കൊച്ചി: കൊവിഡ് രോഗികളില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിദേശത്തേക്ക് കൈമാറുന്നില്ലെന്നും അത് സൂക്ഷിക്കുന്നത് ഇന്ത്യയില്‍ തന്നെയാണെന്നും കേരള സര്‍ക്കാര്‍.
മുംബൈയിലെ ആമസോണ്‍ ക്ലൗഡിലാണ് ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്ന് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച വിശദീകരണത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സ്പ്രിംക്ലറിന്റെ സേവനം സൗജന്യമായതിനാല്‍ നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
വിവരങ്ങള്‍ ആദ്യം സ്പ്രിംക്ലര്‍ ഡൊമൈനില്‍ നല്‍കിയത് പരീക്ഷണാര്‍ത്ഥമായിരുന്നു, എന്നാല്‍ ഇപ്പോഴത് സര്‍ക്കാര്‍ ഡൊമൈനിലേക്ക് മാറ്റിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
വലിയ തോതില്‍ ഡേറ്റ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ പുറത്തു നിന്നുള്ള സേവനം അനിവാര്യമാണ്. വിവരശേഖരണത്തിന്റെ ആദ്യഘട്ടത്തില്‍ വലിയ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് സ്പ്രിംക്ലറിന്റെ സേവനം തേടിയതെന്നും സര്‍ക്കാര്‍ പറയുന്നു.
സി-ഡിറ്റിന് ആമസോണ്‍ അക്കൗണ്ടുണ്ടെങ്കിലും വിവരങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സ്ഥലമുണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം ചെറുക്കാന്‍ വിദേശത്തുനിന്നും അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നവരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കപ്പെടണം. അതിന് സ്പ്രിംക്ലറിന്റെ സേവനം അനിവാര്യമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
നിലവില്‍ സംസ്ഥാനത്ത് 100 പഞ്ചായത്തുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുമുതല്‍ 10 ലക്ഷം വരെ വിദേശ മലയാളികള്‍ ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തും. 60 വയസ്സ് പിന്നിട്ട 42 ലക്ഷം പേര്‍ കേരളത്തിലുണ്ട്. ഹൃദയ, ശ്വാസകോശ രോഗികളുമുണ്ട്.
ഏതെങ്കിലും സാഹചര്യത്തില്‍ സമൂഹ വ്യാപനമുണ്ടായാല്‍ ഒന്നരക്കോടിയിലധികം ജനങ്ങളെ കൊവിഡ് ബാധിക്കാനിടയുണ്ട്. ഇതോടെ വീടുകളിലെത്തിയുള്ള വിവരശേഖരണം നടക്കില്ല. അതിന് കാര്യക്ഷമമായ സംവിധാനം ആവശ്യമാണെന്നും അതുകൊണ്ട് സ്പ്രിംക്ലറിന്റെ സംവിധാനം സര്‍ക്കാരിന് നിലവില്‍ ആവശ്യമാണെന്നും ഹൈക്കോടതിയ്ക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.