ഭുവനേശ്വര്‍: പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഒഡീഷ എം.എല്‍.എ രാമമൂര്‍ത്തി ഗോമംഗോയ്ക്ക് ജീവപര്യന്തം തടവ്. 1995ല്‍ പങ്കാളിയായ ശശിരേഖയെ വധിച്ച കേസില്‍ ഭുവനേശ്വരിലെ പ്രത്യേക കോടതി ജഡ്ജിയായ സശ്മിത പഥിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.സി സെഷന്‍ 302 (കൊലപാതകം), സെഷന്‍ 201 (തെളിവ് നശിപ്പിക്കല്‍) എന്നിവ പ്രകാരം ജൂണ്‍ 24നാണ് ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ജീവപര്യന്തത്തിന് പുറമേ 60000 രൂപയുടെ പിഴയും ഗോമംഗോ അടക്കണമെന്ന് ജഡ്ജിയെ ഉദ്ധരിച്ച് സര്‍ക്കാര്‍ പ്ലീഡറായ രശ്മി രഞ്ജന്‍ ബര്‍മ പറഞ്ഞു.
11 സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും 15 തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് രാമമൂര്‍ത്തി ഗോമംഗോ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടത്.
1995 ആഗസ്റ്റ് 29ന് ഗോമംഗോയുടെ ഔദ്യോഗിക ക്വാര്‍ട്ടേര്‍സിലെ കുളിമുറിയില്‍ നിന്നാണ് ശശിരേഖയുടെ പാതി കത്തിയ ശരീരം കണ്ടെടുക്കുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
ഭുവനേശ്വരിലെ ഖരവേല്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പിന്നീട് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
1995ലാണ് ജനതാദളിന്റെ ടിക്കറ്റില്‍ ഗുണുപുര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി അദ്ദേഹം എത്തുന്നത്. 2000ത്തില്‍ ബി.ജെ.പിയിലും ചേര്‍ന്നു. ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2004ല്‍ കോണ്‍ഗ്രസിന്റെ ഹേമ ഗോമാംഗയോട് പരാജയപ്പെട്ടു.
പിന്നീട് 2009ല്‍ ബി.ജെ.ഡി, ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ അദ്ദേഹം ബി.ജെ.പി വിട്ടു. എന്നാല്‍ 2014ല്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.ഡിയില്‍ നിന്നും അദ്ദേഹം രാജി വെച്ചു.
content highlights: Spouse murder case; Former Odisha MLA sentenced to life imprisonment