറസിന്റെ എന്‍ ജീന്‍ വികസിപ്പിച്ചെടുക്കുന്ന തരം ഉപകരണം കണ്ടെത്തുന്നതെന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

പത്തു മിനുട്ടിനുള്ളില്‍ ഫലം അറിയാം എന്നതാണ് ഉപകരണത്തിന്റെ പ്രത്യേകത. ആലപ്പുഴയിലെ വൈറോളജി ലാബില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് കൃത്യതയുണ്ടെന്ന് തെളിഞ്ഞതായും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ഉപകരണത്തിന്റെ കൃത്യതയെ സംബന്ധിച്ച് ഐ.സി.എം.ആറിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന പക്ഷം ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമെന്നും മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനിതക വ്യതിയാനം ഉണ്ടായാല്‍ പോലും ഫലം ശരിയായ രീതിയില്‍ തന്നെ ലഭിക്കും. സാമ്പിളെടുക്കുന്നതു മുതല്‍ പരിശോധനവരെ രണ്ടു മണിക്കൂര്‍ സമയമാണ് ആകെ വേണ്ടി വരിക. ഒരു ബാച്ചില്‍ 30ഓളം സാമ്പിളുകള്‍ പരിശോധിക്കാനാവുമെന്നും സെന്റര്‍ അറിയിച്ചു.

ആയിരം രൂപയില്‍ താഴെ മാത്രമാണ് പരിശോധനയ്ക്ക് ചെലവ് വരികയുള്ളു. കൃത്യതയും പരിശോധനയ്‌ക്കെടുക്കുന്ന സമയവും കണക്കാക്കി വ്യാപകമായി പരിശോധനകള്‍ നടത്താനാകുമെന്നും മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ