| Sunday, 24th May 2020, 7:59 pm

കളിക്കളം എന്ന് ഉണരുമെന്ന് അറിയില്ല; ജേഴ്സി വ്യവസായം നഷ്ടത്തിലായതോടെ മാസ്ക് വിപണിയിലേക്ക് തിരിഞ്ഞ് സ്പോർട്സ് വെയർ ബിസിനസ്

ശ്രിന്‍ഷ രാമകൃഷ്ണന്‍

കൊവിഡ് 19 നെ തുടർന്ന് ആളുകൾ വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥ വന്നതോടെ കായിക ലോകത്തിന് നഷ്ടമായത് ത്രില്ലടിപ്പിക്കുന്ന നിരവധി സ്പോർട്സ് സീസൺ കൂടിയാണ്. ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, തുടങ്ങി ദേശീയ അന്തർദേശീയ തലത്തിൽ നടക്കേണ്ടിയിരുന്ന നിരവധി മത്സരങ്ങളും ടൂർണമെന്റുകളുമുൾപ്പെടെ മാറ്റിവെച്ചിരിക്കുകയാണ്. അന്തരാഷ്ട്ര തലത്തിൽ തുടങ്ങുന്ന കായിക അനുബന്ധ മേഖലയിലെ പ്രതിസന്ധി പ്രാദേശികമായും ബാധിച്ചിട്ടുണ്ട്.

കേരളത്തിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ പ്രാദേശിക ടൂർണമെന്റുകളുടെയും മത്സരങ്ങളുടെയും കൂടി കാലമായിരുന്നു. എന്നാൽ വിവിധ ക്ലബ്ബുകളുടെയും ​ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ പ്രാദേശികമായും ജില്ലാ അടിസ്ഥാനത്തിലും നടക്കുന്ന ടൂർണമെന്റുകളുൾപ്പെടെ റദ്ദ് ചെയ്യപ്പെട്ടപ്പോൾ കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സ്പോർട്സ് വെയർ മേഖലയിൽ പ്രവ‍ർത്തിക്കുന്നവർ. കായികമേഖല പഴയപടി ഉണരാൻ ഇനിയും സമയമെടക്കുമെന്നതിനാൽ മാസ്ക് വിപണിയിലേക്ക് കടന്ന് അതിജീവനത്തിന്റെ പുതിയ മാർ​ഗങ്ങൾ തേടുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ.

നേരത്തെ തന്നെ തങ്ങൾക്ക് മുന്നിലുണ്ടായിരുന്ന സാധ്യതകൾ ഉപയോ​ഗിച്ച് മാസ്ക് വിപണയിൽ പുതിയ ട്രെൻഡ് കൂടി രൂപപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവർ. കായിക പ്രേമികൾക്ക് എക്കാലവും നിലനിൽക്കുന്ന സ്പോർട്സ് താരങ്ങളോടുള്ള ആരാധനയും മാസ്ക് വിപണിയിലെ മാർക്കറ്റിങ്ങ് തന്ത്രങ്ങളായി ഇവർ ഉപയോ​ഗിക്കുന്നു.സാധാരണ തുണി മാസ്കിൽ തുടങ്ങിയ പരീക്ഷണങ്ങളാണ് മാസ്ക് വിപണിയിലെ പുത്തൻ സാധ്യതകളിലേക്കും ഇവരെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

ഏറെ പ്രതീക്ഷയോട് കൂടി ആറ് മാസം മുൻപ് വലിയ മുടക്കുമുതലിൽ തുടങ്ങിയ ബിസിനസാണ് അപ്രതീക്ഷിതമായി വന്ന കൊവി‍ഡ് പ്രതിസന്ധിയിൽ ആടിയുലഞ്ഞതെന്ന് കമ്പളക്കാട് സ്പോർട്സ് വെയർ ബിസിനസ് നടത്തുന്ന സജീഷ പറയുന്നു. സ്ത്രീകൾ സാധാരണ കടന്നുവരാൻ മടിക്കുന്ന ഈ മേഖലയിലേക്ക് ആത്മവിശ്വാസത്തിന്റെയും അനുഭവ പരിചയത്തിന്റെയും ബലത്തിൽ കടന്നുവന്ന വനിതാ സാന്നിധ്യം കൂടിയാണ് ഇവർ. എന്നാൽ കൊവിഡ് വന്നതോടെ ബിസിനസ് താത്ക്കാലികമായി നിർത്തിവെക്കേണ്ട അവസ്ഥ വന്നുവെന്ന് സജിഷ ഡൂൾ ന്യൂസിനോട് പറഞ്ഞു.

“ക്ലബ്ബുകൾക്കും മറ്റും ആവശ്യമായ ടീ ഷ‍ർട്ട്, ജേഴ്സി തുടങ്ങിയവയായിരുന്നു ഞങ്ങൾ പ്രധാനമായും ചെയ്തു കൊടുക്കാറ്. എന്നാൽ കായികവിനോദങ്ങൾ നിർത്തിവെച്ചതോടെ ബിസിനസും നിന്നു. ഈ ഘട്ടത്തിലേക്കാണ് മാസ്ക് വിപണയിലെ സാധ്യത പരീക്ഷിച്ചു നോക്കാമെന്ന് കരുതിയത്”. സജീഷ പറഞ്ഞു.

ആവശ്യക്കാരുടെ നിർദേശമനുസരിച്ചുള്ള മാസ്കുകൾ ഇപ്പോൾ ഇവർ ചെയ്തു കൊടുക്കുന്നുണ്ട്. കമ്പനികൾക്ക് ആവശ്യമായുള്ള ലോ​ഗോ വെച്ചും, കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളും, യുവാക്കൾക്ക് ഇഷ്ടമുള്ള ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, അവരുടെ ഇഷ്ട ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റ്സ്, ബാർസലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി തുടങ്ങിയവയുടെ ലോ​ഗോയിലും ഇപ്പോൾ മാസ്കുകൾ ചെയ്ത് കൊടുക്കാറുണ്ട്. ആവശ്യക്കാരുടെ ഇഷ്ടം അനുസരിച്ച് അവർക്ക് ആവശ്യമായ തരത്തിലുള്ള മാസ്കുകൾ നിർമ്മിച്ചു നൽകാൻ സാധിക്കുമെന്നും സജിഷ പറഞ്ഞു.

കുട്ടികൾക്കായി അവർക്ക് സൗകര്യപ്രദമായ അളവുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും മാസ്കുകളിൽ ഡിസൈസൻ ചെയ്യാറുണ്ട്. സ്പൈഡർമാൻ, ഹൽക്ക്, ഡോറ, മോട്ടുപത്തൽ തുടങ്ങിയവയ്ക്കൊക്കെയാണ് കുട്ടികളുടെ ഇടയിൽ ഡിമാന്റെന്നാണ് ഇവർ പറയുന്നത്.

കൊവിഡ് പ്രതിസന്ധി ദീർഘകാലം നീണ്ടു നിൽക്കുന്നതാണ്. നമ്മുടെ കൈവശം നേരത്തെ തന്നെ മാസ്കിന് അനുയോജ്യമായ തുണിത്തരങ്ങൾ സ്റ്റോക്കുണ്ടായിരുന്നു. ദീർഘകാലം ഉപയോ​ഗിക്കാതെ വെച്ചാൽ അതെല്ലാം നശിച്ചു പോകുന്ന സാഹചര്യവും ഉണ്ടാവും. അതിലുപരി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ബിസിനസ് ചെയ്തില്ലെങ്കിലും വടാക കൊടുത്തല്ലേ മതിയാകൂ. അപ്പോൾ സ്വാഭാവികമായും പുതിയ മാർ​ഗങ്ങൾ കൂടി തിരയേണ്ടി വരും അതിജീവനമാണല്ലോ എല്ലാത്തിലും പ്രധാനം സജിഷ കൂട്ടിച്ചേർത്തു.

സമാനമായ രീതിയിൽ സ്പോർട്ട്സ് വെയർ ബിസിനസ് പ്രതിസന്ധിയിൽ ആയതോടെ മാസ്ക് വിപണിയിലേക്ക് മാറിയിരിക്കുകയാണ് കണ്ണൂരിലെ അപാരൽസ് എന്ന സ്ഥാപനവും.
‍ഷോപ്പുകൾക്ക് ആവശ്യമായ രീതിയിൽ ലോ​ഗോ ഉൾപ്പെടെ ചെയ്തു കൊടുക്കാറുണ്ടെന്ന് കണ്ണൂർ അപരാൽസിലെ ജീവനക്കാരൻ ഡൂൾ ന്യൂസിനോട് പറഞ്ഞു.
“സ്കൂൾ തുറക്കുന്നതോടെ യൂണിഫോം ഉൾപ്പെടെയുള്ളതിന്റെ സീസൺ നഷ്ടമായി ഇപ്പോൾ ആവശ്യക്കാരുള്ളത് മാസ്കിന് മാത്രമാണ്. ഓർഡറുകൾ ലഭിക്കുന്നത് അനുസരിച്ച് പ്രിന്റഡ് മാസ്കും ചെയ്ത് കൊടുക്കുന്നുണ്ട്. ജേഴ്സിയ്ക്കും ടീഷർട്ടിനും ഇപ്പോൽ ഓർഡർ നന്നേകുറവാണ് “. കണ്ണൂർ അപാരൽസ് ജീവനക്കാരൻ പറയുന്നു.

മാസ്ക് വിപണിയിൽ താത്ക്കാലിക ആശ്വാസം കണ്ടെത്തുമ്പോഴും കായിക മേഖല പഴയപടി ഉണർന്നു പ്രവർത്തിക്കാൻ കാത്തിരിക്കുക തന്നെയാണ് ഇവർ. ആവശേമാകുന്ന കളിക്കളവും, കാണികളും, ​ഗ്രൗണ്ടിലെ ആർപ്പുവിളികളും ആരവുമെല്ലാം എത്രയും പെട്ടെന്ന് തിരികെ വരാൻ സാധിക്കണമെന്ന് തന്നെയാണ് തങ്ങളുടെയും ആ​ഗ്രഹമെന്ന് ഇവർ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more