വീണ്ടും സ്‌ക്വിഡ് ഗെയിമിലേക്ക് ക്ഷണിച്ച് നെറ്റ്ഫ്‌ളിക്‌സ്; സ്‌പെഷ്യല്‍ വീഡിയോ
Entertainment
വീണ്ടും സ്‌ക്വിഡ് ഗെയിമിലേക്ക് ക്ഷണിച്ച് നെറ്റ്ഫ്‌ളിക്‌സ്; സ്‌പെഷ്യല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 9:57 pm

മറ്റൊരു കൊറിയന്‍ സിനിമകളോ സീരീസുകളോ കാണാത്തവര്‍ പോലും കണ്ടിട്ടുള്ള കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഒരു സീസണ്‍ കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ ഈ സീരീസിന് സാധിച്ചിരുന്നു.

തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരീസ് നെറ്റ്ഫ്ളിക്സില്‍ റെക്കോഡ് കാഴ്ചക്കാരെയായിരുന്നു നേടിയത്. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്.

ഈ സീരീസിന്റെ രണ്ടാം സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഡിസംബര്‍ 26നാണ് എത്തുന്നത്. ഈയിടെയായിരുന്നു സ്‌ക്വിഡ് ഗെയിമിന്റെ ഒരു സ്പെഷ്യല്‍ ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ടത്. ഇപ്പോള്‍ ഒരു സ്‌പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

‘You Are Invited’ എന്ന ക്യാപ്ഷനോടെ ഒരു മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വിട്ടത്. നടന്‍ ഗോങ് യൂ (ഗോങ് ജി-ചിയോള്‍) ആണ് ഈ വീഡിയോയില്‍ ഉള്ളത്. സ്‌ക്വിഡ് ഗെയിമില്‍ സെയില്‍സ്മാനായാണ് അദ്ദേഹം എത്തിയത്.

2025ല്‍ മൂന്നാം സീസണും പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തിരുന്നത്.

ആ വര്‍ഷം നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു. 21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു.

സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന് കൊറിയന്‍ സീരീസുകളും സിനിമകളും കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യുന്നതാണ് സീരീസ്. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

Content Highlight: Squid Game2 Special Video Of Gong Yoo Out In Netflix