| Monday, 16th July 2018, 6:55 pm

മഠങ്ങള്‍ അധോലോക കേന്ദ്രങ്ങള്‍; പൊതു സമൂഹത്തിലുള്ളതിനേക്കാള്‍ പത്തിരട്ടി പുരുഷാധിപത്യമുണ്ട് സഭയില്‍ - സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

അന്ന കീർത്തി ജോർജ്

ലന്ധര്‍ അതിരൂപത ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയുമായി കന്യാസ്ത്രീ മുന്നോട്ടുവന്നത് ഈയിടെയാണ്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ അഞ്ച് പുരോഹിതന്മാര്‍ക്കെതിരെയും വീട്ടമ്മയുടെ ഭാഗത്തുനിന്നും സമാന പരാതി ഉയര്‍ന്നിരിക്കുന്നു. കുറ്റാരോപിതരായ പുരോഹിതരെ ഇരു സഭാവിഭാഗങ്ങളും സംരക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കു നേരിട്ട പീഡനം തുറന്നുപറഞ്ഞുകൊണ്ട് മഠത്തില്‍ നിന്നും പുറത്തുവന്ന സിസ്റ്റര്‍ ജെസ്മി ഇന്നു ഉയര്‍ന്നുവന്നിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു. തന്റെ ആത്മകഥയില്‍ കേരളത്തിലെ കത്തോലിക്കാ സഭയില്‍ പ്രത്യേകിച്ച്, മഠങ്ങളില്‍ നിലനില്‍ക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ച സിസ്റ്റര്‍ ജെസ്മി തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്.

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പീഡനപരാതികള്‍ സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. കേരളത്തിലെ വിവിധ വിഭാഗങ്ങളിലെ പുരോഹിതന്മാര്‍ക്കെതിരെയും പരാതികള്‍ ഉയരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം ദുരനുഭവങ്ങളെ അതിജീവിച്ച്, അത് തുറന്നുപറഞ്ഞു പുറത്തുവന്ന വ്യക്തി എന്ന നിലയില്‍ ഇക്കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഉയര്‍ന്നു വന്ന പരാതികളിലുള്ള സഭയുടെ നിലപാടുകളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

അന്ന് ഞാന്‍ തുറന്നുപറഞ്ഞപ്പോള്‍ കരുതിയത് ഇതോടുകൂടെ ഈ പീഡനങ്ങള്‍ക്കു ഒരു അറുതിവരുമെന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ കന്യാസ്ത്രീയുടെ പരാതിയടക്കമുള്ള വിഷയങ്ങള്‍ സഭയ്ക്ക് ഒരു മാറ്റവും സംഭവച്ചിട്ടില്ല എന്നുതന്നെയാണ് കാണിച്ചുതരുന്നത്. അന്നും ഇന്നും സഭ കുറ്റാരോപിതരായ പുരോഹിതന്മാരെ സംരക്ഷിക്കാന്‍ തന്നെയാണ് നോക്കിയിട്ടുള്ളത്. ബിഷപ്പിനെ ഒളിപ്പിച്ചു വെച്ചുകൊണ്ടാണ് സഭ ഇന്ന് കാര്യങ്ങളെ നേരിടാന്‍ നോക്കുന്നത്. സഭയുടെ പേര് കളയാതിരിക്കാനുള്ള ഈ ശ്രമങ്ങള്‍ വിഡ്ഢിത്തമാണ്. മദറിനെക്കൊണ്ടു അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നു. നല്‍കിയ പരാതി ലഭിച്ചിട്ടില്ലെന്ന് പറയുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് പോലും ചിന്തിക്കുന്നില്ല.

സി.എം.സി പാലയില്‍ നിന്നും ഇറങ്ങിയ ഒരു കന്യാസ്ത്രീയുണ്ടായിരുന്നു. അവരും ഒരു പീഡനത്തിന്റെ പേരിലാണ് പുറത്തുപോയത്. പക്ഷെ പിന്നീട് അവരെക്കുറിച്ചൊന്നും കേട്ടില്ല. ഇങ്ങിനെ പുറത്തുവരുന്ന കാര്യങ്ങളെല്ലാം നുണയാണെന്നാണ് സഭ വാദിക്കാറുള്ളത്.

ഒരു സിസ്റ്ററെ ഇറ്റലിയിലെ മഠത്തില്‍ നിന്നും പാതിരായ്ക്കു ഉന്തിതള്ളി പുറത്താക്കിയിരുന്നു. പീഡനത്തിനെതിരെ പരാതി പറഞ്ഞതായിരുന്നു കാരണം. നാട്ടിലെ മഠവും അവര്‍ക്കു മുന്‍പില്‍ വാതില്‍ തുറന്നില്ല. വഴിയിലകപ്പെട്ട സിസ്റ്ററെ പിന്നീട് ആരോ അനാഥശാലയിലാക്കുകയായിരുന്നു. പിന്നീട് ഫാ.പോള്‍ ചേലക്കാട്ടിന്റെ മധ്യസ്ഥതയില്‍ 12 ലക്ഷം കൊടുത്ത് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കുകയായിരുന്നു.

സഹോദരന്‍ അവരെ വീട്ടിലേക്കു കൊണ്ടുപോയി. സഭാവസ്ത്രം ഇനി ഉപയോഗിക്കരുതെന്നയായിരുന്നു സഭാ മേലധികാരികളുടെ പ്രധാന നിര്‍ദേശം. അത് മനസിലാക്കാം. പക്ഷെ അവര്‍ അടുത്തതായി പറഞ്ഞത് ഇനിയൊരിക്കലും സിസ്റ്റര്‍ വായ തുറക്കരുത് എന്നായിരുന്നു. മാധ്യമങ്ങളോടോ മറ്റാരോടുമോ ഒന്നും ഒരിയ്ക്കലും പങ്കുവെയ്ക്കരുത് എന്നായിരുന്നു.

12 ലക്ഷം കൊണ്ട് ആ സിസ്റ്ററുടെ നാക്കുകെട്ടി. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാതിരുന്ന സിസ്റ്റര്‍ പണം സ്വീകരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ലായിരുന്നു. എനിക്ക് ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ ആ സിസ്റ്റര്‍ എവിടെ? അവര്‍ക്കൊന്ന് മിണ്ടാന്‍ അനുവാദമില്ല. സഭയ്ക്കു എന്തെങ്കിലും സൗഹൃദമുണ്ടായിരുന്നെങ്കില്‍ സിസ്റ്ററോടൊപ്പം നില്‍ക്കില്ലായിരുന്നോ?

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ തുറന്നുപറയാനുള്ള സ്വാതന്ത്രമില്ലെന്നും ജനാധിപത്യപരമല്ലാത്ത വ്യവസ്ഥകളാണ് അവിടെ നിലനില്‍ക്കുന്നതെന്ന് സിസ്റ്ററും അതിനു മുന്‍പും ശേഷവും നിരവധി പേരും തുറന്നുപറഞ്ഞിട്ടുണ്ട്.

മഠങ്ങളില്‍ ജനാധിപത്യമില്ല. വീടുകളില്‍ വരെ ജനാധിപത്യപരമായിട്ട് കാര്യങ്ങള്‍ നീങ്ങാന്‍ തുടങ്ങിയിട്ടും ഇന്നും മഠങ്ങളിലേക്കു ഇത് കടന്നെത്തിയിട്ടില്ല. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കു വിലകല്പിക്കുന്ന വീടായിരുന്നു എന്റേത്. അവിടെ നിന്നാണ് ഞാന്‍ ഒട്ടും ജനാധിപത്യപരമല്ലാത്ത ഒരു സ്ഥലത്തേക്ക് എത്തിയത്. ഒരിക്കല്‍ മഠത്തിലെ മദര്‍ എന്നോട് തുറന്നു പറഞ്ഞു, നമുക്കിവിടെ ഡെമോക്രസിയില്ല. ഹയരാര്‍ക്കി മാത്രേ ഉള്ളു എന്ന്. പവര്‍ അഥവാ അധികാരം ആണ് അവിടെ കൊടികുത്തി വാഴുന്നത്.

അനുസരണവ്രതം അനുഷ്ഠിക്കുന്നവരാണ് കന്യാസ്ത്രീകള്‍. ഒരിക്കല്‍ ഞാന്‍ മദറിനോട് തുറന്നുപറഞ്ഞു. ദൈവഹിതം വിവേചിച്ചറിഞ്ഞ് എന്നോട് പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ പോലും ഞാന്‍ മടിക്കില്ല. പക്ഷെ മദര്‍ മദറിന്റെ ഇഷ്ടങ്ങളാണ് പറയുന്നത്. അധികാരികളുടെ താല്‍പര്യങ്ങളാണ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ലൗകികമായ തീരുമാനങ്ങളല്ലേ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു.

മഠങ്ങളെ ഞാന്‍ മറ്റൊരു ലോകമെന്നാണ് മുന്‍പ് പറയാറുള്ളത്. പക്ഷെ ഇപ്പോള്‍ ഇത് ഒരു ഗുണ്ടാലോകമെന്നോ അധോലോകമെന്നോ എന്ന് വിളിക്കേണ്ട ഗതികേടിലേക്കെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. കാരണം ഇവരുടെ ഒരേഒരു ഉദ്ദേശം പുറത്തു നല്ലപേര് കിട്ടണം എന്നു മാത്രമാണ്. എത്ര വഴക്കുകളും പ്രശ്‌നങ്ങളുമുണ്ടായാലും പുറത്തു ചിരിച്ചു നില്‍ക്കും. സ്‌കൂളിലും കോളേജിലുമൊക്കെയുള്ള അധ്യാപകരായ കന്യാസ്ത്രീമാര്‍ക്കിടയില്‍ ഇത് പതിവാണ്. പരസ്പരം എത്ര ശത്രുതയുണ്ടെങ്കിലും കുട്ടികളുടെ മുന്‍പില്‍ ചിരിച്ചു തന്നെ നില്‍ക്കും. മുഴുവന്‍ നാടകമാണ്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ ഉള്‍പ്പിരിവുകളും വഴക്കുകളുമൊക്കെ പുറത്തുവരാന്‍ തുടങ്ങി. അപ്പോള്‍ മഠങ്ങള്‍ കൂടുതല്‍ റെസ്ട്രിക്റ്റഡ് ആകാനും തുടങ്ങി.

ക്രിസ്ത്യന്‍ സഭകളിലെ വ്യത്യസ്ത വിഭാഗങ്ങളിലെ അല്‍മായരായ സ്ത്രീകളും കന്യാസ്ത്രീകളുമൊക്കെ അവര്‍ക്കെതിരെ നടന്നിട്ടുള്ള ചൂഷണങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ടു മുന്നോട്ടവരുന്നതാണ് നാം കാണുന്നത്. നാളുകള്‍ക്കു ശേഷമാണ് പലരും പുറത്തു പറയാനെങ്കിലും തയ്യാറാകുന്നത്. ഇത് വിരല്‍ ചൂണ്ടുന്നത് കത്തോലിക്ക സഭയിലെ പുരുഷാധിപത്യത്തിലേക്കുകൂടിയല്ലേ? സ്്ത്രീവിരുദ്ധമാണ് സഭയുടെ ചട്ടക്കൂടുകള്‍ എന്നു കൂടി ഈ സംഭവങ്ങള്‍ എന്നു സൂചിപ്പിക്കുന്നില്ലേ?

ആണ്‍മേല്‍ക്കോയ്മ സമൂഹത്തിലുണ്ടങ്കില്‍ അതിന്റെ പത്തിരട്ടിയാണ് കത്തോലിക്ക സഭയില്‍ ഉള്ളത്. ഈശോയെ കൊണ്ടുനടന്നത് ആണുങ്ങളായിരുന്നു എന്നാണല്ലോ പറയുന്നത്. മഗ്ദലനമറിയത്തെപ്പറ്റി സംസാരിക്കാന്‍ സമ്മതിക്കില്ല. ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത് കന്യാസ്ത്രീകളാണ്. ഈയിടെ സിനിമ – സീരിയല്‍ താരമായ നിഷ സാരംഗ് സംവിധായകന്റെ മോശമായ പെരുമാറ്റത്തിനെതിരെ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നു. അവര്‍ക്ക് അതിനുള്ള വേദിയുണ്ട്. ഒന്നുമില്ലെങ്കിലും താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടാന്‍ വീട്ടുകാരും മക്കളും അയല്‍ക്കാരുമുണ്ട്.

ഈ സിസ്റ്റര്‍മാര്‍ക്കു മാത്രം ആരുമില്ല. പരാതികള്‍ പറയാന്‍ വേദികളില്ല. ചോദിക്കുമ്പോള്‍ പറയും ഇതിനുള്ള സംവിധാനമുണ്ടെന്ന്. അരമന കോടതികള്‍ ചൂണ്ടികാണിയ്ക്കും. പക്ഷെ ഈ കോടതികള്‍ ആകെ കൈകാര്യ ചെയ്യുന്ന വിഷയം വിവാഹമോചനം മാത്രമാണ്. അതും ആറും എട്ടും വര്‍ഷം വലച്ച ശേഷമേ അനുവദിക്കൂ. ഈ കോടതികളില്‍ ഒരിക്കലും സിസ്റ്റര്‍മാരുടെ പ്രശ്‌നങ്ങളെത്താറില്ല.

പിന്നീട് ഇവര്‍ പറയുന്ന കാര്യം ബിഷപ്പിനോട് പരാതി പറയാമെന്നാണ്. അത് എത്ര വ്യര്‍ത്ഥമാണെന്ന് നിരവധി സംഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. ഈ പരാതി കൊടുക്കുന്നതിനുള്ള സംവിധാനം തന്നെ പരിശോധിച്ചാല്‍ മനസ്സിലാകും നീതി കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത സംവിധാനമാണിതെന്ന്. പരാതിപ്പെടണമെങ്കില്‍ മദര്‍, പ്രൊവിന്‍ഷ്യാല്‍ ഹെഡ് എന്നിവരുടെ അനുവാദം വാങ്ങണം. മദറിനെക്കുറിച്ചുള്ള പരാതിയാണെങ്കില്‍ പ്രൊവിന്‍ഷ്യാല്‍ ഹെഡ് വഴി ബിഷപ്പിനു പരാതി കൊടുക്കാം. ഇതില്‍ നിന്നുതന്നെ വ്യക്തമല്ലേ ഇവര്‍ പരാതിപ്പെടുന്ന വ്യക്തിയ്‌ക്കൊപ്പമല്ല ഭരണസംവിധാനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുകയെന്ന്.

ഇങ്ങിനെ മഠത്തിലെ രീതികള്‍ക്കെതിരെക്കുറിച്ച് പരാതിക്കൊടുത്ത വിവരം മഠത്തിലറിയും. അറിഞ്ഞു കഴിഞ്ഞാല്‍ വളരെ കഠിനമായ വിവേചനവും മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.

പീഡനവിവരം തുറന്നുപറഞ്ഞാലോ പരാതി പറഞ്ഞാലോ മറ്റൊരു അഭയായി മാറേണ്ടി വരുമോ എന്ന് ഭയന്നിരുന്നതായി കന്യാസ്ത്രീയും ബന്ധുക്കളും പറയുന്നു. ഇപ്പോഴും ഭയന്നുതന്നെയാണ് കഴിയുന്നതെന്ന് പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മാധ്യമങ്ങളോടു സംസാരിച്ച പുരോഹിതനെതിരെയും ഭീഷണികളുയര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇത്രമാത്രം പേടിപ്പെടുത്തുന്നതാണോ കത്തോലിക്ക സഭയും മഠങ്ങളും?

തീര്‍ച്ചയായും. അന്ന് ഞാന്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോഴും എന്റെയും എന്നോട് സ്നേഹമുള്ളവരുടെയുമെല്ലാം പേടി ഞാന്‍ മറ്റൊരു അഭയായി തീരുമോ എന്നു തന്നെയായിരുന്നു. കേരളത്തിലെ കത്തോലിക്ക സഭയിലെ ചട്ടക്കൂടുകള്‍ അത്രമാത്രം ശക്തമാണ്. അതിനെ ഭയം തന്നെയാണ് എല്ലാവര്‍ക്കും.

വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഏതു പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരായാലും സഭയിലെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകില്ല.

മഠങ്ങളില്‍ ഇതുപോലെ ആരെങ്കിലും തുറന്നു പറഞ്ഞാന്‍ മറ്റുള്ളവരെ പലതും പറഞ്ഞ് പേടിപ്പിക്കും. ഇപ്പോള്‍ ഈ സിസ്റ്ററുടെ മഠത്തില്‍ എല്ലാ സിസ്റ്റര്‍മാരോടും പറയുന്നത് ആരും ഇത്തരത്തില്‍ പുറത്തു പറയരുത് എന്നാകും. സഭയെ ഇനിയും നാണംകെടുത്തരുത് എന്നാകും പ്രധാനമായി പറയുന്നുണ്ടാവുക. ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തന്നെ കുമ്പസാരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടാവും.

പല പ്രശ്നങ്ങളും മറച്ചുവെക്കാന്‍ മാനസികരോഗമുണ്ടാക്കാനുള്ള മരുന്നുകള്‍ സിസ്റ്റര്‍മാര്‍ക്ക് നല്‍കുന്ന സ്ഥലങ്ങളാണ് പല മഠങ്ങളും. അവിടെ നിന്നും പുറത്തുവന്നപ്പോള്‍ ഞാന്‍ അനുഭവിച്ച ആശ്വാസം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

ജലന്ധര്‍ വിഷയത്തില്‍ ബിഷപ്പിനെ സ്ഥാനത്തു നിന്നു മാറ്റണമെന്നും ലൈംഗികാക്രമണ വിഷയങ്ങളില്‍ സ്റ്റേറ്റ് നിയമങ്ങളോടു സഹകരിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാര്‍പാപ്പയുടെ പ്രതിനിധിക്ക് കത്തയച്ചിട്ടുണ്ടല്ലോ. ഇത്തരം വിഷയങ്ങള്‍ പൊലീസില്‍ അറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സഭ ചട്ടക്കൂടിനെ എതിര്‍ത്തുക്കൊണ്ട് ന്യായത്തിനായി അല്മായരായ സഭ വിശ്വാസികള്‍ മുന്നോട്ട് വരുന്നത് എത്രമാത്രം പ്രതീക്ഷാജനകമാണ്? സഭയെ ഇത്തരം മുന്നേറ്റങ്ങള്‍ പേടിപ്പെടുത്തുന്നുണ്ടോ?

ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും ഇത്തരത്തില്‍ മുന്നോട്ട് വരുന്നത് ഏറെ പ്രതീക്ഷാജനകമാണ്. ഏറ്റവും പ്രധാനപ്പെട്ട വിഷയം പീഡനമോ മറ്റു ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളോ ഉണ്ടായാല്‍ പൊലീസിലറിയിക്കാന്‍ ആവശ്യപ്പെടുന്നു എന്നതു തന്നെയാണ്. മറ്റെല്ലായിടത്തും പൊലീസില്‍ വിവരമറിയിക്കുക എന്ന രീതി നിലവിലുണ്ടെങ്കില്‍ മഠങ്ങളിലോ കന്യാസ്ത്രീകള്‍ക്കിടയിലോ അത്തരമൊരു രീതി നിലനില്‍ക്കുന്നില്ല.


ALSO READ ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്തു നിന്ന് നീക്കണം; അജപാലനദൗത്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണം; ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍


ഒരു ചര്‍ച്ചയില്‍ ഹിന്ദു വക്കീല്‍ ചോദിക്കുന്ന കേട്ടു എന്തുകൊണ്ട് സിസ്റ്റര്‍ പൊലീസില്‍ ആദ്യമേ അറിയിച്ചില്ലയെന്ന്. വിവരമില്ലെമില്ലെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. ഇല്ല തന്നെയാണ് എന്റെ മറുപടി. പൊലീസില്‍ അറിയിക്കരുതെന്നാണ് മഠങ്ങളില്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍ പരാതിയുമായി മുന്നോട്ടുവന്ന സിസ്റ്റര്‍ എനിക്കൊരു അത്ഭുതം തന്നെയാണ്.

അങ്ങിനെ ഒരു പരാതി നല്‍കിയാല്‍ ഒരു ദിവസം പോലും അവിടെ ജീവിക്കാനാകില്ല. പക്ഷെ ഇതിനു ശേഷവും ആരെങ്കിലും അങ്ങിനെയൊക്കെ മുന്നോട്ടു വരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന മഠത്തിന്റെ ചട്ടക്കൂടുകളില്‍ അത് സാധ്യമല്ല.

മിണ്ടാതെ കുത്തിയിരുന്നോ… മിണ്ടാതെ ഒതുക്കിതീര്‍ത്തോയെന്ന് ഇവര്‍ ഇനിയും പറയും. അഡ്മിഷന്‍ വിഷയങ്ങളിലുണ്ടായ പരാതി പറയാന്‍ വൈദീകനായ ഒരു അഡ്വക്കറ്റിനെ കാണാന്‍ പോകുമ്പോള്‍പോലും എത്ര കഷ്ടത അനുഭവിച്ചുവെന്ന് ഞാന്‍ ആമേനില്‍ പറയുന്നുണ്ട്. ഒരു വൈദീകനായ അഡ്വക്കറ്റിനെ കാണാന്‍ പോകാന്‍ പോലും അനുവാദമില്ല സ്ഥിതിയില്‍ പൊലീസിന് പരാതി നല്‍കലെല്ലാം കഠിനമായ വെല്ലുവിളികള്‍ നേരിടേണ്ടി വരും. അന്ന് പരാതി കൊടുത്തതിന് എനിക്ക് ഒരുപാട് ചീത്ത കേട്ടു. അധികാരികള്‍ കാര്യം തീരുമാനിക്കും. അവര്‍ ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കണം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്.

സഭ കുറ്റാരോപിതരായ പുരോഹിതരെ സംരക്ഷിക്കാന്‍ തന്നെയാണ് എന്നും നോക്കിയിട്ടുള്ളത്. ഇന്നും അതുതന്നെയാണ് നടക്കുന്നത്. സഭയ്ക്ക് പേടിയാണ്. പേര് നഷ്ടപ്പെടുമോയെന്ന പേടി.

ആമേന്‍ എഴുതുമ്പോള്‍ മനസിലുണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നു? കത്തോലിക്ക സഭയില്‍ പ്രത്യേകിച്ച് മഠങ്ങളില്‍ ആമേനു ശേഷം എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചതായി കരുതുന്നുണ്ടോ?

സമൂഹത്തില്‍ ഏറ്റവും അരക്ഷിതാവസ്ഥയിലുള്ള വിഭാഗം കന്യാസ്ത്രീകളാണ്. ഞാന്‍ പലയിടങ്ങളിലും ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. സ്വയം തലയിലെടുത്തുവെച്ചതല്ലെ എന്നാണ് ഇതിനെപ്പറ്റി പറയുമ്പോള്‍ എല്ലാവരും ചോദിക്കുക. അതെ എന്നു തന്നെയാണ് ഉത്തരം. പക്ഷെ ഇപ്പോള്‍ തലയൂരാന്‍ പറ്റാത്ത അവസ്ഥയാണ്.

ഞാന്‍ മഠം വിട്ടിറങ്ങുമ്പോള്‍ കുറച്ചു വെളിച്ചം കടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീട് സിസ്റ്റര്‍മാരെ കണ്ടപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് ഞാന്‍ ഇറങ്ങിപ്പോയെന്നും പറഞ്ഞ് ഉപവാസവും ഒരു വര്‍ഷം നീണ്ട പ്രാര്‍ത്ഥനയുമാക്കെയാണ് ഇവര്‍ക്ക് വിധിച്ചതെന്ന്. നവീകരണം നടക്കുമെന്നായിരുന്നു വിചാരിച്ചത് പക്ഷെ സിസ്റ്റര്‍മാരെ കൂടുതല്‍ ശ്വാസംമുട്ടിക്കുന്ന രീതികളായിരുന്നു പിന്നീടുണ്ടായത്. സിസ്റ്റര്‍മാര്‍ക്ക് സിനിമ കാണാന്‍ പോകുന്നത് നിഷേധിച്ചു. കര്‍ക്കശം കൂടിവരുന്നതാണ് കണ്ടത്.

പക്ഷെ ആമേന്‍ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചെന്നുള്ളത് പ്രതീക്ഷാവഹമാണ്. മാറ്റങ്ങള്‍ വരട്ടെ. പക്ഷെ മറ്റു വിഷയങ്ങളിലൊന്നും വലിയ മാറ്റം വന്നതായി തോന്നുന്നില്ല. അന്നു ഞാന്‍ എനിക്കു നേരിട്ട പീഡനങ്ങളെപ്പറ്റി തുറന്നു പറഞ്ഞുകൊണ്ടാണ് പുറത്തുവന്നത്. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറവും അതുപോലെ തന്നെ തുടരുന്നു. ഈ കേരളത്തില്‍ എനിക്ക് വലിയ മാറ്റം വരുമെന്ന വലിയ പ്രതീക്ഷയില്ല.

ആമേന്‍ എഴുതിയപ്പോള്‍ ഞാന്‍ പറഞ്ഞതിതായിരുന്നു മഠങ്ങളിലേക്ക് വെളിച്ചം കടന്നുചെല്ലണം. അതിന്റെ ഒരു മൂലയെങ്കിലും അടിച്ചുവാരി വൃത്തിയായാല്‍ ആമേന്‍ വിജയിച്ചെന്നു ഞാന്‍ പറയും. ഇനിയൊരു സിസ്റ്ററിനു മാനസികരോഗത്തിനുള്ള മരുന്നോ വിഷമോ കൊടുക്കാന്‍ കലക്കുമ്പോള്‍ ഒരു സിസ്റ്ററുടെ കൈവിറച്ചാല്‍ ആമേന്‍ ഫലപ്രദമായി. മഠത്തില്‍ നിന്നുമിറങ്ങിയ ശേഷം ഒരിക്കല്‍ ഞാന്‍ ഒപ്പമുണ്ടായിരുന്ന ഒരു സിസ്റ്ററെ കണ്ടിരുന്നു. അന്ന് എനിക്ക് വിഷം കലക്കിത്തരാന്‍ അധികാരികള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് ആ സിസ്റ്റര്‍ പറഞ്ഞ മറുപടി ചെയ്യുമെന്നായിരുന്നു. അനുസരണവ്രതമല്ലെ എന്നു അവരെന്നോട് തിരിച്ചു പറഞ്ഞു, കരഞ്ഞുകൊണ്ടുതന്നെ.

സന്ന്യാസ വൃത്തി സ്വീകരിച്ചു സഭയ്ക്കകത്തു നിന്നുതന്നെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഒട്ടും തന്നെ അവസരമില്ല എന്നാണോ സിസ്റ്റര്‍ പറയുന്നത്?

ഒരു പരിധി വരെ പ്രതീക്ഷക്ക് വകയില്ല എന്നു തന്നെയാണ് മറുപടി. ജനാധപത്യമിവിടയില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടു തന്നെയാണ് മഠങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.  മെഡിക്കല്‍ മിഷനറീസായി പുറത്തു ജോലി ചെയ്യുന്നവരായി സിസ്റ്റര്‍മാര്‍ കുറച്ചുകൂടി സ്വാതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്തരം സന്ന്യാസ സമൂഹങ്ങളില്‍ നിന്നും പുറത്തുപോകണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവര്‍ സന്തോഷത്തോടെ തന്നെ അതനുവദിക്കുകയും യാതൊരു വിവേചനവും കൂടാതെ അവരോട് തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്. It is possible. പക്ഷെ അത് കേരളത്തില്‍ സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more