| Friday, 2nd February 2024, 8:16 am

'നിങ്ങള്‍ നിങ്ങളുടെ തീരുമാനത്തില്‍ ഖേദിക്കും'; സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ ഉടന്‍; ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഈ സീരീസിന്റെ രണ്ടാം സീസണും പ്രഖ്യാപിച്ചിരുന്നു.

സീരീസിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഈ വര്‍ഷം നെറ്റ്ഫ്‌ളിക്‌സ് അവരുടെ പ്ലാറ്റ്ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോകളുടെയും സിനിമകളുടെയും വിവരങ്ങള്‍ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിടുകയായിരുന്നു.

അതില്‍ ഏറ്റവും അവസാനം സ്‌ക്വിഡ് ഗെയിമിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ആയിരുന്നു. സീരീസില്‍ സിയോങ് ഗി-ഹൂന്റെ കഥാപാത്രം ചെയ്ത ലീ ജങ്-ജെ ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവരുന്നതും ഫോണില്‍ സംസാരിക്കുന്നതുമാണ് കാണിക്കുന്നത്.

‘നിങ്ങള്‍ നിങ്ങളുടെ തീരുമാനത്തില്‍ ഖേദിക്കും’ എന്ന് ഫോണിന്റെ മറുവശത്ത് നിന്ന് കേള്‍ക്കാം. മറുപടിയായി സിയോങ് ഗി-ഹൂന്‍ ദേഷ്യത്തോടെ ‘എന്തുതന്നെയായാലും, ഞാന്‍ നിന്നെ കണ്ടെത്തും’ എന്നും പറയുന്നു.

വീഡിയോക്ക് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് അവരുടെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോയും നാല് ചിത്രങ്ങളും പങ്കുവെച്ചു.


ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തിരുന്നത്. ആ വര്‍ഷം നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിം.

സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന് കൊറിയന്‍ സീരീസുകളും സിനിമകളും കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും സീരീസിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യുന്നതാണ് സീരീസ്. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

Content Highlight: Squid Game Season Two Coming Soon; First look Out

We use cookies to give you the best possible experience. Learn more