ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്‌ടിച്ച സംഗീതം നിരോധിക്കില്ലെന്ന് സ്പോട്ടിഫൈ മേധാവി
World News
ആർട്ടിഫിഷൽ ഇന്റലിജൻസ് സൃഷ്‌ടിച്ച സംഗീതം നിരോധിക്കില്ലെന്ന് സ്പോട്ടിഫൈ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 8:34 am

ലണ്ടൻ: നിർമിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്‌ടിച്ച സംഗീതം പൂർണമായും സ്പോട്ടിഫൈയിൽ നിരോധിക്കില്ലെന്ന് മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയുടെ മേധാവി ഡാനിയേൽ എക്. സംഗീതത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അവസരങ്ങൾ ഉണ്ടെങ്കിലും ഒരു ആർട്ടിസ്റ്റിന്റെ അനുവാദമില്ലാതെ അവരുടെ ശബ്ദം അനുകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സംഗീതത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിക്കുന്നതിന് മൂന്ന് സാധ്യതകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഒന്ന് ഓട്ടോട്യൂൺ ആണ്, അത് അംഗീകൃതമാണ്. രണ്ടാമത്തേത് ആർട്ടിസ്റ്റുകളുടെ ശബ്ദം അനുകരിക്കുന്നത്, അത് തെറ്റാണ്. മൂന്നാമത്, ഇതിന് രണ്ടിനുമിടയിലുള്ള സങ്കീർണമായ രീതിയാണ്. നേരിട്ട് ആർട്ടിസ്റ്റുകളെ അനുകരിക്കില്ലെങ്കിലും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എ.ഐ സംഗീതം സൃഷ്ടിക്കുന്നത്. ഇത് ശരിയാണോ അല്ലേ എന്നതിൽ വർഷങ്ങളോളം തർക്കം തുടരും,’ അദ്ദേഹം പറഞ്ഞു.

ഡ്രേക്ക്, ദി വീക്ക്ന്ഡ് എന്നീ ആർട്ടിസ്റ്റുകളുടെ ശബ്ദങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ക്ലോൺ ചെയ്ത് സൃഷ്‌ടിച്ച ട്രാക്ക് സ്പോട്ടിഫൈ ഈ വർഷം പിൻവലിച്ചിരുന്നു.

എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ സ്പോട്ടിഫൈയിലെ ഉള്ളടക്കം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും തങ്ങളുടെ സംവിധാനം കൈയടക്കാനുള്ള ശ്രമങ്ങൾ തടയുന്നതിന് ഒരു വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരാൾ മഡോണയാണെന്ന് പറഞ്ഞ് ഒരു പാട്ട് അപ്‌ലോഡ് ചെയ്യുന്നത് സങ്കല്പിക്കുക. ആളുകൾ ഞങ്ങളുടെ സംവിധാനത്തെ കൈയടക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് സ്പോട്ടിഫൈ ഇപ്പോൾ എത്തിനിൽക്കുന്നത്.
ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് വളരെ വലിയ ഒരു സംഘമുണ്ട്,’ ഡാനിയേൽ എക് പറഞ്ഞു.

സംഗീത മേഖലയിലെ എ.ഐ ഭീഷണിക്കെതിരെ സമരം ചെയ്യുമെന്ന് കഴിഞ്ഞ മാസം ഐറിഷ് ഗായകൻ ഹോസിയർ പറഞ്ഞിരുന്നു. സംഗീതം സൃഷ്ടിക്കുന്നതിന് ടെക്നോളജി ഉപയോഗിക്കുന്നതിൽ നിരവധി കലാകാരന്മാർ ആശങ്ക അറിയിച്ച് രംഗത്ത് വരുന്നുണ്ട്.

Content Highlight: Spotify will not ban all AI-powered music, says boss Daniel Ek