Entertainment
സ്‌ക്വിഡ് ഗെയിം രണ്ടാം സീസണിലെ സീക്രട്ട് പുറത്തുവിട്ട് സംവിധായകന്‍; അണ്‍റിലീസ്ഡ് ക്ലിപ്പില്‍ ആവേശത്തിലായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 28, 06:00 pm
Wednesday, 28th September 2022, 11:30 pm

നെറ്റ്ഫ്‌ളിക്‌സിലെ സൂപ്പര്‍ ഹിറ്റ് സീരിസുകളിലൊന്നായ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആ ഫാന്‍സിന് വേണ്ടി ചെറിയൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഹ്വാങ് ദോ ക്യോ (Hwang Dong-hyuk).

നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ഫാന്‍ ഇവന്റായ ടുഡും (TUDUM)ന്റെ ഭാഗമായാണ് റീലിസ് ചെയ്യാത്ത രണ്ടാം സീസണിലെ ഒരു ഭാഗം സംവിധായകന്‍ കാണിച്ചു തന്നിരിക്കുന്നത്.

40 സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ ഫ്രന്റ് മാന്‍ എന്ന കഥാപാത്രത്തെയാണ് കാണിക്കുന്നത്. ആദ്യ സീസണില്‍ പ്രതിനായക സ്ഥാനത്ത് വന്നിരുന്ന ഈ കഥാപാത്രം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ സഹോദരനാണെന്ന് അവസാനം വെളിപ്പെടുത്തിയിരുന്നു.

2015ല്‍ നടന്ന സ്‌ക്വിഡ് ഗെയിമില്‍ വിജയിയാകുന്നത് ഇയാളാണ്. ആദ്യ സീസണില്‍ ഏകദേശം മുഴുവന്‍ സമയവും മുഖംമൂടി ധരിച്ചെത്തുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലീ ബ്യുങ്-ഹ്യോനാണ്(Lee Byung-heon).

പുതിയ ക്ലിപ്പില്‍ ഇയാള്‍ക്ക് മുഖംമൂടിയില്ല. രണ്ട് ഗോള്‍ഡ് ഫിഷ് മീനുകളുമായി ഇയാള്‍ നടന്നുവരുന്നതും പിന്നീട് അക്വേറിയത്തില്‍ അവയെ ഇട്ടതിന് ശേഷം നോക്കിയിരിക്കുന്നതുമാണ് ഈ ക്ലിപ്പിലുള്ളത്. ഫ്രന്റ് മാന്‍ തന്റെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലിരുന്നാണ് ഇത് ചെയ്യുന്നതാണ് ക്ലിപ്പിലെ സൂചനകള്‍.

സ്‌ക്വഡ് ഗെയിമിലെ മത്സാര്‍ത്ഥികളെ അവര്‍ മരിച്ച് വീഴുന്നതുവരെ എങ്ങനെയാണോ ഫ്രന്റ് മാന്‍ നോക്കിയിരുന്നത് അതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് രണ്ടാം സീസണിലെ ഈ ക്ലിപ്പ്. അതേസമയം മറ്റൊരാള്‍ ഇയാളെ പിന്തുടരുന്നതായും ഈ വീഡിയോയിലുണ്ട്.

‘സ്‌ക്വിഡ് ഗെയിമിനെ സ്‌നേഹിച്ചതിന് ലോകമെമ്പാടുമുള്ള നെറ്റ്ഫ്‌ളിക്‌സ് ഫാന്‍സിനോട് ഞാന്‍ നന്ദി പറയുകയാണ്. പുതിയ നിരവധി കഥകളുമായി രണ്ടാം ഭാഗം ഉടന്‍ നിങ്ങളെ തേടിയെത്തും,’ ഹ്വാങ് ദോ ക്യോ പയുന്നു.

പുതിയ വീഡിയോ ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. 2024ലിലാണ് രണ്ടാം സീസണ്‍ റിലീസ് ചെയ്യുക. നെറ്റ്ഫ്‌ളിക്‌സ് ഫാന്‍ ഇവന്റിന്റെ ഭാഗമായി നിരവധി സീരിസുകളുടെ പുതിയ സീസണുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Squid Game Second Season’s unreleased clip