നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരിസുകളില്‍ ഒന്നായിരുന്നു സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമയായ സ്‌ക്വിഡ് ഗെയിം. ഇതിന്റെ മാതൃകയില്‍ നെറ്റ്ഫ്‌ളിക്സ് ‘സ്‌ക്വിഡ്ഗെയിം ദി ചാലഞ്ച്’ എന്ന പേരില്‍ ഒരു റിയാലിറ്റി ഗെയിം ഷോ കൊണ്ടുവരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
456 മത്സരാര്‍ത്ഥികളാവും മത്സരത്തില്‍ ഉണ്ടാകുകയെന്നും ലോകമെമ്പാടുമുള്ള ആര്‍ക്കും ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാമെന്നുമായിരുന്നു നെറ്റ്ഫ്ളിക്സ് അന്ന് പറഞ്ഞിരുന്നത്. മത്സരത്തില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് 4.56 മില്യണ്‍ യു.എസ് ഡോളറിന്റെ ( 35,57,21,268 ഇന്ത്യന്‍ രൂപ) സമ്മാനതുകയാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ‘സ്‌ക്വിഡ്ഗെയിം ദി ചാലഞ്ചി’ന്റെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. തുടക്കത്തില്‍ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗെയിം ഷോക്ക് മുമ്പ് മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നായിരുന്നു നെറ്റ്ഫ്‌ളിക്സ് അവകാശപ്പെട്ടത്. എന്നാല്‍ ഗെയിമിന് ഇടയില്‍ തങ്ങളെ മൃഗങ്ങളെ പോലെയാണ് പരിഗണിക്കുന്നതെന്ന് ചില മത്സരാര്‍ഥികള്‍ പരാതിപ്പെട്ടതായാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.
റെഡ് ലൈറ്റ്-ഗ്രീന്‍ ലൈറ്റ് ചാലഞ്ചിന് ഇടയില്‍ മത്സരാര്‍ഥികള്‍ക്ക് മണിക്കൂറുകളോളം അനങ്ങാന്‍ കഴിയാതെ നില്‍ക്കേണ്ടി വന്നെന്നുള്ള ആരോപണവും ഉയര്‍ന്നു. അതേസമയം നെറ്റ്ഫ്ളിക്സും ഗെയിം ഷോയുടെ നിര്‍മാതാക്കളും ഇത് തെറ്റായ ആരോപണമാണെന്നാണ് പ്രതികരിച്ചത്.
നവംബര്‍ 22നാണ് ‘സ്‌ക്വിഡ് ഗെയിം ദി ചാലഞ്ച്’ നെറ്റ്ഫ്‌ളിക്സില്‍ എത്തുന്നത്. റിയാലിറ്റി ഷോയല്ല പകരം ‘സ്‌ക്വിഡ് ഗെയിം’ കൊറിയന്‍ സീരിസിന്റെ അടുത്ത സീസണാണ് തങ്ങള്‍ക്ക് വേണ്ടതെന്ന ആവശ്യവും ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
സ്‌ക്വിഡ് ഗെയിമിന്റെ 9 എപ്പിസോഡുകളുള്ള ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. 2021ല്‍ നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരിസുകളില്‍ ഒന്നായിരുന്നു അത്. സ്‌ക്വിഡ് ഗെയിം സൗത്ത് കൊറിയയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വലിയ ഹിറ്റായി മാറിയിരുന്നു.
മലയാളികളില്‍ കൊറിയന്‍ സിനിമകളും സീരിസുകളും കാണുന്ന ആളുകള്‍ മാത്രമായിരുന്നില്ല സ്‌ക്വിഡ് ഗെയിം കണ്ടത്. കൊറിയന്‍ സിനിമകളും സീരിസുകളും ഇതുവരെ കണ്ടിട്ടില്ലാത്തവരും സ്‌ക്വിഡ് ഗെയിം കണ്ടിരുന്നു. ഈ ത്രില്ലര്‍ സീരിസ് ഹ്വാങ് ഡോങ് ഹ്യൂക്ക് ആയിരുന്നു സംവിധാനം ചെയ്തത്.
456 മത്സരാര്‍ത്ഥികള്‍ 45.6 ബില്യണ്‍ സമ്മാനത്തുക ലഭിക്കാന്‍ വേണ്ടി ഒരു മത്സരത്തില്‍ പങ്കെടുക്കുന്നതാണ് സ്‌ക്വിഡ് ഗെയിമിന്റെ ഇതിവൃത്തം. കടം കയറി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന ആളുകളാണ് ഇതില്‍ മത്സരാര്‍ത്ഥികളാകുന്നത്.
456 മത്സരാര്‍ത്ഥികളില്‍ വിവിധ തരത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു. സൗത്ത് കൊറിയയിലെ അഭയാര്‍ത്ഥി മുതല്‍ ബിസിനസ് പൊളിഞ്ഞ സമ്പന്നന്‍ വരെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരത്തിന് പല ഘട്ടങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടത്തിലും ഓരോ ഗെയിമുകളാണ് ഉണ്ടാവുക. പക്ഷേ, തോറ്റാല്‍ മരണം ഉറപ്പാണ്.
മത്സരത്തില്‍ ഓരോ ഘട്ടവും ജയിച്ചുവരികയെന്നത് മത്സരാര്‍ത്ഥികള്‍ക്ക് ജീവനോടെ പുറത്തുവരിക എന്നതാണ്. ചുരുക്കത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരും. മുതലാളിത്ത ലോകത്തില്‍ ഒരുതരത്തിലും ജയിക്കാന്‍ അവസരമില്ലാത്ത സാധാരണക്കാരുടെ കഥയായിരുന്നു സ്‌ക്വിഡ് ഗെയിം മുന്നോട്ട് വച്ചത്.
Content Highlight: Squid Game The Challenge Netflix Trailer