റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതും ശരീര താപനില പരിശോധിക്കുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികളിലേക്കാണ് രാജ്യം നീങ്ങുന്നത്.
പൊതു സ്ഥലങ്ങളിലും അതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലും സാമൂഹിക അകല നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ 1000 സൗദി റിയാല്‍ വരെ പിഴ ഈടാക്കുമെന്നാണ് ഉത്തരവ് വന്നിരിക്കുന്നത്.
സൗദിയുടെ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് നിയന്ത്രണം ലംഘിക്കുകയാണെങ്കില്‍ 1000 റിയാല്‍ ഈടാക്കുമെന്നും എന്നാല്‍ പിന്നീട് തുടര്‍ച്ചയായി സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ പിഴ ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു ലക്ഷം റിയാല്‍ വരെ (19,80,000 ഇന്ത്യന്‍ രൂപ) ഇത്തരത്തില്‍ പിഴ ഈടാക്കുമെന്നാണ് പറയുന്നത്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് സൗദിയെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിലേക്കെത്തിച്ചത്. വ്യാഴാഴ്ച 3168 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ മതതീര്‍ത്ഥാടന കേന്ദ്രമായ മക്കയിലും സൗദി കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.
സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി മക്കയിലെ പള്ളിയുടെ തറയില്‍ അടയാളങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞ സമയത്ത്, ഒക്ടോബര്‍ 17ന് ഈ അടയാളങ്ങളെല്ലാം മായ്ച്ച് കളഞ്ഞതായിരുന്നു.
തീര്‍ത്ഥാടകര്‍ തമ്മിലും, തീര്‍ത്ഥാടകരും പള്ളിയും തമ്മിലും നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിച്ചിരിക്കണമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.
പൗരന്‍മാര്‍ക്ക് മൂന്നാമത്തെ ഡോസ് വാക്സിന്‍ (ബൂസ്റ്റര്‍ ഡോസ്) വിതരണം ചെയ്യുമെന്ന് നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്.
മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സൗദിയിലാണ്.
അതേസമയം കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ സംബന്ധിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
ഒമിക്രോണോട് കൂടി കൊവിഡ് അവസാനിക്കുമെന്ന് കരുതുന്നത് തെറ്റാണെന്നും
ഇത് നിസാരമായ വകഭേദമാണെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നുമാണ് സംഘടന കഴിഞ്ഞ ദിവസം പറഞ്ഞത്.
ഒമിക്രോണ്‍ എന്നത് കൊവിഡിന്റെ അവസാനമായിരിക്കും, ഒടുവിലത്തെ വകഭേദമായിരിക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് ഡബ്ല്യു.എച്ച്.ഒ ടെക്‌നിക്കല്‍ വിഭാഗം മേധാവിയായ മരിയ വാന്‍ കെര്‍കോവും പ്രതികരിച്ചു.
ഫ്രാന്‍സ്, ഗ്രീസ്, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കണക്കുകള്‍ പുതിയ റെക്കോര്‍ഡുകളിലെത്തിയിരിക്കുകയാണ്.
പലയിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടിട്ടുണ്ട്.
ഒരു കോടിക്കടുത്ത് (95 ലക്ഷം) കൊവിഡ് കേസുകളാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞയാഴ്ച ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തത്. അതിന് മുന്‍പുള്ള ആഴ്ചയിലുള്ളതിനെക്കാള്‍ 71 ശതമാനം അധികം കേസുകളാണിത്.