Entertainment
സ്‌ക്വിഡ് ഗെയിം നടനെതിരെ കേസ്; വഞ്ചനാ കുറ്റമാരോപിച്ച് കൊറിയന്‍ ഡ്രാമ കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 11, 01:44 pm
Sunday, 11th August 2024, 7:14 pm

കൊറിയന്‍ സിനിമകളോ സീരീസുകളോ കാണാത്തവര്‍ പോലും കണ്ടിട്ടുള്ള കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഒരു സീസണ്‍ കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ ഈ സീരീസിന് സാധിച്ചിരുന്നു. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ റെക്കോഡ് കാഴ്ചക്കാരെയായിരുന്നു നേടിയത്.

ഈ സ്‌ക്വിഡ് ഗെയിമിലൂടെ ലോകമെമ്പാടും അറിയപ്പെട്ട കൊറിയന്‍ നടനാണ് ലീ ജങ്-ജെ. ഇപ്പോള്‍ സിനിമകളിലൂടെ അല്ലാതെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ നടന്‍. വഞ്ചനാ കുറ്റത്തിന്റെ പേരിലാണ് ലീ ജങ്-ജെ വാര്‍ത്തകളില്‍ നിറയുന്നത്. ലീ ജങ്-ജെയ്ക്ക് എതിരെ ഗുരുതരമായ വഞ്ചനാ കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

അദ്ദേഹത്തിന് പുറമെ ഡബ്ല്യു.വൈ.എസ്.ഐ.ഡബ്ല്യു.വൈ.ജി സ്റ്റുഡിയോസ് (WYSIWYG Studios) മുന്‍ സി.ഇ.ഒ. ആയ പാര്‍ക്ക് ഇന്‍-ഗ്യൂവിന് എതിരെയും വഞ്ചനാ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഡ്രാമ പ്രൊഡക്ഷന്‍ കമ്പനിയായ റെയ്മോങ്റെയ്‌നിന്റെ സി.ഇ.ഒ. കിം ഡോങ്-റേയാണ് ഇരുവര്‍ക്കും എതിരെ വഞ്ചനാ കുറ്റം ആരോപിച്ചിരിക്കുന്നത്. റീബോണ്‍ റിച്ച്, മൈ സാസി ഗേള്‍, എക്‌സ്ട്രാ ഓര്‍ഡിനറി യു ഉള്‍പ്പെടെയുള്ള നിരവധി മികച്ച കൊറിയന്‍ ഡ്രാമകള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് റെയ്മോങ്റെയ്ന്‍.

ലീയും പാര്‍ക്കും തനിക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു എന്നാണ് സി.ഇ.ഒ. കിം പരാതിപ്പെട്ടിരിക്കുന്നത്. പ്രത്യേക സാമ്പത്തിക കുറ്റകൃത്യ നിയമപ്രകാരമാണ് ഇരുവര്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ക്കേ തന്നെ കേസ് സിയോള്‍ ഗംഗ്‌നം പൊലീസിന്റെ അന്വേഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ക്കും ലീയും തങ്ങളുടെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഓഹരി ഉടമകളായി ചേരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു എന്നാണ് കിം പറയുന്നത്. അതുകൊണ്ട് താന്‍ അവര്‍ക്ക് തന്റെ ഓഹരികള്‍ കൈമാറി. എന്നാല്‍ പിന്നാലെ അവര്‍ കമ്പനിയുടെ മാനേജ്മെന്റില്‍ നിന്ന് തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചതെന്നാണ് കിം ഡോങ്-റേ ആരോപിക്കുന്നത്.

താനുമായി ഇരുവരും കരാര്‍ ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓഹരികള്‍ കിട്ടിയതോടെ കമ്പനിയെയും അതിന്റെ സാമ്പത്തിക സ്രോതസുകളെയും നിയന്ത്രിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും കിം ആരോപിച്ചു. റെയ്മോങ്റെയ്നില്‍ നിന്ന് 20 ബില്യണ്‍ പണം ഉപയോഗിച്ച് മറ്റൊരു ലിസ്റ്റഡ് കമ്പനി ഏറ്റെടുക്കുന്നതില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കൊടുത്തതെന്നും സി.ഇ.ഒ. കിം കുറ്റപ്പെടുത്തി.

എന്നാല്‍ ഇത് വലിയ വാര്‍ത്തയായതോടെ കിമ്മിന്റെ ഈ ആരോപണങ്ങള്‍ സ്‌ക്വിഡ് ഗെയിം നടന്‍ ലീ തള്ളി. കരാറിന്റെ ലംഘനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ലീ ജങ്-ജെയിന്റെ കമ്പനി പറയുന്നത്. തനിക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സി.ഇ.ഒയ്ക്കെതിരെ ലീ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Content Highlight: Squid Game Actor Lee Jung-Jae Sued By A Korean Drama Company Over Fraud