ചാലക്കുടി: ക്യാന്‍സര്‍ പ്രതിരോധ ചികിത്സാ മേഖലയില്‍ വിപുലമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശ്രദ്ധ കാന്‍സര്‍ പ്രതിരോധ പദ്ധതിയ്ക്ക് ചാലക്കുടിയില്‍ ഈ വര്‍ഷം തുടക്കമാവുന്നു. ഇന്നസെന്റ് എം.പി തന്റെ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളിലും മാമോഗ്രാഫി യൂണിറ്റുകള്‍ സജ്ജമാക്കും.
കൊടുങ്ങല്ലൂര്‍, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, താലൂക്ക് ആശുപത്രികളിലാണ് സ്തനാര്‍ബുദ നിര്‍ണ്ണയത്തിനുള്ള പുതിയ യൂണിറ്റുകള്‍ നിലവില്‍ വരിക. ഇതിനായി എം.പി ഫണ്ടില്‍ നിന്നും 3 കോടി രൂപയാണ് ചെലവഴിക്കുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപ്ത്രിയില്‍ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. 61 ലക്ഷമാണ് ഇതിനായി ചെലവഴിക്കുന്നത്.
നാല് മാമോഗ്രാഫി യൂണിറ്റുകളാണ് ഈ വര്‍ഷം സ്ഥാപിക്കുക ഒരെണ്ണം അടുത്ത വര്‍ഷം സ്ഥാപിക്കും. ഇതാദ്യമായാണ് സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാന്‍സര്‍ നിര്‍ണ്ണയത്തിനായി ഇത്രയും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ജില്ലാ ആശുപത്രികളില്‍ മാത്രമാണ് സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള സൗകര്യങ്ങള്‍ ഉള്ളത്.
പാവപ്പെട്ടവര്‍ക്ക് പൂര്‍ണമായും സൗജന്യ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും കാന്‍സര്‍ ചികിത്സാ രംഗത്തെ വിദഗ്ധനായ ഡോ വി.പി ഗംഗാധരന്‍ ഉള്‍പ്പടെയുള്ളവരുടേ സേവനവും “ശ്രദ്ധ” പദ്ധതിക്കുവേണ്ടി ഉപയോഗപ്പെടുത്തുമെന്നും പദ്ധതിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തുമെന്നും ഇന്നസെന്റ് എം.പി പത്രകുറിപ്പില്‍ പറഞ്ഞു.