ചെന്നൈ: ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ സ്വകാര്യതയെ മാനിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യത മൗലികാവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വകാര്യത മൗലികാവകാശം
രഹസ്യമായി ശേഖരിച്ച തെളിവുകള്‍ സ്വീകരിക്കില്ല
പങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്
ആരോപണങ്ങള്‍ തെളിയിക്കേണ്ടത് ആധികാരിക മാര്‍ഗങ്ങളിലൂടെ
വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നല്‍കിയ ഹരജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ സിവില്‍ റിവിഷന്‍ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ വിധി പ്രസ്താവം.
ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ സ്വകാര്യതയില്‍ ഇടപെടരുതെന്നും ജീവിതപങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതോ, സ്വകാര്യതയില്‍ കടന്നു കയറുന്നതോ അനുവദിക്കാന്‍ കഴിയില്ലെന്നും, ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ഹരജി നല്‍കിയത്.
കേസില്‍ സാക്ഷിയായി വിസ്തരിച്ച ഭര്‍ത്താവ് തന്റെ പങ്കാളിയുടെ കോള്‍ ഡാറ്റ റെക്കോര്‍ഡ് ശേഖരിക്കുകയും കോടതിയില്‍ തെളിവായി നല്‍കുകയുമായിരുന്നു.
പിന്നാലെ ഭര്‍ത്താവിന്റെ ഹരജി വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട യുവതി നല്‍കിയ ഹരജി കോടതി സബ് ജഡ്ജി തള്ളുകയായിരുന്നു. തുടര്‍ന്ന് സബ് ജഡ്ജിയുടെ ഉത്തരവിനെതിരെ യുവതി നല്‍കിയ സിവില്‍ റിവിഷന്‍ ഹരജിയിലാണ് നിലവില്‍ കോടതിയുടെ വിധി.
പങ്കാളിയെ രഹസ്യമായി നിരീക്ഷിച്ചു കൊണ്ട് ശേഖരിച്ച തെളിവുകള്‍ കോടതി സ്വീകരിക്കില്ലെന്നും വിശ്വാസമാണ് ദാമ്പത്യ ബന്ധങ്ങളുടെ അടിസ്ഥാനമെന്നും കോടതി പരാമര്‍ശിച്ചു.
ഭാര്യയുടെ കോള്‍ ഹിസ്റ്ററി ഭര്‍ത്താവ് രഹസ്യമായി ശേഖരിച്ചതിനെ കുറിച്ചും ഇത് ഭാര്യയുടെ സ്വകാര്യത ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ടെന്നും പറഞ്ഞ കോടതി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതില്‍ ഭര്‍ത്താവിനെ വിമര്‍ശിക്കുകയും ചെയ്തു.