'കായിക താരങ്ങളെ സർക്കാർ അവഗണിച്ചിട്ടില്ല; സ്പോർട്സ് ക്വാട്ട നിയമനത്തിൽ സർവകാല റെക്കോഡ്'
തിരുവനന്തപുരം: കായിക താരങ്ങളെ സർക്കാർ അവഗണിച്ചിട്ടില്ലെന്നും എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകിയിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മറ്റു പല സംസ്ഥാനങ്ങളിലും സ്പോർട്സ് ക്വാട്ട നിയമനം ഇല്ല എന്നിരിക്കെ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 676 താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ നിയമനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മറ്റു സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് അവരുടെ സർക്കാർ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളും നൽകിയപ്പോൾ മലയാളി താരങ്ങൾക്ക് സർക്കാരിൽ നിന്നും ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം മുൻ നായകൻ പി.ആർ. ശ്രീജേഷ് ആരോപിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും സർക്കാർ അവഗണിച്ചെന്നും സർക്കാർ പ്രതിനിധികൾ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീജേഷ് പറഞ്ഞിരുന്നു.
അതേസമയം, ശ്രീജേഷിന് ഒളിമ്പിക്സ് മെഡൽ നേടിയ വേളയിൽ രണ്ടുകോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കായിക മേഖലയിൽ എല്ലാ ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ചെയ്ത സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തിലും സംസ്ഥാനം പുറകോട്ട് പോകുന്ന അവസ്ഥ ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ കായിക താരങ്ങൾക്ക് വിവിധ തരത്തിലുള്ള സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ അതിനെതിരെ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ മലയാളി താരങ്ങൾ അടക്കമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. കേരളത്തിൽ നിന്നുള്ള ഒമ്പത് താരങ്ങൾ നേടിയ മെഡലുകൾ വളരെ വിലപ്പെട്ടതാണ്. തിരുവനന്തപുരത്തുള്ള എൽ.എൻ.സി.പിയിലാണ് ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്സ് ടീം പരിശീലനം നടത്തിയത്. ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും പരിശീലകർക്കും സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതമാണ് നൽകിയത്.
ഏഷ്യൻ ഗെയിംസിൽ ഹോക്കിയിൽ സ്വർണം നേടിയ ടീമിലെ മലയാളി താരം പി.ആർ. ശ്രീജേഷിന് ഒളിമ്പിക്സ് മെഡൽ നേടിയ വേളയിൽ രണ്ടുകോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി.
കായിക വകുപ്പിന് കീഴിലെ ജി.വി രാജാ സ്പോർട്സ് സ്കൂളിലൂടെയാണ് ശ്രീജേഷ് ഹോക്കിയിൽ മികച്ച ഗോൾകീപ്പറായി മാറിയത്. കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃത്യമായ പാരിതോഷികമാണ് നൽകിവരുന്നത്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നീ ക്രമത്തിലാണ് പാരിതോഷികം നൽകിയിരുന്നത്.
ഇത്തരത്തിൽ പാരിതോഷികം നൽകുക മാത്രമല്ല, കായിക താരങ്ങൾക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ദേശീയ ഗെയിംസിന്റെ പരിശീലന ആവശ്യങ്ങൾക്ക് സ്പോർട്സ് കൗൺസിൽ അഞ്ചുകോടി രൂപ അനുവദിച്ചു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിൽ പോവുന്ന ടീമിന് നാല് കോടി 27 ലക്ഷം രൂപ അനുവദിച്ചു.
കായികതാരങ്ങൾക്ക് ജോലി നൽകുന്നതിൽ സർവകാല റെക്കോർഡ് ആണ് ഈ സർക്കാരിന്റേത് കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 676 കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകി.
യു.ഡി.എഫ് കാലത്ത് 110 പേർക്കാണ് നിയമനം നടത്തിയത് എന്ന് ഓർക്കണം. മറ്റ് പല സംസ്ഥാനങ്ങളിലും സ്പോർട്സ് ക്വാട്ടയിൽ നിയമനമില്ല.
കായികതാരങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. തുടർന്നും അതുണ്ടാവുകയും ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Sports stars not neglected by the government; All time record in sports quota appointment