തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ഐ.ടി സെക്രട്ടറിയും രഹസ്യമായി ഒപ്പുവെച്ച കരാറാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംക്ലര്‍ കമ്പനി ചോര്‍ത്തുന്നു. പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ പറഞ്ഞതില്‍ സി.പി.ഐയ്ക്കും യോജിപ്പുണ്ട്. കോടതിയില്‍ നിന്ന് വന്നത് ഇടക്കാലവിധിയാണ്. അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. വിധിയില്‍ 99 ശതമാനവും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്നു’, ചെന്നിത്തല പറഞ്ഞു.
കേസ് വാദിക്കാന്‍ ബോംബെയില്‍ നിന്ന് എന്തിനാണ് അഭിഭാഷകയെ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.
ഏതാണ്ട് 80 ലക്ഷം പേരെ രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അത്രയും ആളുകളെ ട്രേസ് ചെയ്യാന്‍ നിലവില്‍ കഴിയില്ലെന്നുമാണ് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ലോകത്താകെ 25 ലക്ഷം പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്.
അങ്ങനെയെങ്കില്‍ 80 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനോട് ആരാണ് പറഞ്ഞത്. എവിടുന്നാണ് സര്‍ക്കാരിന് ഈ വിവരം കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
80 ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ക്കണ്ടുകൊണ്ടാണ് സ്പ്രിംക്ലറുമായി ബന്ധപ്പെട്ടതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
ചില ദിനപത്രങ്ങളില്‍ 80 ലക്ഷം പേര്‍ക്ക് കൊവിഡ് എന്ന വാര്‍ത്ത ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടായിട്ട് പുറത്തുവരികയുണ്ടായി. ആ സന്ദര്‍ഭത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എ എറണാകുളത്ത് ഇത് സത്യമാണോ എന്ന് ചോദിച്ചുകൊണ്ട് പത്രപ്രസ്താവന നടത്തുകയുണ്ടായി. അതിന്റെ പേരില്‍ മുഖ്യമന്ത്രി അതിനിശിതമായിട്ടാണ് സതീശനെ വിമര്‍ശിച്ചത്.
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി ഇങ്ങനെ പറയാമോ. ഇപ്പോള്‍ അങ്ങനെ ഒരു റിപ്പോര്‍ട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അങ്ങനെ പറഞ്ഞ മുഖ്യമന്ത്രി 80 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എങ്ങനെയാണ് പറഞ്ഞത്. എന്തടിസ്ഥാനത്തിലാണ് ഈ സബ്മിഷന്‍ ബഹുമാനപ്പെട്ട കോടതി മുന്‍പാകെ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: