| Monday, 20th April 2020, 7:43 pm

'അതെന്തോ വലിയ ആനക്കാര്യമാണ് എന്നമട്ടില്‍ അവതരിപ്പിക്കാന്‍ നോക്കണ്ട, എനിക്ക് വേറെ പണിയുണ്ട്'; സ്പ്രിഗ്‌ളര്‍ വിവാദത്തില്‍ കയര്‍ത്ത് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിഗ്‌ളര്‍ വിവാദത്തില്‍ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിംക്‌ളര്‍ വിവാദം ശുദ്ധനുണയാണ്. അതില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും മുഖ്യമന്ത്രി വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് അതിനെനിക്ക് നേരമെന്നും മറ്റ് കാര്യങ്ങള്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളെക്കുറിച്ച് ചരിത്രം തീരുമാനിക്കട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മകള്‍ വീണാ വിജയന്റെ സ്ഥാപനവുമായി ഉയര്‍ന്നുവന്ന വിവാദങ്ങളെക്കുറച്ചുള്ള ചോദ്യത്തിന് ദേഷ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഓ ഭയങ്കര ഗുരുതരമല്ലേ… ഭയങ്കര ഗുരുതരമാണത്. ഇത്തരം കാര്യങ്ങളുമായി പുറപ്പെടുന്നത് എല്ലാവര്‍ക്കും മനസിലാകും. അതിലൊന്നും ഞാനൊന്നും പറയാന്‍ പോവുന്നില്ല. അതെന്തോ വലിയ ആനക്കാര്യമാണ് എന്നമട്ടില്‍ അവതരിപ്പിക്കാനും നോക്കണ്ട. എല്ലാവര്‍ക്കും അത് മനസിലാവും’, അദ്ദേഹം പറഞ്ഞു.

പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നല്‍കിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ ‘ പല നുണ വാര്‍ത്തകളും നിങ്ങളില്‍ ചിലര്‍ മെനയുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ പണ്ടുതന്നെ നുണ വാര്‍ത്തകള്‍ മെനയാന്‍ വളരെ മിടുക്കരാണ്. ഇതേ നഗരത്തില്‍ ഒരുകാലത്ത് തയ്യാറാക്കിയ ഒരു വാര്‍ത്തയുണ്ടായിരുന്നു. ഞാന്‍ അന്ന് ഈ കസേരയിലല്ല. വേറെ കസേരയിലാണ്. അന്ന് കുറച്ച് ആളുകള്‍ കൂടി ഒരു വാര്‍ത്ത തയ്യാറാക്കി. എന്നിട്ട് അതിന്റെ പുറത്ത് എന്തെല്ലാം വിവാദങ്ങള്‍ നാട്ടില്‍ ഉയര്‍ന്നുവന്നു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഇതില്‍പെട്ട ഒരാള്‍ ആതൊക്കെ ഞങ്ങളുണ്ടാക്കിയതല്ലേ എന്ന് പറഞ്ഞത് നിങ്ങള്‍ക്കറിയാം. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. ഇതെല്ലാം കണ്ടും നേരിട്ടുമാണ് ഞാന്‍ ഇവിടെവന്നിരിക്കുന്നത്’, പിണറായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more