മൂന്ന് വര്‍ഷമായി... ഒന്നുകൂടെ കളിക്കണ്ടേ? സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ റിലീസ് തിയതി പ്രഖ്യാപിച്ചു
Film News
മൂന്ന് വര്‍ഷമായി... ഒന്നുകൂടെ കളിക്കണ്ടേ? സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ റിലീസ് തിയതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st August 2024, 12:05 pm

ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ആദ്യവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരീസ് റെക്കോഡ് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്.

രണ്ടാം സീസണ് സൂചന നല്‍കിക്കൊണ്ടാണ് സീരീസ് അവസാനിച്ചത്. ഇപ്പോഴിതാ രണ്ടാം സീസണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 26ന് പുതിയ സീസണ്‍ സ്ട്രീമിങ് ആരംഭിക്കും. 2025ല്‍ മൂന്നാം സീസണും പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് അവരുടെ ഒഫിഷ്യല്‍ അക്കൗണ്ടിലൂടെയാണ് അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്.

ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തിരുന്നത്. ആ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിം. 21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു.

സര്‍വൈവല്‍ ഡ്രാമാ ഴോണറില്‍ പെടുന്ന സീരീസിന് കേരളത്തിലും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യുന്നതാണ് സീരീസ്. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

Content Highlight: Squid Game season 2 release date announced