സീരീസ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സ്‌ക്വിഡ് ഗെയിം 2 റിലീസിന് മുമ്പുതന്നെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി. ഡിസംബര്‍ 26ന് നെറ്റ്ഫ്ളിക്സില്‍ ആരാധകര്‍ക്ക് മുന്നിലെത്തിക്കും.
82ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സിന്റെ നോമിനേഷന്‍ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതില്‍ മികച്ച ടെലിവിഷന്‍ പരമ്പര (ഡ്രാമ) വിഭാഗത്തിലാണ് ‘സ്‌ക്വിഡ് ഗെയിം’ ഉള്‍പ്പെടുന്നത്. പീക്കോക്കിന്റെ ‘ദ ഡേ ഓഫ് ദി ജാക്കല്‍’, നെറ്റ്ഫ്ളിക്‌സിന്റെ തന്നെ ‘ദി ഡിപ്ലോമാറ്റ്’, പ്രൈം വീഡിയോയുടെ ‘മിസ്റ്റര്‍. & മിസിസ് സ്മിത്ത്’, ആപ്പിള്‍ ടി.വി+ ന്റെ ‘ഷോ ഹോഴ്സസ്’, ‘ഷോഗണ്‍ ‘, എന്നിവയുമായിട്ടായിരിക്കും ഗോള്‍ഡന്‍ ഗ്ലോബില്‍ സ്‌ക്വിഡ് ഗെയിം 2 മത്സരിക്കുക.
മറ്റ് സീരീസുകളെല്ലാം തന്നെ സ്ട്രീമിങ് കഴിഞ്ഞവയാണ്. എന്നാല്‍ സ്‌ക്വിഡ് ഗെയിം 2മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തന്നെ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ സ്‌ക്വിഡ് ഗെയിം ആദ്യ ഭാഗം എമ്മി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.
ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്. ആ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു. 21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു.
ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ 2025 ജനുവരി 5 ന് വൈകുന്നേരം 5 മണിക്ക് ജഠ യില്‍ നടക്കും. സിനിമ- ടെലിവിഷന്‍ മേഖലയിലെ ഏറ്റവും മഹത്തായ പുരസ്‌കാരമായ ഗോള്‍ഡന്‍ ഗ്ലോബ് സ്‌ക്വിഡ് ഗെയിം 2 നേടുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Squid Game 2 earns Golden Globe nomination ahead of premiere