[]ന്യൂദല്‍ഹി: വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് കേന്ദ്ര കായിക സെക്രട്ടറിയുടെ ശുപാര്‍ശ. കേന്ദ്ര കായിക സെക്രട്ടറി പി.കെ ദേവാണ് ശുപാര്‍ശ നല്‍കിയത്. []
ശുപാര്‍ശ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറി.
ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതില്‍ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധം അറിയിച്ചു കൊണ്ടു പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സായി ഡയറക്ടറും കേരള സര്‍ക്കാരും വിവിധ പാര്‍ട്ടി നേതാക്കളും നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് നടപടി.
ഇതോടെ ഒമ്പതു വട്ടം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും കൈവിട്ടു പോയ അര്‍ജുന അവാര്‍ഡ് ടോമിന് ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
അര്‍ജുന പുരസ്‌ക്കാരം ഇനി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ടോം ജോസഫ് ഇന്നലെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒമ്പതു തവണയും അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാന പട്ടികയില്‍ നിന്ന് തഴയുകയാണ് ചെയ്തത്.
ഇനി കിട്ടുമെന്നു പ്രതീക്ഷയില്ലെന്നും എന്നാല്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദേശീയ വോളിബോളില്‍ കേരളത്തെ പല തവണ കിരീടമണിയിച്ച വ്യക്തി കൂടിയാണ് ടോം ജോസഫ്.