| Tuesday, 12th May 2020, 9:49 pm

സ്പ്രിങ്ക്‌ളര്‍ : നമുക്ക് വേണ്ടത് പരിഹാരമാണ്

പി.ബി ജിജീഷ്

വിവരസുരക്ഷയെക്കുറിച്ചുള്ള സുപ്രധാനമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന സ്പ്രിങ്ക്‌ളര്‍ കേസ് പരിഗണിച്ച ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിംഗിനായി ഉപയോഗിക്കുന്നത് ‘സൂം’ എന്ന അമേരിക്കന്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്‌ളിക്കേഷന്‍ ആണെന്നത് വിവരസുരക്ഷയെക്കുറിച്ചുള്ള നമ്മുടെ അവബോധം എവിടെ എത്തി നില്ക്കുന്നു എന്നതിന്റെ സൂചനയാണ്.

കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ഗവണ്മെന്റ് സുരക്ഷാ പ്രശ്‌നങ്ങള് ഉള്ളതുകൊണ്ട് സും ഔദ്യോഗിക വീഡിയോ കോണ്‍ഫറണ്‍സിംഗ് അവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ സൂം-ന്റെ സുരക്ഷാ പഴുതുകള്‍ കണക്കിലെടുത്തുകൊണ്ട് സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചകളും മോശം സ്വകാര്യതാ മാനദണ്ഡങ്ങളും ഉള്ള കമ്പനിയാണ് സൂം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉദാഹരണത്തിന്, ഇവര്‍ ഉപഭോക്താക്കളുടെ യൂസര്‍ നെയിം, മേല്‍വിലാസം, ഇമെയില്‍ അഡ്രസ്സ്, ഫോണ്‍നമ്പര്‍, തൊഴില്‍ വിവരങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈല്‍, കംപ്യൂട്ടറിന്റെയോ ഫോണിന്റെയോ സ്‌പെസിഫിക്കേഷന്‍, ഐ.പി. അഡ്രസ്സ്, എന്നുവേണ്ട നമ്മള്‍ നിര്‍മിക്കുകയും അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും ശേഖരിക്കുകയും നിരീക്ഷണത്തിനും ലാഭമുണ്ടാക്കുന്നതിനു വേണ്ടിയും ഉപയോഗിക്കുകയും ചെയ്യുന്നു.

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ പോലും ചില വിവരങ്ങള്‍ ഇവര്‍ ഫേസ്ബുക്കിന് കൈമാറുന്നുണ്ട് എന്ന് പറയുന്നു. ഏന്‍ഡ്-ടു-ഏന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന സൂമിന്റെ ‘എന്‍ഡ്’കള്‍ പക്ഷേ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയുടെ പോലെ അയയ്ക്കുന്ന ആളുടെ മൊബൈല്‍ ഫോണ്‍ മുതല്‍ ലഭിക്കേണ്ട ആളുടെ ഫോണ്‍ വരെയല്ല, അയയ്ക്കുന്ന ആളുടെ ഉപകരണം മുതല്‍ സൂമിന്റെ സെര്‍വര്‍ വരെയാണ്. അതായത് സെര്‍വറിലെത്തുന്ന നമ്മുടെ വിവരങ്ങളും സന്ദേശങ്ങളും ദൃശ്യങ്ങളുമെല്ലാം സൂമിന് അവരുടെ താത്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന് സാരം.

അതായത് യൂസര്‍ എഗ്രിമെന്റ് പ്രകാരം തന്നെ നമ്മുടെ കോടതിവ്യവഹാരങ്ങള്‍ വരെ സൂമിന് വിശകലനം ചെയ്യാമെന്ന്. അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാകാര്യതാനയം പരിശോധിച്ചാല്‍ അറിയാം. ജൂറിസ്ഡിക്ഷന്‍ കാലിഫോര്‍ണിയയിലെ കോടതിയില്‍ ആണെന്ന്. മാത്രമല്ല സൂമിനെതിരെ വിവരമോഷണവുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. ഇതിനൊരു ബദല്‍ ഉണ്ടോ എന്ന് അധികൃതര്‍ അന്വേഷിച്ചിട്ടുണ്ടോ? ഏതു വിവരവും കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് പറയുന്ന എന്‍.ഐ.സി-ക്ക് ഒരു വീഡിയോ കോണ്ഫറന്‍സിംഗ് ആപ്ലിക്കേഷന്‍ ഉണ്ടോ? നിയമപ്രശ്‌നങ്ങള്‍ മറികടക്കാന്‍ സൂമുമായി പരിഷ്‌കരിച്ച സ്വകാര്യതാ നയങ്ങള്‍ ഉള്ള പ്രത്യേക കരാര്‍ ഉണ്ടാക്കുകയും സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നല്ലതുതന്നെ. എന്നാല്‍ സൂം ഉപയോഗിക്കേണ്ടി വരുന്ന അനുപേക്ഷണീയമായ അവസരങ്ങളില്‍ ചെയ്യണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പോലും ഹൈക്കോടതിയില്‍ ചെയ്തിരുന്നില്ല.

അതുപോലെ തന്നെ നമ്മുടെ പല സര്‍ക്കാര്‍ ഓഫീസുകളും ഉപയോഗിക്കുന്നത് ജി-മെയില്‍ പോലുള്ള സ്വകാര്യ കമ്പനികളുടെ സൗജന്യ ഇ-മെയില്‍ സേവനമാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വിവരങ്ങള്‍ മുതല്‍ സര്‍ക്കാര്‍ വസ്തുവകകളുടെയും വരവുചെലവുകളുടെയും ഓരോരോ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ള ഉദ്പന്നങ്ങളുടെയും ഇടപാടുകളുടെയും ഒക്കെ വിവരങ്ങള്‍ ഇതിലൂടെ കൈമാറുന്നുണ്ട്. നമ്മുടെ ജനപ്രതിനിധികളും പരസ്യമായി വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ജിമെയില്‍ വഴി ആണെന്ന് നമ്മള്‍ കണ്ടു.

ഈ സേവനം ഉപയോഗിക്കുന്നതിന് മുന്‍പ് ഗൂഗിളുമായി ഇവര്‍ എന്തെങ്കിലും തരത്തിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ, നാലായിരം വാക്കുകള്‍ ഉള്ള ഗൂഗിള്‍ പ്രൈവസി പോളിസി ആരെങ്കിലും വായിച്ചു നോക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? യൂറോപ്യന്‍ വിവരസുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്തിടെ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഗൂഗിളിന്റെ ഏതു സര്‍വീസിലേക്ക് നമ്മള്‍ കൊടുക്കുന്ന വിവരങ്ങളുടെയും ഏകദേശം സമ്പൂര്‍ണമെന്നു പറയാവുന്ന അവകാശം കമ്പനിയ്ക്ക് നമ്മള്‍ കൊടുക്കുകയാണ്. യു.എസ്. തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വിനയായ ഒരു കാര്യം സ്വകാര്യ ഇ-മെയില്‍ ഔദ്യോഗിക കാര്യത്തിന് ഉപയോഗിച്ചത് ആണെന്ന് ഓര്‍ക്കണം.

ഇത്രയും പറഞ്ഞത് സ്പ്രിങ്ക്‌ലെര്‍ വിവാദം ഇതിനു സമാനമാണ് എന്ന് പറയാനല്ല, മറിച്ച് നമ്മുടെ നാട്ടില്‍ സ്വകാര്യതയെക്കുറിച്ചുള്ള പൊതു അവബോധം എവിടെ നില്‍ക്കുന്നു എന്നു സൂചിപ്പിക്കാനാണ്. ഹൈക്കോടതി ജഡ്ജിമാരോ ഉദ്യോഗസ്ഥരോ ഇത്തരം സാങ്കേതിക കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നില്ല, എന്നിരുന്നാലും കഴിഞ്ഞ ആഴ്ചകളിലെ പത്രം വായിച്ചിട്ടുള്ള ചിലരെങ്കിലും ഈ നാട്ടിലുണ്ട്. അവര്‍ക്ക് സൂം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കും.

വളരെ ആരോഗ്യകരമായ തലത്തിലേക്കു വളരുമായിരുന്ന ഒരു വിഷയം എങ്ങനെയാണ് ചര്‍ച്ചചെയ്തു ചര്‍ച്ചചെയ്തു ഉള്ളി തൊലിപൊളിക്കുന്നതുപോലെ ആക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് സ്പ്രിങ്ക്‌ളര്‍ വിവാദം. വിവരസുരക്ഷാ നിയമമോ, നിയതമായ സ്വകാര്യതാ ചട്ടക്കൂടോ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഒരു നയമില്ല. തികച്ചും അപര്യാപ്തമായ വിവരസാങ്കേതിക നിയമവും, പഴയ ടെലിഗ്രാഫ് ആക്ടും ഓരോരോ സന്ദര്‍ഭങ്ങളില്‍ തട്ടിക്കൂട്ടുന്ന താത്കാലിക ചട്ടങ്ങളും മാത്രമാണ് നമുക്കുള്ളത്. ഈ വലിയ പ്രശ്‌നം അതിന്റെ സമഗ്രതയില്‍ മനസിലാക്കാതെ നമുക്ക് മുന്നോട്ടു പോകാനാകില്ല.

വലിയ കമ്പനികളില്‍ നിന്നും ഗവണ്മെന്‍റ് സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം കൂടുതലും വിവരങ്ങള്‍ ചോരുന്നത് അവരുടെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതുകൊണ്ടല്ല, ചില ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ്. പാസ്വേഡുകള്‍, വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളായ മൊബൈല്‍ഫോണ്, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്, പെന്‍ ഡ്രൈവ്, സി.ഡി, ഡി. വി.ഡി., മറ്റു സ്റ്റോറേജ് ഡിവൈസുകള്‍, എന്നിവ വേണ്ടത്ര അവധാനതയില്ലാതെ കൈകാര്യം ചെയ്യുന്നതുകൊണ്ടാണത് സംഭവിക്കുന്നത്.

വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോളും അതു സംബന്ധിച്ച ഫലപ്രദമായ പരിശീലനവും ഇല്ലാത്തതിന്റെ പ്രശ്‌നമാണത്. നമ്മുടെ നാട്ടില്‍ ആശാ വര്‍ക്കര്മാര്‍ മുതലിങ്ങോട്ട് എത്രയോ ആളുകളാണ് സുപ്രധാനവിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുന്നതും എന്നുകൂടി ഓര്‍ക്കണം. അതുകൊണ്ട് അടിയന്തിരമായി ഒരു സമഗ്ര സ്വകാര്യതാ നയം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത്തരമൊരു തരത്തിലേക്ക് ചര്‍ച്ച മാറിയില്ലെങ്കില്‍ സ്പ്രിന്‍ക്ലെര്‍ കമ്പനിയുടെ പരസ്യമായി മാത്രം ഈ വിവാദങ്ങള്‍ മാറും. ഗൂഢാലോചനാ സിദ്ധാന്തങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ത്തി സംവാദങ്ങള്‍ നിരര്‍ഥകമാക്കരുത്.

ഇതില്‍ ഏറ്റവും അപകടം ഉണ്ടാക്കുന്ന കൂട്ടര്‍ ‘സായിപ്പിന് ഡാറ്റ വാങ്ങി പുഴുങ്ങി തിന്നാനാണോ’ എന്ന തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്ന സൈബര്‍ പോരാളികളാണ്. ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് എല്ലാവരും അംഗീകരിക്കണം. ഗവണ്മെന്റിന് അതു മനസിലായിട്ടുണ്ട് എന്നാണ് സുതാര്യത ഉറപ്പു വരുത്തുന്നതിനായി കമ്പനിയുമായുള്ള കരാറുകള്‍ പുറത്തു വിടുകയും വിശദീകരണങ്ങള്‍ നല്‍കുകയും ഒക്കെ ചെയ്തതിലൂടെ വ്യക്തമാകുന്നത്. ടെലിവിഷന്‍ സ്റ്റുഡിയോകളിലും സമൂഹ്യമാധ്യമങ്ങളിലും ആളുകള്‍ ഉയര്‍ത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും അപകടകരമായ ന്യായീകരണങ്ങളുമാണ് പ്രശ്‌നത്തെ വഷളാക്കുന്നത്. പരസ്യമായും ഭരണതലത്തിലും പല ഇടപെടലുകളും ഇപ്പോഴും ഗവണ്മെന്റ് നടത്തുന്നുണ്ട്. ഏതൊരു ചര്‍ച്ചയ്ക്കും ഒരു ഫലം ഉണ്ടായിരിക്കണം. അതുകൊണ്ട് നമുക്ക് പ്രശ്‌നപരിഹാര മാര്ഗങ്ങളെക്കുറിച്ചു ചിന്തിക്കാം.

എന്തൊക്കെ പറഞ്ഞാലും ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ ഏറ്റവും വിവേകപൂര്‍വമായ നിലപാട് കൈക്കൊണ്ടത് എന്ന കാര്യത്തില്‍ സംശയം ഒന്നുമില്ല. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഡാറ്റാ കച്ചവടം, അഴിമതി എന്നിങ്ങനെയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ മുഖവിലക്കെടുക്കാന്‍ കോടതി തയ്യാറായില്ല. എന്നാല്‍ ജനങ്ങളുടെ മൌലീകാവകാശങ്ങളുമായി ബന്ധപ്പെട്ട ഗൌരവതരമായ ചില വിഷയങ്ങളിതില്‍ ഉള്‍ക്കൊള്ളുന്നു എന്ന കാര്യം തിരിച്ചറിയുകയും ചെയ്തു. സംസ്ഥാനം അഭിമുഖീകരിക്കുന്ന സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധി പരിഗണിച്ചുകൊണ്ട് ഗവണ്മെന്റിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും, എന്നാല്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നുള്ളതുമാണ് ഹൈക്കോടതി ഉത്തരവ്. കോടതി നിര്‍ദ്ദേശങ്ങളില്‍ പലതും സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള കരാറില്‍ ഉള്‍പ്പെട്ടിരുന്നതാണ് എന്നിരുന്നാലും വിവരങ്ങള്‍ അജ്ഞേയമാക്കിയതിനു ശേഷമേ അപഗ്രഥനത്തിനായി കൈമാറാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശമൊക്കെ സംസ്ഥാനത്തിന് ആദ്യഘട്ടത്തില്‍ തന്നെ സ്വീകരിക്കമായിരുന്ന പ്രാഥമിക സുരക്ഷാ ക്രമീകരണമായിരുന്നു.

പ്രശ്‌നം പരിഹരിക്കപ്പെടണം എന്നു പറയുമ്പോള്‍, എന്താണ് യഥാര്‍ഥ പ്രശ്‌നം എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ അവസരമായി കാണുന്നവര്‍ ് ഒരു പക്ഷേ പ്രശ്‌നം സ്പ്രിങ്ക്‌ളര്‍ മാത്രമായിരിക്കും അങ്ങനെയെങ്കില്‍ കരാര്‍ റദ്ദാക്കിയാല്‍ അത് അവസാനിക്കും. പക്ഷേ അതുകൊണ്ടു മാത്രം പൊതുജനതാത്പര്യം സംരക്ഷിക്കപ്പെടില്ല. നമ്മുടെ സര്‍ക്കാരോ സ്പ്രിങ്ക്‌ളറോ ആവരുത്, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുക, വിവര സുരക്ഷ ഉറപ്പുവരുത്തുക, സംസ്ഥാനത്തിന്റെ സാങ്കേതിക ശേഷി വികസിപ്പിക്കുക, വിവര ഭരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലായിരിക്കണം ഊന്നല്‍. ജയിക്കേണ്ടത് ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, നമ്മള്‍ ജനങ്ങളാണ്. ആ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് വിവാദം അവസാനിപ്പിക്കുന്നതിനും പൊതുജനതാത്പര്യം സംരക്ഷിക്കുന്നതിനുമായി അഞ്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു

1. കരാറില്‍ ഇനിയും പരിഷ്‌കരണങ്ങള്‍ക്ക് സാധ്യതയുണ്ട്. കാരണം സ്പ്രിങ്ക്‌ളറി-നും ഇതൊരു ആദ്യ അനുഭവമാണ്. അവര്‍ സാധാരണഗതിയില്‍ ഗവണ്മെന്റുകള്‍ക്ക് വേണ്ടി ഇതുപോലുള്ള സേവനങ്ങള്‍ ഒരുക്കുന്ന സ്ഥാപനമല്ല. ഇവരുടെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മാനേജ്‌മെന്റ് (സി. എം. എക്‌സ്.) ആപ്പ്‌ലിക്കേഷന്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കസ്റ്റമൈസ് ചെയ്ത പുതിയ ഒരു പ്രോഡക്ട് ആക്കിയതാകും. ‘സി. എം. എക്‌സ്. ഗവണ്മെന്റ്’ ആ നിലക്കുള്ള അവരുടെ ആദ്യ ഉദ്പന്നമാണ്. അതിന്റെ ആദ്യ കസ്റ്റമര്‍ ആണ് നമ്മള്‍. അപ്പോള്‍ തീര്‍ച്ചയായും കരാര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ക്കും, പരിഷ്‌കരണങ്ങള്‍ക്കും ഉള്ള സാധ്യതകള്‍ ഏറെയാണ്. ഏതൊരു കമ്പനിയും രാജ്യാന്തര കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളും പരിഷ്‌കരണങ്ങളും നടത്തുവാന്‍ ബാധ്യസ്ഥരാണ്. വിദഗ്ധരുടെ സേവനം തേടിക്കൊണ്ട് അത്തരത്തില്‍ വേണ്ട മാറ്റങ്ങള്‍ നമുക്ക് ആലോചിക്കാവുന്നതാണ്.

2. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ സംസ്ഥാനത്തിന് വ്യക്തവും സുചിന്തിതവുമായ ഒരു സ്വകാര്യതാ ചട്ടക്കൂട് ഉണ്ടാക്കുക. അതുണ്ടെങ്കില്‍ അതിനു വിധേയമായ തരത്തില്‍ മാത്രമേ ഏതൊരു സേവനവും നമുക്ക് ഉപയോഗിക്കാന്‍ കഴിയൂ. അതിന് പ്രതിപക്ഷവും ഭരണപക്ഷവും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുക. ഇതില്‍ 2017-ലെ ചരിത്രപരമായ പുട്ടുസ്വാമി കേസിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ള സ്വകാര്യതാ സരക്ഷണ മാര്‍ഗരേഖ കൃത്യമായി സന്നിവേശിപ്പിക്കണം. നിയമം, ഉദ്ദേശ്യലക്ഷ്യവുമായുള്ള അതിന്റെ യുക്തിസഹമായ ബന്ധം, ആനുപാതികത തുടങ്ങിയവയെല്ലാം പാലിക്കപ്പെടണം.

3.ദുരന്തങ്ങള്‍, അതു പ്രകൃതി ദുരന്തങ്ങളായാലും മഹാമാരികളായാലും ഇനിയും ഉണ്ടാകാമെന്നും അപ്പോള്‍ നമുക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ വേണ്ട വിവര വിശകലന സങ്കേതങ്ങള്‍ ആവശ്യമാണെന്നും മനസിലാക്കണം. ദുരന്തസമയങ്ങളില്‍ നമുക്ക് അടിയന്തര തീരുമാനങ്ങള്‍ എടുക്കാനും, വിവര ശേഖരണ-വിശകലന സൗകര്യങ്ങള്‍ ഒരുക്കാനും സാധ്യമാക്കുന്ന പ്രത്യേക ദുരന്തമുഖ-സ്വകാര്യതാ-നയം ( Disaster Privacy Policy ) രൂപീകരിക്കണം. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ നമ്മള്‍ സ്വീകരിക്കുന്ന അസാധാരണ നടപടികള്‍ പലപ്പോഴും അതിനുശേഷവും നിലനില്‍ക്കുകയും, പൌരാവകാശങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ലോകമെമ്പാടും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അടിയന്തര നടപടികള്‍ അടിയന്തര ഘട്ടം കഴിയുമ്പോള്‍ അവസാനിപ്പിക്കാനും ആനുപാതികമല്ലാത്ത വിവരങ്ങള്‍ ഉള്‍പ്പടെ നശിപ്പിക്കാനും ഉള്ള വ്യവസ്ഥകള്‍ നിര്‍ബന്ധമായും സ്വാകര്യതാ ചട്ടക്കൂടിന്റെ ഭാഗമാക്കണം. .

4.അതില്‍ തന്നെ സ്വകാര്യ, ബ്രാന്‍ഡഡ് സോഫ്റ്റ്വെയര്‍ എത്രമാത്രം നമുക്ക് സ്വീകാര്യമാണ് എന്ന ചോദ്യവും പ്രസക്തമാണ്. നമുക്ക് പഠിക്കാനും പരിഷ്‌കരിക്കാനും പകര്‍ത്താനും കഴിയുന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ (FOSS) സൊലൂഷന്‍സ് കണ്ടെത്താനുള്ള സാധ്യതകള്‍ ആരായണം. അതിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമ്മള്‍ വികസിപ്പിക്കണം. സി-ഡിറ്റ് , ഐ.ടി. മിഷന്‍ പോലുള്ള സ്ഥാപനങ്ങളെ സജ്ജമാക്കണം. ഐ. ടി. മേഘാലയയില് സംസ്ഥാനത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിലാകണം ഗവണ്മെന്റിന്റെ മുന്‍ഗണന. അത്തരത്തില്‍ ഒരു സംവിധനം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ സാങ്കേതത്തിനു പിന്നാലെ പോകേണ്ടി വരില്ലായിരുന്നു.

5. സ്പ്രിങ്ക്‌ളര്‍ വിവാദം രമ്യമായി പരിഹരിക്കുവാന്‍ വേണ്ടി കമ്പനി സൗജന്യ സേവനം നല്‍കാമെന്ന് പറഞ്ഞിട്ടുള്ള സെപ്തംബര്‍ 24 ആകുമ്പോഴേക്കും ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ (FOSS SOLUTION) ബദല്‍ വികസിപ്പച്ചെടുക്കാനോ, നിലവിലുള്ള ഏതെങ്കിലും സൊലൂഷന്‍ ഇതിന് ഉതകുന്ന തരത്തില്‍ കസ്റ്റമൈസ് ചെയ്യുവാനോ കഴിയണം. ഇനിയും അതിനുള്ള സമയമുണ്ട്.

‘ഹൌസ് വിസിറ്റ്’ വെബ്‌സൈറ്റ് വഴി ശേഖരിക്കപ്പെടുന്ന പ്രാഥമിക വിവരശേഖരണത്തിനും വിശകലനത്തിനും വേണ്ടിയുള്ള സങ്കേതം എന്ന നിലയില്‍ പരിമിതവും ആനുപാതികവുമായ വിവര ശേഖരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്പ്രിങ്ക്‌ളര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ധാരണയില്‍ നിന്നുമാണ് ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്. അതില്‍ തന്നെ സ്വകാര്യത സംബന്ധിച്ചുള്ള അടിസ്ഥാന കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ട സംഗതികളും ഉണ്ട്. ഉദാഹരണത്തിന് ശേഖരിക്കുന്ന വിവരങ്ങള്‍ എത്ര കാലത്തേക്കാണ് സൂക്ഷിക്കുക? അത് നശിപ്പിക്കാന്‍ ആവശ്യപ്പെടാന്‍ പൗരര്‍ക്ക് കഴിയുമോ? ആര്‍ക്കൊക്കെയാണ് ഈ വിവരങ്ങള്‍ പരിശോധിക്കാന്‍ അധികാരമുള്ളത്? അതിന് ഒരു പ്രോട്ടോക്കോള്‍ ഉണ്ടോ? എന്നിങ്ങനെ. നമുക്ക് സമഗ്രമായ ഒരു പ്രൈവസി ചട്ടക്കൂട് ഉണ്ടായിരുന്നുവെങ്കില്‍ ഈ അവ്യക്തതകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പരിഹരിക്കാമായിരുന്നു. അത് എത്രയും വേഗം ഉണ്ടാക്കണം. അതിന് എല്ലാവരും സഹകരിക്കണം. എഗ്രിമെന്റിലും മറ്റും കൂടിയാലോചനകളിലൂടെ പരിഷ്‌കരണങ്ങള്‍ ആവശ്യമെങ്കില്‍ വരുത്താനും കഴിയും. അതോടൊപ്പം സ്വതന്ത്ര സോഫ്ട്വെയര്‍ സാങ്കേതങ്ങളിലേക്ക് എത്രയും വേഗം മാറാനുള്ള ആലോചനകള്‍ ഉണ്ടാവണം. ഇത്രയുമാണ് നിര്‌ദ്ദേശത്തിന്റെ രത്‌നചുരുക്കം.

സൈബര്‍ അനുഭാവികള്‍ വിഷയത്തെ മറ്റൊരു തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടു പോകുകയാണ് എന്ന തോന്നലും ഉണ്ടാകുന്നുണ്ട്. ആദ്യഘട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ട ആനുപാതികമായ വിവരങ്ങള്‍ക്ക് അപ്പുറത്തേക്ക് സോഷ്യല്‍ മീഡിയ ഫീഡുകള്‍, എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍, മറ്റു ഗവണ്മെന്റ് വിവരശേഖരങ്ങള്‍ എന്നിവയെല്ലാം കൂടിയിണക്കി അപഗ്രഥിച്ചു നല്‍കുന്ന ഒരു സംവിധാനമാണ് ഇത് എന്ന തരത്തില്‍ അവതരിപ്പിക്കുകയും, ജീവനാണ് ഡാറ്റയെക്കാള്‍ പ്രധാനം എന്ന തരത്തില്‍ എല്ലാത്തിനെയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഗവണ്മെന്റ് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കാണുന്നുണ്ട്. ഇതില്‍ പാലവാദങ്ങളും അപഹാസ്യവുമാണ്. ഉദാഹരണത്തിന് നമ്മുടെ സമൂഹ്യമാധ്യമ ഇടപടല്‍ ഏറിയ പങ്കും മലയാളത്തിലാണ്. മലയാളത്തിലുള്ള ഈ ഡാറ്റാ മുഴുവന് അപഗ്രഥിച്ച് വിശദീകരിക്കുവാന്‍ സ്പ്രിങ്ക്‌ളറിന് കഴിയുമെന്നാണോ ഇവര്‍ പറയുന്നത്. അത്തരത്തിലൊരു ബൃഹത് പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അതിനെ കേവലം ഒരു സോഫ്ട്വെയര്‍ വാങ്ങലായി കാണാന്‍ കഴിയില്ല. സ്വകാര്യത സംബന്ധിച്ച പട്ടുസ്വാമി വിധിയുടെ ചുവടുപിടിച്ചുകൊണ്ട് നിയതമായ നിയമ മാര്‍ഗങ്ങളിലൂടെ അനുപേക്ഷണീയവും ആനുപതികവും ആണെങ്കില്‍ മാത്രമേ അതിന് സാധുതയൊള്ളു. ഒരു സെക്രട്ടറി തലത്തിലോ ഒന്നും എടുക്കേണ്ട തീരുമാനവുമല്ല അത്.

ഇത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമല്ല. മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്‌നമാണ്. അതിനെ വ്യാജ ദ്വന്ദങ്ങളില്‍ ഒതുക്കി ഇടതുപക്ഷം ഇത്രയും കാലം എടുത്തുപോന്ന നിലപാടുകളെയൊക്കെ റദ്ദു ചെയ്യരുത്. നെതന്യാഹുവും വിക്ടര്‍ ഓര്‍ബാനും ഒക്കെ പറയുന്നതുപോലെയുള്ള വാദങ്ങളിലേക്ക് ഒതുങ്ങരുത്. ജീവിതം വേണോ ഡാറ്റാ വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് ആരോഗ്യവും വേണം സ്വകാര്യതയും വേണം. അതു രണ്ടും ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത ഗവണ്മെന്റിനുണ്ട്. ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിന് ആനുപാതികമായ നടപടികള്‍ സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അധികാരം മാത്രമേ ഗവണ്മെന്റിനുള്ളു. കേരള ഹൈക്കോടതി പറഞ്ഞതും അത് തന്നെയാണ്. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ നമുക്ക് സുശക്തമായ ഒരു സ്വകാര്യതാചട്ടക്കൂട് ഉണ്ടായേ തീരൂ.

ഇത് കോടതി വിചാരിച്ചതുകൊണ്ടു മാത്രം പരിഹരിക്കാവുന്ന വിഷയമല്ല. 2017-ലാണ് ഇന്ത്യയുടെ പരമോന്നത നീതീപീഠം സ്വാകര്യത ഒരു മൌലീക അവകാശമാണെന്ന് പ്രഖ്യാപിച്ചത്. അതേ വിധിയില്‍ രാജ്യത്ത് സമഗ്രമായ സ്വകാര്യതാ/വിവരസുരക്ഷാ നിയമം കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിരുന്നതാണ്. നാളിതുവരെ ഒരു നിയമം പാസാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നമുക്ക് വളയമില്ലാതെ ചാടേണ്ടി വരുന്നത്. എന്തായാലും സ്വകാര്യത സംബന്ധിച്ച നിയമ പോരാട്ടം സുപ്രീംകോടതിയില്‍ നടന്ന ഘട്ടത്തില്‍ സ്വകാര്യത മൌലീകാവകാശമല്ല എന്നു വാദിച്ചവരും ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പദ്ധതിയായ ആധാര്‍ ഒരു നിയമ പിന്‍ബലവുമില്ലാതെ, കേവലം ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി ആരംഭിക്കുകയുമൊക്കെ ചെയ്ത രാഷ്ട്രീയ കക്ഷികളും സ്വകാര്യതയെക്കുറിച്ച് ബോധവന്മാരാകുകയും ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നത് ശുഭ സൂചനയാണ്. സ്വകാര്യതാസരക്ഷണത്തെക്കുറിച്ച് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതായ സ്ഥിതിക്ക് ഇത് സംസ്ഥാനത്തെങ്കിലും ഒരു നയരൂപീകരണത്തിനുള്ള അവസരമായി വിനിയോഗിക്കണം. പക്ഷഭേദമന്യേ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അതിനു കഴിയട്ടെ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി.ബി ജിജീഷ്

Latest Stories

We use cookies to give you the best possible experience. Learn more