മറ്റൊരു കൊറിയന്‍ സിനിമകളോ സീരീസുകളോ കാണാത്തവര്‍ പോലും കണ്ടിട്ടുള്ള കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഒരു സീസണ്‍ കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ ഈ സീരീസിന് സാധിച്ചിരുന്നു.
തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ റെക്കോഡ് കാഴ്ചക്കാരെയായിരുന്നു നേടിയത്. നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്. ഇപ്പോള്‍ ഈ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഈ സീരീസിന്റെ ആദ്യ ഭാഗം ചിത്രീകരിക്കുന്നതിന്റെ ഇടയില്‍ സമ്മര്‍ദ്ദം മൂലം തനിക്ക് എട്ടോ ഒമ്പതോ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഹ്വാങ് ഡോങ്-ഹ്യൂക്ക്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണത്തിന് വേണ്ടിയാണ് താന്‍ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗം ചെയ്യുന്നതെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യ ഭാഗം ഇത്ര വലിയ ആഗോള വിജയമായിരുന്നെങ്കിലും അതില്‍ നിന്നും താന്‍ കാര്യമായൊന്നും നേടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗം ഇത്രയും വലിയ ആഗോള വിജയമായിരുന്നെങ്കിലും, സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അതില്‍ നിന്നും കാര്യമായൊന്നും നേടിയിട്ടില്ല. അതുകൊണ്ട് രണ്ടാമത്തെ ഭാഗം ചെയ്താല്‍ അത് ആദ്യ ഭാഗത്തില്‍ നിന്നുണ്ടായ നഷ്ടം നികത്താന്‍ സഹായിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഹ്വാങ് ഡോങ്-ഹ്യൂക്ക് പറഞ്ഞു.
അതേസമയം, ഡിസംബര്‍ 26നാണ് സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം ഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുക. ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തിരുന്നത്.
ആ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു. 21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു.
Content Highlight: Squid Game Director Hwang Dong-hyuk Says He Lost 8 or 9 Teeth Due To Stress