2011 ലോകകപ്പും 2024 ലോകകപ്പുമില്ല; ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍
Sports News
2011 ലോകകപ്പും 2024 ലോകകപ്പുമില്ല; ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 11:41 am

1947ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പത്ത് കായിക നിമിഷങ്ങള്‍ തെരഞ്ഞെടുത്ത് ഇന്ത്യ ടുഡേ. ഇന്ത്യയുടെ 2011 ലോകകപ്പ് വിജയവും 2013 ചാമ്പ്യന്‍സ് ട്രോഫി വിജയവും 2024 ടി-20 ലോകകപ്പ് വിജയവും ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ല.

നീരജ് ചോപ്രയുടെയും അഭിനവ് ബിന്ദ്രയുടെയും ഒളിമ്പിക് സ്വര്‍ണവും 1983 ലോകകപ്പും ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്വര്‍ണമെഡല്‍ നേട്ടങ്ങളും വിശ്വനാഥന്‍ ആനന്ദിന്റെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുമെല്ലാം ഉള്‍പ്പെടുന്നതാണ് ഇന്ത്യ ടുഡേ തെരഞ്ഞെടുത്ത പട്ടിക.

1947ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌പോര്‍ടിങ് മൊമെന്റുകള്‍

1. ചരിത്രത്തിലേക്ക് പറന്നിറങ്ങിയ നീരജിന്റെ ജാവലിന്‍

2020 ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ അത്‌ലറ്റിക് ഗോള്‍ഡ് മെഡലും രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണമെഡലുമാണിത്. 87.58 മീറ്റര്‍ ദൂരേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണമണിഞ്ഞത്.

2. ലോകം കാല്‍ക്കീഴിലാക്കിയ കപിലിന്റെ ചെകുത്താന്‍മാര്‍

ഹാട്രിക് കിരീടം മോഹിച്ചെത്തിയ ക്ലൈവ് ലോയ്ഡിന്റെ പടയാളികളെ തകര്‍ത്തെറിഞ്ഞാണ് കപിലിന്റെ ചെകുത്താന്‍മാര്‍ കിരീടമണിഞ്ഞത്. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്താന്‍ സഹായിച്ചത് കപിലിന്റെയും സംഘത്തിന്റെയും ഈ ഐതിഹാസിക നേട്ടമായിരുന്നു.

 

3. ഹോക്കിയിലെ സ്വര്‍ണനേട്ടങ്ങള്‍

ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഇതുവരെ 10 സ്വര്‍ണമെഡലുകളാണ് നേടാന്‍ സാധിച്ചത്. ഇതില്‍ എട്ട് തവണയും ഹോക്കിയാണ് ഇന്ത്യയെ പോഡിയത്തിലേറ്റിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് മൂന്ന് തവണ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അഞ്ച് തവണയും. 1948, 1952, 1956, 1964, 1980 ഒളിമ്പിക്‌സുകളിലാണ് ഈ നേട്ടം പിറവിയെടുത്തത്.

4. 2008ല്‍ അഭിനവ് ബിന്ദ്ര വെടിവെച്ചിട്ട സ്വര്‍ണം

2008 ബെയ്ജിങ് ഒളിമ്പിക്‌സ് ഇന്ത്യയുടെ കായിക ചരിത്രത്തില്‍ എന്നും അടയാളുപ്പെടുത്തപ്പെടും. ബെയ്ജിങ്ങില്‍ വെച്ചാണ് ഇന്ത്യക്ക് ആദ്യമായി വ്യക്തിഗത സ്വര്‍ണമെഡല്‍ ലഭിക്കുന്നത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയിലൂടെയാണ് ഈ നേട്ടം പിറവിയെടുത്തത്.

5. വിശ്വനാഥിന്റെ വിശ്വവിജയം

ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ 2000, 2012 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങളെയാണ് അഞ്ചാമതായി സ്‌പോര്‍ട്‌സ് ടുഡേ തെരഞ്ഞെടുത്തിരിക്കുന്നത്. 2000 മുതല്‍ 2012 വരെ അഞ്ച് തവണയാണ് ആനന്ദ് ഈ നേട്ടം സ്വന്തമാക്കിയത്.

2000ല്‍ സ്‌പെയ്‌നിന്റെ അലക്‌സി ഷിറോവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2007ലും 2008ലും റഷ്യയുടെ വ്‌ളാഡമിര്‍ ക്രാംനിക്കിനെ തോല്‍പിച്ച ആനന്ദ് 2010ല്‍ ബള്‍ഗേറിയയുടെ വെസ് ലിന്‍ ടോപലോവിനെയും 2012ല്‍ ഇസ്രഈലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡിനെയും പരാജയപ്പെടുത്തി.

6. വെങ്കലമണിഞ്ഞ പേസിന്റെ റാക്കറ്റ്

1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സിലാണ് ടെന്നീസ് കോര്‍ട്ട് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. ഇന്ത്യന്‍ ഇതിഹാസം ലിയാണ്ടര്‍ പേസാണ് ഈ ഇന്ത്യയെ പോഡിയത്തിലേറ്റിയത്.

സെമി ഫൈനലില്‍ ടെന്നീസ് ലെജന്‍ഡ് ആന്ദ്രേ അഗാസിയോട് പരാജയപ്പെട്ടതോടെയാണ് പേസിനെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയത്. വെങ്കലമെഡല്‍ പോരാട്ടത്തില്‍ ബ്രസീലിന്റെ ഫെര്‍ണാണ്ടോ മെലിഗെനിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഫൈനലില്‍ അഗാസി സ്വര്‍ണമണിഞ്ഞപ്പോള്‍ സ്പാനിഷ് താരം സെര്‍ജി ബ്രൂഗ്വേറയാണ് വെള്ളി നേടിയത്.

7. 2022 തോമസ് കപ്പ് കിരീടനേട്ടം

ടെന്നീസിലെ ഡേവീസ് കപ്പ് പോലെ ബാഡ്മിന്റണായി ഒരു ടൂര്‍ണമെന്റ്, അതായിരുന്നു തോമസ് കപ്പ്. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ (ബി.ഡബ്ല്യു.എഫ്) സ്ഥാപക പ്രസിഡന്റായ സര്‍ ജോര്‍ജ് തോമസിന്റെ പേരിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റാണിത്. ഈ ടൂര്‍ണമെന്റില്‍ കിരീടനേട്ടം കുത്തകയാക്കിയ ഇന്തോനേഷ്യയെ തോല്‍പിച്ചാണ് ഇന്ത്യ 2022ല്‍ കിരീടമണിഞ്ഞത്.

8. കുട്ടിക്രിക്കറ്റില്‍ ലോകം കാല്‍ക്കീഴിലാക്കിയ 2007

ടി-20 ലോകകപ്പിന്റെ ഉദ്ഘാടന ചാമ്പ്യന്‍മാരായ ഇന്ത്യ ചരിത്രം കുറിച്ചത്. അതേ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലെ പരാജയത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ സകല നിരാശയും അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് പുതുജീവന്‍ നല്‍കിയത് ഈ ലോകകപ്പ് വിജയമായിരുന്നു.

സീനിയര്‍ താരങ്ങളെ പുറത്തിരുത്തി യുവ താരങ്ങളെ ഉള്‍പ്പെടുത്തി, ധോണിയെന്ന യുവ നായകന്റെ കീഴിലാണ് ഇന്ത്യ ലോകത്തെ കൈപ്പിടിയിലൊതുക്കിയത്.

9. ഗോദയിലെ സുശീല്‍ തിളക്കം

2008 ബീജിങ് ഒളിമ്പിക്‌സ് ഇന്ത്യക്ക് അഭിമാനിക്കാവുന്ന മറ്റ് രണ്ട് മെഡലുകളും സമ്മാനിച്ചിരുന്നു. ഇടിക്കൂട്ടില്‍ വിജേന്ദര്‍ സിങ്ങും ഗോദയില്‍ സുശീല്‍ കുമാറും. ഇതില്‍ സുശീലിന്റെ നേട്ടത്തെയാണ് സ്‌പോര്‍ട്‌സ് ടുഡേ തെരഞ്ഞെടുത്തിരിക്കുന്നത്.

66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ റെസ്‌ലിങ്ങിലാണ് സൂശീല്‍ വെങ്കലം നേടിയത്. കസാഖിസ്ഥാന്‍ താരം ലിയോനിഡ് സ്പിരിഡോനോവിനെയാണ് താരം പരാജയപ്പെടുത്തിയത്.

10. ട്രാക്കില്‍ മിന്നലായ മില്‍ഖയും ഉഷയും

1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററിലാണ് പറക്കും സിങ് എന്ന മില്‍ഖ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. സെമിയില്‍ രണ്ടാമനായി ഫൈനലില്‍ പ്രവേശിച്ച സിങ്ങിന് അവസാന റൗണ്ടില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 45.73 സെക്കന്‍ഡിലാണ് മില്‍ഖ 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും നാഷണല്‍ റെക്കോഡോടെയാണ് താരം ഓട്ടം അവസാനിപ്പിച്ചത്.

1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് പി.ടി. ഉഷക്ക് സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ മെഡല്‍ നഷ്ടമായത്. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഉഷ പങ്കെടുത്തത്.

 

 

 

Content highlight: Sports Today picks India’s Top 10 sporting moments after India’s Independence