'കൊവിഡിന് ശേഷം വിവരച്ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം'; സ്പ്രിംക്ലറിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
Kerala News
'കൊവിഡിന് ശേഷം വിവരച്ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം'; സ്പ്രിംക്ലറിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th April 2020, 4:12 pm

കൊച്ചി: സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി. കരാറിൽ വിവര സംരക്ഷണത്തിന് പ്രഥമ പരി​ഗണന നൽകണമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി ആരോപണ വിധേയമായ കരാർ പ്രകാരം കേരള സർക്കാർ ഏൽപ്പിച്ച ഡാറ്റയുടെ രഹസ്യ സ്വഭാവം ലംഘിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും സ്പ്രിംക്ലറിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് നിർദേശിച്ചു.

സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികളിലേക്ക് ഇപ്പോൾ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കൊവിഡിന് ശേഷം ഡാറ്റ ചോർച്ച ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

കോടതി വിധിയുടെ പ്രസക്ത ഭാ​ഗങ്ങൾ  ലെെവ് ലോ ഉദ്ധരിച്ചത്,

1. അജ്ഞാതത്വം അതവാ അനോണിമിറ്റി ഉറപ്പ് വരുത്തിയിട്ടില്ലാത്ത ഒരു പൗരന്റെയും ഡാറ്റ സ്പ്രിം​ക്ലർ പ്രോസസ് ചെയ്യാൻ പാടില്ല. ഇത് കേരള സർക്കാർ ഉറപ്പു വരുത്തണം. പൗരന്റെ അജ്ഞാതത്വം ഉറപ്പാക്കിയതിന് ശേഷം മാത്രമേ കേരള സർക്കാർ വിവരങ്ങൾ സ്പ്രിം​ക്ലറിന് കെെമാറാൻ പാടുള്ളൂ. നേരത്തെ ശേഖരിച്ച വിവരത്തിനും ഇത് ബാധകമാണ്. സർക്കാർ ശേഖരിച്ച ഡാറ്റയും അഞ്ജാതവത്ക്കരിക്കാനും കോടതി പറയുന്നു.

2. വിവരങ്ങളുടെ രഹസ്യസ്വഭാവം സ്പ്രിം​ക്ലർ സൂക്ഷിക്കണം. ഇതിൽ എന്തെങ്കിലും വീഴ്ച്ച കമ്പനിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായാൽ കോൺട്രാക്ടറ്റ് റദ്ദ് ചെയ്യേണ്ടിവരും.
3. കോൺട്രാക്റ്റ് കാലാവധി പൂർത്തിയായ ഉടൻ സ്പ്രിംക്ലറിന്റെ കെെവശമുളള ഡാറ്റ സർക്കാരിനെ തിരികെ ഏൽപ്പിക്കണം.

4. വാണിജ്യ ആവശ്യങ്ങൾക്ക് സ്പ്രിം​ക്ലറിന് ഡാറ്റ ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇതിനു പുറമെ കമ്പനിയുടെ പ്രൊമോഷന് വേണ്ടിയും സ്പ്രിംക്ലർ കേരള സർക്കാരിന്റെ ലോ​ഗോയോ പേരോ ഉപയോ​ഗിക്കാൻ പാടില്ല.

5. സർക്കാരിന് പുറമെ ഒരു മൂന്നാം കക്ഷി കൂടി തങ്ങളുെടെ വിവരങ്ങൾ പ്രോസസ് ചെയ്യുമെന്നത് സർക്കാർ വ്യക്തികളെ അറിയിക്കുകയും അവരിൽ നിന്ന് അനുവാദം വാങ്ങുകയും ചെയ്യണം.

6. സ്പ്രിംഗ്‌ളുമായുള്ള ഇടപാടിൻ്റെ പല വശങ്ങളെ പറ്റിയും ഞങ്ങൾക്ക് സംശയങ്ങളുണ്ട്(reservations) എന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്. പക്ഷേ കോവിഡ് 19 ന് എതിരായ നടപടികളെ അട്ടിമറിക്കേണ്ടെന്ന് കരുതി മാത്രം അതിൽ ഇടപെടുന്നില്ല.

7.ഒരുപാട് നിയമ പ്രശ്നങ്ങളുള്ള കാര്യമായിട്ടും നിയമ വകുപ്പിനെ കൺസൽറ്റ് ചെയ്യാതെ ഐ ടി സെക്രട്ടറി തീരുമാനമെടുത്തത് ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഒരു അടിയന്തിര സാഹചര്യം ഉണ്ട് എന്നത് കൊണ്ട് കൂടുതൽ പ്രശ്നം സൃഷ്ടിക്കാൻ പാടില്ല. 15,000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് നിയമ വകുപ്പിൻ്റെ അനുമതി ആവശ്യമില്ലെന്ന വാദം അൽഭുതകരമാണ്.

8.കോടതി കോവിഡിനെതിരായ പോരാട്ടത്തിൽ പൂർണമായും നിങ്ങളോടൊപ്പമാണ്. നിങ്ങളെ കുറ്റപ്പെടുത്തുകയല്ല ലക്ഷ്യം. പക്ഷേ സുരക്ഷയെ പറ്റി ഞങ്ങൾക്ക് ആശങ്കകളുണ്ട്.

9. വെറും 5 ലക്ഷം പേരുടെ ഡേറ്റയെ ‘ബിഗ് ഡേറ്റ’ എന്ന് വിളിക്കാൻ പറ്റില്ലെന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം.

10. സർക്കാർ കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെൻ്റിൽ ഞങ്ങൾക്ക് കുറേ ഗുരുതരമായ സംശയങ്ങൾ(reservations) ഉണ്ട്. ഈ കമ്പനി എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നോ എന്താണ് അവരുടെ യോഗ്യതകളെന്നോ ഞങ്ങൾക്കറിയില്ല. സാധാരണ ഗതിയിലാണെങ്കിൽ ഞങ്ങൾ ഇടപെടുമായിരുന്നു. പക്ഷേ കോവിഡ് 19 നെതിരായ പോരാട്ടത്തിൽ ഇടപെടാൻ ആംഗിക്കുന്നില്ല. അത് കൊണ്ട് ഒരു ബാലൻഡിലേക്കെത്തുന്നു.

നിലവിൽ ഒരു ഡാറ്റയും സ്പ്രിം​ക്ലറിന്റെ കെെവശമില്ലെന്നും എല്ലാ ഡാറ്റയും കേരള സർക്കാരിന് സമർപ്പിച്ചുവെന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുംബൈ മുംബൈയിൽ നിന്നെത്തിയ മുംബൈ മുംബൈ സൈബർ നിയമവിദ​ഗ്ധൻ എൻ.എസ് നാപ്പിനിയുടെ വാദം കോടതി രേഖപ്പെടുത്തി.അതേ സമയം ഡാറ്റ പൂർണമായും സർക്കാർ അധീനതിയിലാണെന്നും ആശങ്കപ്പെടാനില്ലെന്നുസംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.

 

 

 

 ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.